50 സെന്റ് ടൂറിസം വകുപ്പിനു ഉപയോഗാനുമതി നല്കിയ ഉത്തരവ് നിയമ വിരുദ്ധമായ അപേക്ഷയിൽ.
ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പൂർണമായും അട്ടിമറിക്കപ്പെട്ടു
ഗ്രാമ പഞ്ചായത്തിനു പങ്കാളിത്തം നഷ്ടപ്പെടുന്നത് നാട്ടുകാർക്ക് ദുരിതമാകും.
ഭാഗം – 4
പോയാലി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നാം ഭാഗത്ത് ചൂണ്ടികാണിച്ചതുപോലെ ഒരു പഞ്ചായത്ത് – ഒരു ലക്ഷ്യസ്ഥാനം” പദ്ധതി അഥവാ ഡെസ്്റ്റിനേഷൻ ചലഞ്ച് ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനവും സംയുക്തമായി മാത്രം നടപ്പിലാക്കുന്നതാണ്. പ്രദേശികമായി ടൂറിസം സ്‌പോട്ടുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ടും മാർഗ്ഗനിർദേശവും ടൂറിസം വകുപ്പ് നൽകും. വരുമാനം പൂർണമായും പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തിനു് ലഭ്യമാകും. വിനോദ സഞ്ചാര വികസനത്തോടൊപ്പം വരുമാനവും തൊഴിൽ സാഹചര്യവും ഉണ്ടാകും. ഡെസ്റ്റിനേഷൻ ചലഞ്ചിന് അപേക്ഷിക്കേണ്ടത് ബന്ധപ്പെട്ട ഗ്രാമ പഞ്ചാത്താണ്. നിർദിഷ്ട ഭൂമി പഞ്ചായത്ത് അധീനതയിലും കൈവശത്തിലുമായിരിക്കണം. മറ്റു വകുപ്പിന്റെ കൈവശമാണെങ്കിൽ എൻ. ഒ. സി നിർബന്ധമാണ്. എസ്റ്റിമേറ്റും വിശദമായ പ്രോജക്ടും പഞ്ചായത്ത് സമർപ്പിക്കണം. ഇതോടൊപ്പം ചെലവിന്റെ 40 ശതമാനം പഞ്ചായത്ത് വകയിരുത്തണം. പരമാവധി 50 ലക്ഷം (പദ്ധതി ചെലവിന്റെ 60 ശതമാനം) ടൂറിസം വകുപ്പ് അനുവദിക്കും.
കേരള സർക്കാരിന്റെ ഔദ്യോഗിക ടൂറിസം നയമായി ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങൾക്കു നന്നായി ജീവിക്കാൻ കഴിയുന്ന തരത്തിൽ നിലനിർത്തിക്കൊണ്ടുതന്നെ, സഞ്ചാരികൾക്ക് എത്താനും, താമസിക്കാനും,ആസ്വദിക്കാനും കഴിയുന്ന കേന്ദ്രമാക്കി മാറ്റുക, ടൂറിസം വരുമാനത്തിന്റെ നല്ലൊരു പങ്ക് പ്രദേശവാസികൾക്കു ലഭ്യമാക്കുക, പ്രദേശത്തിന്റെ കലാ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുക, പ്രാദേശിക സമൂഹത്തിന്റെ ജീവിതരീതികൾക്കു മേൽ ആഘാതമേൽപ്പിക്കാതെ ടൂറിസം വ്യവസായം മുന്നോട്ടുകൊണ്ടുപോകുക,പരിസ്ഥിതി ആഘാതങ്ങൾ പരമാവധി ലഘൂകരിക്കുക എന്നിവയാണ് ഡെസ്റ്റിനേഷൻ ചലഞ്ചിലും ലക്ഷ്യമിടുന്നത്.
‘ഒരു പഞ്ചായത്ത് – ഒരു ലക്ഷ്യസ്ഥാനം’ പദ്ധതി അട്ടിമറിക്കപ്പെട്ടു
പോയാലി ടൂറിസം പദ്ധതി ഡെസ്റ്റിനേഷൻ ചലഞ്ചിൽപ്പെടുത്തുന്നതിനു ഭൂമി അളന്നുതിട്ടപ്പെടുത്തി ഇതുവരെ പഞ്ചായത്തിനു അവകാശം ലഭ്യമായിട്ടില്ല. അളന്നുതിട്ടപ്പെടുത്തൽ പുരോഗമിക്കവെയാണ് 50 സെന്റ് ടൂറിസം വകുപ്പിനു ഉപയോഗാനുമതി നല്കി ജില്ലാ കളക്ടറുടെ വിവാദമായ ഉത്തരവ് ഇറങ്ങിയത്. ടൂറിസം വകുപ്പിനു ഉപയോഗാനുമതി നല്കിയ ഈ 50 സെന്റിൽപോലും ഗ്രാമ പഞ്ചായത്തിനു ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ നിയമപരമായി അപേക്ഷിക്കാനാവില്ല.
റവന്യൂവകുപ്പിൽനിന്നു ഭൂമി വിട്ടുകിട്ടാനുളള പഞ്ചായത്ത് ഭരണസമിതിയുടെ ഏകകണ്ഠമായ അപേക്ഷ റവന്യൂവകുപ്പിൽ രണ്ടുവർഷം സമർപ്പിച്ചിരിക്കെ വിനോദ സഞ്ചാര വകുപ്പിനു 50 സെന്റ് ഉപയോഗാനുമതി ഉത്തരവ് പ്രത്യക്ഷത്തിൽ അട്ടിമറിയാണ്. പോയാലിമല റവന്യൂഭൂമിയിൽ വിനോദ സഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിന് 50 സെന്റ് സ്ഥലത്തിനു നിരാക്ഷേപ പത്രം നല്കണമെന്ന സ്വകാര്യ വ്യക്തിയുടെ അപേക്ഷയിലാണ് ഭൂമി കൈമാറ്റം. ഇത്തരത്തിൽ ഒരു അപേക്ഷ റവന്യൂ വകുപ്പും ടൂറിസം വകുപ്പും പ്രഥമ ദൃഷ്ട്യാ തള്ളിക്കളയേണ്ടതായിരുന്നു. കാരണം പഞ്ചായത്ത് നടപ്പിലാക്കേണ്ട ഒരു പദ്ധതിക്ക് ഒരു തരത്തിലും അപേക്ഷ സമർപ്പിക്കുന്നതിനു സ്വകാര്യ വ്യക്തിക്ക് അധികാരമില്ലാത്തതാണ്. അനുവദിച്ച ഉത്തരവാകട്ടെ പഞ്ചായത്തിനു ഡെസ്റ്റിനേഷൻ പദ്ധതിക്കു അവകാശം നിഷേധിക്കും വിധം ഭൂമിയുടെ ഉപയോഗാനുമതി നിബന്ധനകളോടെ ടൂറിസം വകുപ്പിനു നലകുകയാണ് ചെയ്തത്. നിയമ വിരുദ്ധമായ അപേക്ഷയിലാണ് റവന്യൂ- ടൂറിസം ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്. ഡെസ്റ്റിനേഷൻ പദ്ധതി പൂർണമായും പൊളിച്ചിട്ട് ഭൂമി ഡെസ്റ്റിനേഷൻ ചലഞ്ചിനു നേടിയെടുത്തുവെന്ന് പറയുന്നതിന്റെ ന്യായം ബന്ധപ്പെട്ടവർ വിശദീകരിക്കേണ്ടതാണ്. അളന്നു തിട്ടപ്പെടുത്തുന്ന ഭൂമിയിൽ സർവേക്കല്ല് സ്ഥാപിക്കുന്നതിനു 10 ലക്ഷം പദ്ധതി വിഹിതം വകയിരുത്തിയിരിക്കുന്ന ഗ്രാമ പഞ്ചായത്തിനു പിന്നിൽനിന്നു കുത്തേറ്റതുപോലെയാണ് സ്ഥിതി.
50 സെന്റ് പദ്ധതിയെ പിന്നോട്ടടിപ്പിക്കുന്നത്
50 സെന്റ് അളന്നു തിരിച്ച് പദ്ധതി നടപ്പിലാക്കുന്ന അതേ കാലയളവിൽ ഭൂമി പൂർണമായും ബന്ധപ്പെട്ട വകുപ്പിനു കൈമാറാവുന്നതിനു തടസ്സമുണ്ടായിരുന്നില്ല. ഭൂമിയുടെ ഉടസ്ഥാവകാശമുള്ള റവന്യൂവകുപ്പിന് ടൂറിസം പ്രോജക്ടിനുവേണ്ടി തദ്ദേശ സ്വയം ഭരണവകുപ്പിനു ഭൂമി കൈമാറുന്നതിനു സർക്കാർ കാബിനറ്റ് തീരുമാനം വേണമെന്നുമാത്രം. സ്വകാര്യ ട്രസ്റ്റുകൾക്കും മറ്റും പാട്ടത്തിനും അല്ലാതെയും ഭൂമി കൈമാറുന്ന സർക്കാരിനു ഇത്തരം ഒരു നയപരമായ തീരുമാനത്തിനു നിയമ തടസ്സങ്ങൾ ഇല്ല. ഗ്രാമ പഞ്ചായത്തിന്റെ റവന്യൂവകുപ്പിലും തദ്ദേശ സ്വയംഭരണ വകുപ്പിലും നേരത്തെ സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ചു തീരുമാനം എടുക്കാവുന്നതാണ്. ഇതിനായി മന്ത്രിമാരുടെ ഓഫീസുകളിൽ രാഷ്ട്രീയ ഇടപെടൽ നടത്തുന്നതിനു പകരം കളക്ടറുടെ പരിമിതമായ അധികാരം ഉപയോഗിച്ച് ധൃതിയിൽ 50 സെന്റ് പാസ്സാക്കിക്കൊണ്ടുവന്ന് വിഴുപ്പലക്കുന്നതാണ് കാണുന്നത്. അളന്നുതിരിക്കാതെ തന്നെ ഏക്കറുകണക്കിനുഭൂമി തരിശായി കിടക്കുന്നിടത്താണ് വൈരുദ്ധ്യം. അതും റവന്യൂവകുപ്പ് ഉടമസ്ഥാവകാശം കൈവിടാതെ ഡെമോക്ലീസിന്റെ വാൾപോലെ ഭീഷണി നിലനിർത്തിയാണ് അനുമതി.
ഇവിടെ ടൂറിസം വകുപ്പിനു നേരിട്ട് പദ്ധതി നടപ്പിലാക്കാൻ ( ഡെസ്റ്റിനേഷൻ ചലഞ്ച് അല്ല) സാധിക്കും. ഗ്രാമ പഞ്ചായത്ത് ശാശ്വതമായി പുറത്തുപോകും. ഇതോടെ സംയുക്ത പ്രോജക്ട് നടപ്പിലാക്കാനുള്ള സുവർണാവസരമാണ് പഞ്ചായത്തിനു നഷ്ടപ്പെടുന്നത്. ടൂറിസം വകുപ്പിനു മാത്രം അധികാരമുള്ള ഒരു പദ്ധതി വരുന്നതാണോ, പഞ്ചായത്തിനു പൂർണ അധികാരവും ഭാവിയിൽ വരുമാനവും നേട്ടമാകുന്ന സംയുക്ത പ്രോജക്ടാണോ വേണ്ടതെന്നു ആലോചിക്കണം. ഇന്ന് സംസ്ഥാനം ഭരിക്കുന്നത് ഇടതുമുന്നണിയും ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിയുമാണ്. നാളെ നേരെ തിരിച്ചും സംഭവിക്കാം. രാഷ്ട്രീയ കാരണങ്ങളാൽ പഞ്ചായത്തിനു പദ്ധതി നഷ്ടപ്പെടുന്നത് പ്രദേശികമായ തിരിച്ചടിയാണ്. പദ്ധതി പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാഥാർഥ്യമായാൽ നേട്ടങ്ങൾ ഏറെയുണ്ടാവും. പദ്ധതി നടപ്പിലാകുമ്പോൾ സംഭവിക്കാവുന്ന പരാതികളും മറ്റും പ്രദേശികമായി ചർച്ച ചെയ്ത് പരിഹരിക്കാനാവും. ജീവനക്കാരുടെ നിയമനം, പ്രവേശന നിരക്ക് തീരുമാനിക്കൽ, എന്നിങ്ങനെ പഞ്ചായത്ത് കമ്മിറ്റിക്ക് തീരുമാനിക്കാം. ഓരോ കാര്യത്തിനും തിരുവനന്തപുരത്തും,എറണാകുളത്തും അധികാര കേന്ദ്രങ്ങളെ സമീപിക്കേണ്ടിവരുന്നത് എളുപ്പമാവില്ല.
സംയുക്തമായി പോയാലി ടൂറിസം പ്രോജക്ട് നടപ്പിലാക്കാനുളള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. പേഴയ്ക്കാപ്പിളള സ്വദേശിയാ പി.ബി. നൂഹ് ഐ.എ.എസാണ് സംസ്ഥാന ടൂറിസം ഡയരക്ടർ. നാടിന്റെ വികസനത്തിനു പര്യാപ്തമായ ഒരു പ്രോജക്ട് കൂട്ടായി സമർപ്പിച്ചാൽ മന്ത്രി സഭയുടെ തീരുമാനംപോലും ഇല്ലാതെ പാസ്സാക്കുന്നതിനു അധികാരമുള്ള തസ്തികയാണ് ടൂറിസം ഡയറക്ടറുടേത്. അദ്ദേഹത്തിന്റെ മാർഗ്ഗ നിർദേശവും ഉപദേശവും സ്വീകരിച്ചാൽ അതിവേഗം പോയാലി പ്രോജ്ക്ട് വിജയിത്തിലെത്തിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.
ഗാമ പഞ്ചായത്ത് ഫണ്ട്, ജില്ലാ പഞ്ചായത്ത്, എം.എൽ.എം .എം.പി എന്നിവരടെയെല്ലാം ഫണ്ട് പ്രോജക്ടിനായി സ്വീകരിക്കാനാവും. വളരെ പെട്ടെന്ന് കോടികളുടെ പദ്ധതി ആവിഷ്‌കരിക്കാനുളള അവസരമുണ്ട്. വേണമെങ്കിൽ സന്നദ്ധ സംഘടനകളുടെ സംഭാവനവരെ സ്വീകരിക്കാം. ടൂറിസം വകുപ്പ് പങ്കാളിയാവുന്നതോടെ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനും എൽഡിഎഫിനും നേട്ടം അവകാശപ്പെടാവുന്നതാണ്. ഇരു മുന്നണികളിലെയും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് അവരുടെ പദ്ധതിയായി എക്കലവും കൊണ്ടുനടക്കാൻ സാധിക്കും. നടത്തിപ്പിനു ഇപ്പോഴത്തെ ആക്ഷൻ കൗൺസിൽ മാതൃകയിൽ സമിതി രൂപീകരിക്കാനും സാധിക്കും.
ടൂറിസം വകുപ്പ് നേരിട്ടു നടപ്പിലാക്കുന്നതിനേക്കാൾ ഭംഗിയായി ഗ്രാമ പഞ്ചായത്ത് താല്പര്യമെടുത്താൽ പ്രോജക്ട് നടപ്പിലാക്കാനാവും. പോയാലി മലയേക്കാൾ സാധ്യതയും പ്രക്യതി ഭംഗിയുമുളള കേരളത്തിലെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ടൂറിസം വകുപ്പന്റെ കീഴിൽ ശോച്യാവസ്ഥയിലാണ് കിടക്കുന്നത്. പുതിയതായി ഒരു സംരംഭം നേരിട്ട് ഏറ്റെടുത്താൽ എത്രമാത്രം പുരോഗതി ഉണ്ടാവുമെന്ന് പറയാനാവില്ല. നാനാവശങ്ങൾ വിലയിരുത്തിമാത്രമേ ടൂറിസം വകുപ്പ് ഒരു പ്രോജക്ട് ഏറ്റെടുക്കുകയുള്ളു. പക്ഷേ, ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽമതിയെന്നാണെങ്കിൽ എല്ലാം തകിടം മറിയുകയായിരിക്കും ഫലം.