അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പോളണ്ടിനെ തോല്പിച്ച് ഫ്രാൻസ് ക്വാർട്ടറിൽ. ആദ്യ പകുതിയിൽ ഒലിവർ ജിറൂദ് (44ാം മിനിറ്റ്) നേടിയ ഗോളും, രണ്ടാം പകുതിയിൽ കിലിയൻ എംബപെ നേടിയ ഇരട്ടഗോളുമാണ് (74, 90+1 മിനിറ്റുകൾ) ഫ്രാൻസിന് വിജയം സമ്മാനിച്ചത്. അക്ഷരാർഥത്തിൽ എംബപെ ഫുട്‌ബോൾ കളത്തിലെ രാജാവായി മാറുന്ന കാഴ്ചക്കാണ് തുമാമ സ്‌റ്റേഡിയെ സാക്ഷ്യം വഹിച്ചത്.
ആദ്യപകുതി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കുമ്പോഴാണ് ഒലിവർ ജിറോദ് എംബാപെയുടെ അസിസ്റ്റിലൂടെ ഗോൾ വല കുലുക്കിയത്. ജിറോദിന്റെ ഇടംകാൽ ഷോട്ട് പോളണ്ടിന്റെ കീപ്പർ ഷെസനിയേയും കടന്നുപോയതോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും ജിറോദ് മാറി..
പൊരുതിനിന്ന പോളണ്ടിന്റെ ആശ്വാസഗോൾ അവസാന നിമിഷങ്ങളിലെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ പെനൽറ്റിയിൽനിന്ന് റോബർട്ട് ലെവൻഡോവിസ്‌കി നേടി. ഫ്രാൻസിനെ വിറപ്പിക്കുന്ന പ്രകടനമാണ് ലെവൻഡോവിസ്‌കിയുടെ പോളണ്ട് അൽ തുമാമ സ്റ്റേഡിയത്തിൽ നടത്തിയത്. ആദ്യപകുതിയിൽ കടന്നാക്രമണത്തിലും പ്രതിരോധത്തിലും ഫ്രാൻസും പോളണ്ടും ഒപ്പത്തിനൊപ്പം ആയിരുന്നു. പക്ഷേ, ഫ്രാൻസിന്റെ പൊതു മികവും എംബപെ മാജിക്കും എല്ലാം ചേർന്നു പോളണ്ടിനു പുറത്തേക്കു വഴിയൊരുക്കുകയായിരുന്നു.