പൂർണ ഗർഭിണിയായ ഭാര്യയും ഭർത്താവും കാറിനു തീപിടിച്ച് മരിച്ചത് ആശുപത്രിയിലെത്താൻ 300 മീറ്റർ മാത്രം ദൂരെ എത്തുമ്പോഴാണ്. കണ്ണൂർ ജില്ലാ ആശുപത്രിക്കുസമീപം വ്യാഴാഴ്ച രാവിലെ 10. 30 ഓടെ സംഭവിച്ച ദുരന്തത്തിൽ കുറ്റിയാട്ടൂർ ഉരുവച്ചാൽ സ്വദേശി താമരവളപ്പിൽ പ്രജിത് (35), ഭാര്യ കെ.കെ.റീഷ (25) എന്നിവരുടെ മരണം നാടിനെ ഒന്നാകെ കണ്ണീരണിയിക്കുന്നതായി. കാറിന്റെ പിന്നിലിരുന്ന മകൾ ശ്രീപാർവതിയെയും ഭാര്യയുടെ മാതാപിതാക്കളായ വിശ്വനാഥൻ, ശോഭന, ഇളയമ്മ സജിന എന്നിവരെ രക്ഷപ്പെടുത്താൻ പിന്നിലുള്ള ഡോർ തുറക്കാൻ സഹായിച്ചശേഷമാണ് പ്രജീഷ്
രക്ഷപ്പെടാനാവാതെ ഭാര്യയോടൊപ്പം മരണത്തിനു കീഴടങ്ങിയത്. തീ ഉയർന്നതോടെ ഡോറിന്റെ ഓട്ടോമാറ്റിക് ലോക്ക് തുറക്കാനാവാതെപോയതാണ് രക്ഷപ്പെടാനുള്ള തടസ്സമായത്. സീറ്റ് ബൽറ്റ് അഴിക്കാൻ സാധിച്ചില്ലെന്നു പറയുന്നു.
ഇതോടകം ദുരന്ത സമയത്ത് ഓടിയെത്തിയ നാട്ടുകാരുടെകൂടി സഹായത്തോടെ പ്രജിത് – റീഷ ദമ്പതികളുടെ മകളും, റീഷയുടെ മാതാപിതാക്കളും, നാട്ടുകാരുടെകൂടി സഹായത്തോടെ പുറത്തിറങ്ങിയിരുന്നു. ആളിപ്പടർന്ന തീയിൽ കാറികത്ത് കുടുങ്ങിപ്പോയവരെ രക്ഷിക്കാനാവാതെ നിസ്സഹായരായി നില്ക്കാനെ എല്ലാവർക്കും കഴിഞ്ഞുള്ളു. പലരും ഇടയ്ക്ക് കാറിനടുത്തേക്ക് നീങ്ങിയെങ്കിലും ചൂടിനും പുകയ്ക്കും മുന്നിൽ പിന്തിരിയുകല്ലാതെ മാർഗ്ഗമില്ലാരുന്നു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു ഡോർ പൊളിച്ച് ഇരുവരെയും പുറത്തെടുത്തപ്പോഴേക്കും സീറ്റിൽ ഇരുന്നുതന്നെ മരണം സംഭവിച്ചിരുന്നു. ഡോർ തുറക്കാനാവില്ലെന്നുള്ള നേരിയ വിലാപം ഒടുവിൽ തീയിൽ അലിഞ്ഞു.
ഉറ്റവരുടെ ജീവനുവേണ്ടി കരഞ്ഞ മാതാപിതാക്കളും മകളും ഈ സമയം ദുഖം താങ്ങാനാവാതെ തളർന്നുപോയി. ഇവരെ പിന്നീട് നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂർണ ഗർഭിണിയായ റീഷയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്യുന്നതിനാണ് കുടുംബം ജില്ലാ ആശുപത്രിയിലേക്കു കാറിൽ പോയത്്. റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയപ്പോളാണ് ആശുപത്രിയിലേക്കു പുറപ്പെട്ടതെന്നാണ് വിവരം. ആശുപത്രിയിൽ എത്താൻ 300 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. കാറിന്റെ പിന്നാലെയെത്തിയ യാത്രക്കാരും മറ്റും പുകകണ്ട് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയിരുന്നു. കുറച്ചുദൂരെവച്ച് കാറിൽനിന്നു പുക ഉയരുന്നിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.