Thursday, December 26, 2024

Top 5 This Week

Related Posts

ബലൂണുകളിൽ വർണ്ണ വിസ്മയമൊരുക്കി റൈഹാൻ

ബലൂണുകളിൽ വർണ്ണവിസ്മയമൊരുക്കി വിവിധ രൂപങ്ങൾ പിറന്നപ്പോൾ പായിപ്ര ഗവൺമെന്റ് പായിപ്ര യു പി സ്കൂളിലെ കൊച്ചു കൂട്ടുകാർക്ക് വിസ്മയവും ആഹ്ലാദവും . അവർ ബലൂൺ രൂപങ്ങൾ ഉപയോഗിച്ച് കഥ പറഞ്ഞും പാട്ടുപാടിയും അവധിക്കാലം ആവേശമാക്കിയപ്പോൾ പൊതു വിദ്യാഭ്യാസ രംഗത്തെ സാർത്ഥകമായ ഒരു ഇടപെടലിന് വിദ്യാലയം സാക്ഷിയായി.

അവധിക്കാലം ആഹ്ലാദഭരിതമാക്കാൻ പായിപ്ര യു.പി സ്കൂളിൽ ആരംഭിച്ച കളിയൂഞ്ഞാൽ എന്ന അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് ബലൂൺ ആർട്ടിൽ തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം കുട്ടികൾക്ക് പരിശീലനം നൽകിയത്. മോഡലിങ്ങ് ബലൂൺ ഉപയോഗിച്ചു വിവിധ രൂപങ്ങളും റൗണ്ട് ബലൂണിൽ പക്ഷികളും മൃഗങ്ങളും ചെടിയും പൂവും കുട്ടികൾ നിർമ്മിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയതിന് ശേഷം വിവിധ രൂപങ്ങൾ ബലൂണിൽ തീർത്ത് ബലൂൺ എക്സ്പോ നടത്തുമെന്ന് ക്യാമ്പ് കോർഡിനേറ്ററും പായിപ്ര സ്കൂൾ അധ്യാപകനുമായ നൗഫൽ കെ എം പറഞ്ഞു.

കോവിഡ് ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ വഴി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഉടമയായ ഷിജിന പ്രീതിന്റെ നേതൃത്വത്തിൽ നടത്തിയ ബലൂൺ ആർട്ട് കോഴ്സിൽ ചേർന്നാണ് റൈഹാൻ പഠിച്ചത്. മൊബൈൽ ഫോണിൽ സദാ സമയവും ചെലവഴിച്ചിരുന്ന മകനെ കുറച്ച് സമയമെങ്കിലും അതിൽ നിന്നും മാറ്റുവാൻ വേണ്ടിയാണ് ഇത്തരമൊരു കോഴ്സിന് ചേർത്തെതെന്ന് പിതാവും ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്. എസ് സ്കൂൾ അധ്യാപകനുമായ സമീർ സിദ്ദീഖി പറഞ്ഞു. ദി കേക്ക് ഗേൾ എന്ന ഹോം ബേക്കിംഗ് സ്ഥാപന ഉടമ കൂടിയായ തസ്നിം സമീറും റൈഹാന് പ്രചോദനമായി എല്ലായിപ്പോഴും  ഒപ്പമുണ്ട്. ഈസ്റ്റ് മാറാടി ഹോളി ഫാമിലി സ്കൂളിലെ നാലാ ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ സമീർ. സ്വന്തമായി റൈഹാൻ ടെക്ക് ആൻഡ് വ്ളോഗ്സ് എന്നേ പേരിൽ ഒരു യൂ ട്യൂബ് ചാനലുമുണ്ട്.

ജന്മദിനം, വിവാഹം, വിവാഹ വാർഷികം തുടങ്ങിയ വിവിധ ആഘോഷ ദിവസങ്ങളിൽ ബലൂൺ കൊണ്ട് വിവിധ രൂപങ്ങൾ തയ്യാറാക്കി അലങ്കരിക്കാൻ പോകാറുണ്ട്. ഇതിലൂടെ ചെറിയൊരു വരുമാനവും ലഭിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കന്.  ഈ അവധിക്കാലത്ത് നിരവധി സ്കൂളുകളിലും  അങ്കണവാടികളിലും ബി.ആർ സി കളിലും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ആയും ഓഫ് ലൈനായും ക്ലാസുകൾ എടുത്ത് വരുകയാണ്. ബലൂണുകൾ വെറുതെ ഊതി വീർപ്പിച്ച് പൊട്ടിച്ചു കളയാനുള്ളതല്ലന്നും ബലൂൺ ആർട്ടിലൂടെ വർണ വിസ്മയമൊരുക്കി ആർക്കും വരുമാനം നേടാമെന്ന് പത്തു വയസുകാരൻ റൈഹാൻ സമീർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles