കൊച്ചി: പി.സി ജോർജിന് ജാമ്യം കിട്ടാൻ ഇടനിലക്കാർ പ്രവർത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജാമ്യം ലഭിക്കാനുള്ള സാഹചര്യം ആഭ്യന്തര വകുപ്പ് ഒരുക്കി നൽകി.
മനസ്സില്ലാ മനസ്സോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തേ എഴുതി തയ്യാറാക്കിയ നാടകമാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പി.സി ജോർജിനെ കണ്ടെത്താൻ സാധിക്കാത്ത സ്പെഷ്യൽ ബ്രാഞ്ചിനെ മുഖ്യമന്ത്രി പിരിച്ചുവിടണമെന്നുംസതീശൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനും സി.പി.എം നേതാക്കൾ ഇടനിലക്കാരായി പ്രവർത്തിച്ചു. അതിജീവിതയുടേത് ഗുരുതര ആരോപണമാണ്. ഇടനിലക്കാരുടെ പേരുകൾ സമയമാകുമ്പോൾ പുറത്ത് പറയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്വേഷണം പാതിവഴിയിൽ നിർത്തിയാണ് കേസ് കോടതിയിലെത്തിച്ചത്. മുഖ്യമന്ത്രി മറുപടി പറയണം. വിശദമായ അന്വേഷണം വേണം. ഈ സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്. കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.