Wednesday, December 25, 2024

Top 5 This Week

Related Posts

പി.സി. ജോർജിന്റെ ജാമ്യം ഉയർത്തുന്ന ചോദ്യം

മൂന്നുനാളായി കേരളം ചർച്ച ചെയ്യുന്നതാണ് പി.സി. ജോർജിന്റെ വർ​ഗീയ പ്രസം​ഗം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതേവരെ ഇത്രയും വിഷലിപ്തമായ മതവിദ്വേഷ പ്രസം​ഗം ഒരു രാഷ്ട്രീയ നേതാവും പൊതു പ്രവർത്തകനും മതപുരോഹിതരും നടത്തിയിട്ടില്ല. അക്ഷരാർഥത്തിൽ സംഭവം കേരളത്തെ നടുക്കി. സമൂഹത്തിന്റെ എല്ലാ കോണുകളിൽനിന്നും സംഘ് പരിവാർ ഒഴികെയുളളവർ പി.സി. ജോർജിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തിറങ്ങി. സംസ്ഥാനത്തെ രാഷ്ട്രീയ യുവജന സംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. സാമൂഹ്യമാധ്യമങ്ങളിൽ നൂറുകണക്കിനുപേര‍് ഈ മനുഷ്യനെ അറസ്റ്റ് ചെയ്തു തുറുങ്കലിൽ അടക്കമെന്ന് ആവശ്യപ്പെട്ട് ശബ്ദം ഉയർത്തി.

നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് സർക്കാരിനു കണ്ണടക്കാൻസാധിക്കാത്ത പ്രതികരണമാണ് പ്രത്യേകിച്ച് ശനിയാഴ്ച ഉണ്ടായത്. കേസെടുക്കുന്നതിന് 20 ലേറെ പരാതികൾ പോലീസിലെത്തി. ഇതോടെയാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരം ഫോർട്ട് പോലീസ് 153 എ 295 എയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ‍ഞായറാഴ്ച പുലർച്ചെ എസിപിയുടെ നേതൃത്വലുള്ള പോലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്നു പി.സി.ജോർജിനെ തിരുവനന്തപുരത്തേക്കു കൂട്ടികൊണ്ടുപോയി എൽആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് ചെയ്തു. ശാന്തിയും സമാധാനവും ആ​ഗ്രഹിക്കുന്ന കേരളം പൊതുവെ ഈ അറസ്റ്റിനെ ​സ്വാ​ഗതം ചെയ്തു. മതധ്രൂവീകരണത്തിന്റെ ​ഗുണഭോക്താക്കളായ ബിജെപിയും സംഘ് പരിവാറും മാത്രമാണ് പി.സി.ജോർജിനു പിന്തുണയുമായി കോലാഹലം സൃഷ്ടിച്ചത്.

യൂസഫലിയുടെ മാള്… ആ മലപ്പുറത്തെന്താ മാളുണ്ടാക്കാത്തേ. കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ. ഞാൻ ചോദിച്ചു നേരിട്ട്.. പത്രത്തിലുണ്ടായിരുന്നു അത്. എന്താ കാര്യം. മുസ്‍ലിംകളുടെ കാശ് അങ്ങേർക്കു വേണ്ട. നിങ്ങടെ കാശ് മാതി. നിങ്ങള് പെണ്ണുങ്ങളെല്ലാം കൂടെ പിള്ളേരുമായിട്ട് ചാടിച്ചാടി കേറുവല്ലേ മാളിനകത്തോട്ട്. നിങ്ങടെ കാശ് മുഴുവൻ മേടിച്ചെടുക്കുകയല്ലേ അയാള്. ഒരു കാരണവശാലും ഒരു രൂപ പോലും ഇതുപോലുള്ള സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഇതൊക്കെ ആലോചിച്ച് ഓർത്തു പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ദുഃഖിക്കേണ്ടി വരും. പറഞ്ഞേക്കാം. യാതൊരു സംശയവും വേണ്ട.’-

‘ഇവരുടെ ഹോട്ടലുകളിലൊക്കെ, ഞാൻ കേട്ടതു ശരിയാണെങ്കിൽ പലതുമുണ്ടായിട്ടുണ്ട്. ഒരു ഫില്ലർ വച്ചിരിക്കുകയാ… ചായയ്ക്കുള്ളിൽ ഒരു തുള്ളി, ഒറ്റത്തുള്ളി ഒഴിച്ചാൽ മതി. ഇംപൊട്ടന്‍റ് ആയിപ്പോകും. പിന്നെ പിള്ളേരുണ്ടാകില്ല.’ – ക്ഷേത്രം വിശ്വാസികൾക്ക് വിട്ടുകിട്ടുന്നതിനു സമരം പോരാ യുദ്ധം തന്നെ നടത്തണം, എന്നിങ്ങനെെ അറപ്പും വെറുപ്പും ഉളവാക്കുന്ന പ്രസം​ഗമായിരുന്നു. എത്ര നിഷേധിച്ചാലും അങ്ങനെയല്ല ഉദ്ദശിച്ചതെന്നു മലക്കം മറിഞ്ഞാലും നിഷേധിക്കാനാവാത്ത തെളിവുകളോടെ സത്യം അവശേഷിക്കും. എം.എ. യൂസഫലിയെ കെട്ടിപ്പിടിച്ചാലും കുറ്റമുക്തനാക്കിയാലും പി.സി. ജോർജ് കേരളത്തിലെ മതേതരത്വത്തിിന്റെ ചങ്കിലേക്കുവച്ച വെടിയുടെ പാട് മായില്ല

പി.സി.ജോർജ് നടത്തിയ വിദ്വേഷ പ്രസം​ഗത്തിന്റെ ആയിരത്തിലൊന്ന് അംശംപോലും കാഠിന്യമില്ലാത്ത പ്രസം​ഗത്തിന്റെ,ഫേസ്ബുക്ക് പോസ്റ്റിന്റെ, കഥാരൂപത്തിലുള്ള പാഠപുസ്തകത്തിലെ പരാമർശത്തിൻെറ പേരിൽ പണ്ഡിതന്മാരും പൊതുപ്രവർത്തകരും ഇതേ വകുപ്പിൽപ്പെടുത്തി ദിവസങ്ങളും മാസങ്ങളും ജയിലിൽകിടക്കേണ്ടി വന്ന അതേ സർക്കാരിന്റെ കീഴിലാണ് ഇപ്പോൾ ഒരു മനുഷ്യൻ കേരളീയ പൊതുസമൂഹത്തെ നോക്കി പല്ലിളിക്കുന്നത്. ജാമ്യത്തിലിറങ്ങി മുഖ്യമന്ത്രി പിണറായി വിജയനെ വരെ വെല്ലുവിളിക്കുന്നത്.

ജാമ്യം നൽകുന്നത് ജഡ്ജിയുടെ വിവേചനാധികാരത്തിൽപ്പെട്ടതാണ്. കേസിൻ്റെ മെറിറ്റ് നോക്കേണ്ടത് നീതിന്യായത്തോടുള്ള പ്രതിബന്ധതയാണ് ‘സാധാരണ പ്രോസിക്യൂട്ടർ ഹാജരില്ലെങ്കിൽ പ്രോസിക്യൂഷന്റെ വാദം കേൾക്കാൻ പറ്റാത്തത് കൊണ്ട് അടുത്ത കോടതിയുള്ള ദിവസം വരെ പ്രതിയെ റിമാൻഡ് ചെയ്യുകയാണ് പതിവ്. ഇവിടെ പി, സി. ജോർജ് അറിയപ്പെടുന്ന പൊതു പ്രവർത്തകൻ ആണെന്നും, ഒളിച്ചോടില്ലെന്നും ഉള്ള പ്രതിഭാഗം വാദം ജഡ്ജി അംഗീകരിച്ചു. ജാമ്യം അനുവദിക്കുകയായിരുന്നു.
മറ്റൊന്ന് ഈ കേസിൽ എ.പി.പി. ഹാജരാവാത്തതാണ്. മജിസ്ത്രേട്ടിൻ്റെ വീട്ടിൽ പ്രതിയെ ഹാജരാക്കുമ്പോൾ എ.പി.പി. ഹാജരാകണമെന്ന് അദ്ദേഹത്തിനു നിയമപരമായ നിർബന്ധമില്ല. ഹാജരാകുന്നതിന് തടസ്സവുമില്ല.
ഇത്ര നിർണായകമായ കേസിൽ സർക്കാർ നിർദ്ദേശിച്ചാൽ എ.പി.പി. ഹാജരാകാതെ ഇരിക്കുമോയെന്ന ചോദ്യം പ്രസക്തമാണ്.
ഇവിടെ ഒരു ഒത്തു കളിയുടെ സാധ്യത തള്ളിക്കളയാനാവില്ല. പ്രതിയെ അറസ്റ്റ് ചെയ്യാൻ ശനിയാഴ്ച രാത്രി തീരുമാനമാണ്.
എ.പി.പിയെ ഹാജരാക്കാനാവില്ലെങ്കിൽ പിന്നെ എന്തിനാണ് കോടതി അവധി ദിവസം അറസ്റ്റ് മാമാങ്കം നടത്തിയത്.വർഗീയ
പ്രസംഗത്തിൻ്റെ തെളിവ് ഉൾപ്പെടെ കൈയിലിരിക്കെ എ.പി.പി. ഹാജരായി ജാമ്യാപേക്ഷയെ എതിർത്തിരുന്നുവെങ്കിൽ ജാമ്യം നിഷേധിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. ഇതിന് മറുപടി പറയേണ്ടത് സർക്കാർ തന്നെയാണ്. അതോടൊപ്പം ജാമ്യം റദ്ദ് ചെയ്യാൻ മേൽ കോടതിയെ സമീക്കുകയും ജയിലിൽ അടക്കാൻ വഴികൾ തേടുകയും വേണം.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles