പി.സി. ജോർജിനു ജാമ്യം കിട്ടാനിടയായത് സർക്കാർ വക്കീൽ ഹാജരാകാത്തതുമൂലമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ. ഗുരുതരമായ സ്ഥിതിവിശേഷമാണ് പി.സി.ജോർജ് ഉണ്ടാക്കിയിട്ടുള്ളത്. കൊട്ടിയാഘോഷിച്ച് അറസ്റ്റ് ചെയ്തിട്ട് എന്ത് സംഭവിച്ചു ? ജാമ്യത്തെ എതിർക്കാൻ സർക്കാർ അഭിഭാഷകൻ പോലും മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരായില്ല എന്നത് അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്. ഇ.ടി.പറഞ്ഞു.
ഏതൊരു വർഗീയവാദിയും പറയാൻ അറയ്ക്കുന്ന വാക്കുകളാണ് പിസി ജോർജ് ഉപയോഗിച്ചിട്ടുള്ളത് . ഈയിടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ അശിഷ് മിശ്രയുടെ ജാമ്യം അനുവദിച്ച കോടതി നടപടിയെ ശക്തമായി എതിർത്തുകൊണ്ട് സുപ്രീം കോടതി നടത്തിയ വിധിയെഴുത്ത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് .
ഇവിടെ ആർക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന അവസ്ഥാ വിശേഷം വന്നിട്ടുണ്ട്. അവക്കെല്ലാം അറുതി വരുത്തേണ്ടത് നാടിന്റെ നിലനിൽപിന് തന്നെ ആവശ്യമാണ് . പി സി ജോർജിനെ പോലുള്ളവർ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ് . മറ്റൊരാൾക്കും അത്തരമൊരു പരാമർശം നടത്താൻ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കർക്കശമായ നടപടികളും ജോർജിന്റെ പേരിൽ എടുക്കേണ്ടതാണ്. ഇ.ടി. പ്രസ്താവിച്ചു.