Monday, January 6, 2025

Top 5 This Week

Related Posts

പശ്ചിമ ബംഗാളിലെ ദൈവദൂതനായ നാസർ ബന്ധു

സന്ധ്യ ജലേഷ്

പശ്ചിമ ബംഗാളിലെ നാസർ ബന്ധുവിനെക്കുറിച്ച് നോവലിസ്റ്റ് സന്ധ്യ ജലേഷ് എഴുതുന്നു

കൽക്കട്ട :ദാരിദ്ര്യവും നിരക്ഷരതയും അന്ധവിശ്വാസവും സംസ്‌കാരവും എല്ലാം കൂടിക്കുഴഞ്ഞ ബംഗാളിലെ 24 നോർത്ത്​ പർഗാനയിലെ ചക്ള ഗ്രാമത്തിൽ ചെന്ന്
ദൈവത്തിനെ നേരിൽ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ഒന്നടങ്കം പറയും.” ഈ നിൽക്കുന്ന ബന്ധുവാണ് ഞങ്ങളുടെ ദൈവം ” എന്ന് . പറയുന്നത് ചൗപതി എന്ന നോവലിലൂടെ പ്രശസ്തയായ സന്ധ്യ ജലേഷ്. കൽക്കട്ടയിൽ സൗഹ്യദ സന്ദർശനം നടത്താനെത്തിയതായിരുന്നു അവർ. തന്റെ നോവലിലെ നായികയുടെ ഗ്രാമത്തിലെത്തിയപ്പോഴാണ് പട്ടിണിക്കാർക്ക് ഭക്ഷണം വിളമ്പുന്ന നാസറിനെ കണ്ടത്.
മതവും ജാതിയും അരങ്ങു തകർക്കുന്ന നാട്ടിൽ ലാളിത്യം കൈമുതലാക്കി
ഒരു ജനതയുടെ മുഴുവൻ ബന്ധുവായി മാറിയിരിക്കുന്ന നാസർ ബന്ധുവിനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.
ബംഗാളിലെ ഗ്രാമങ്ങളെക്കുറിച്ച് അവരറിയുന്നത് നാസർ ബന്ധുവിന്റെ പോസ്റ്റിലെ വിവരണങ്ങളിലൂടെയാണ്. ബംഗാൾ നേപ്പാൾ പശ്ചാത്തലത്തിൽ ആർത്തവ അനാചാരം പ്രമേയമാക്കി എഴുതിയ ചൗപദി എന്ന തന്റെ നാലാമത്തെ നോവൽ നാസർ ബന്ധു താമസിക്കുന്ന ഗുമ എന്ന ബംഗാൾ ഗ്രാമത്തിലെ കാഴ്ച്ചകളിൽ നിന്നുമാണ് തുടങ്ങുന്നത്. .നാസർ ബന്ധു തുടങ്ങിയ സന്നദ്ധ സംഘടനയായ സീറോ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി നടത്തി വരുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന 25 പേരടങ്ങിയ ഓരോ ബംഗാൾ യാത്രയിലും പങ്കാളിയാവാൻ ഏറെ കൊതിക്കാറുണ്ടെങ്കിലും ഒരിക്കലുമത് സാധിച്ചിരുന്നില്ല. കൽക്കട്ട സന്ദർശിക്കുന്നതിനിടയിൽ സ്വയം ഉന്നതിക്കു വേണ്ടി ശ്രമിക്കാതെ പാവങ്ങൾക്കു വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന നാസർ ബന്ധുവിന്റെ അതിഥിയായി ചക്ളയിലെത്താനും ബന്ധു ഗ്രാമീണർക്കു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ നേരിൽ കാണാനും കഴിഞ്ഞത് തീരെ അപ്രതീക്ഷിതമായിട്ടായിരുന്നു. സന്ധ്യ ജലേഷ് തുടർന്നു…

നാസർ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന രീതികൾ വ്യത്യസ്തമാണ്.
അബ്ദുൽ നാസർ എന്ന മൂവാറ്റുപുഴക്കാരൻ തന്റെ സന്തോഷം കണ്ടെത്തുന്നത് വെസ്റ്റ് ബംഗാളിൽ സ്ഥിതിചെയ്യുന്ന ചക്ള എന്ന പിന്നോക്ക ഗ്രാമത്തിന്റെ ബന്ധുവായി ജീവിച്ചുകൊണ്ടാണ്. ബംഗാളി ഭാഷയിൽ ‘ബന്ധു’ എന്നാൽ ചങ്ങാതി എന്നാണർത്ഥം.

വഴിയരികിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി മോഹങ്ങളുടെ കനലുകളെരിഞ്ഞ് കത്തിയമർന്ന പുക പിടിച്ച കൂടാരങ്ങൾക്കുള്ളിൽ താമസിച്ചിരുന്നവർക്ക്
പാർപ്പിടങ്ങളും ഭക്ഷണവും കമ്പിളിപ്പുതപ്പുകളും ചെരിപ്പുകളും കൊടുത്ത് ദിവസം മുഴുവനും സന്നദ്ധ പ്രവർത്തനം നടത്തുന്ന ബന്ധുവിന്റെ ജീവിത ലക്ഷ്യംതന്നെ പട്ടിണിയില്ലാത്ത, വിദ്യാഭ്യാസ സൗകര്യങ്ങളുള്ള, ആതുരാലയങ്ങളുള്ള ചക്ള ഗ്രാമത്തിന്റെ പുതുമുഖമാണ്.

ഈന്തപ്പന നീരില്‍ നിന്നും നല്ല ശര്‍ക്കര ഉണ്ടാക്കാന്‍ മിക്ക വീടുകളിലും ഈന്തപ്പന വളര്‍ത്തുന്നുണ്ട്. ഈന്തപ്പനയുടെ തലഭാഗത്തുള്ള കൊതുമ്പില്‍ നല്ല പതുപതുത്ത ഒരു ഭാഗമുണ്ട്, അത് മുറിച്ചു തീണ്ടാരി തുണിക്കു പകരം ഉപയോഗിക്കാന്‍ കഴിയും. ആവശ്യത്തിന് തുണികള്‍ ഇല്ലാത്ത വീട്ടിലെ പെണ്ണുങ്ങള്‍ ഇപ്പോഴും ഇത് ഉപയോഗിക്കുന്നു.
നനവ് പറ്റിയാല്‍ തീരെ ചെളി ഇല്ലാതെ നല്ലപോലെ കുഴഞ്ഞു വരുന്ന ലാൽ മാട്ടി എന്ന വെളുത്ത മണ്ണിൽ വെള്ളം ചേര്‍ത്ത് കയ്യിലിട്ടു ഉരസിയാല്‍ സോപ്പുപോലെ ചെറിയ പതയോടെ അലിഞ്ഞു വരും. കുളങ്ങളുടെ അരികിലാണ് ഈ മണ്ണ് ഉണ്ടാവുക. ദരിദ്ര ഗ്രാമങ്ങളിലെ സ്ത്രീകൾ ഈ മണ്ണ് ആര്‍ത്തവ തുണിക്കുള്ളില്‍ വയ്ക്കാനും, സോപ്പ് ആയും വസ്ത്രം കഴുകാനും മുടി കഴുകാനും ഉപയോഗിക്കും. ബംഗാളിലെ കുഗ്രാമങ്ങളിലെ അവസ്ഥയാണിത്. ബന്ധുവിന്റെ ശ്രമഫലമായി സാനിറ്ററി പാഡുകളും ശുചിത്വ പരിപാലനത്തിനുള്ള ക്ലാസുകളും ലൈംഗിക വിദ്യാഭ്യാസവും ഇപ്പോൾ ഗ്രാമീണ സ്ത്രീകൾക്കിടയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

നാസർ ബന്ധു നടത്തുന്ന സീറോ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന ബംഗാളിലെ ഗ്രാമീണ ജനതയുടെ
ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, മൈക്രോ ഫിനാൻസ്, പാർപ്പിടം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്വന്തമായി ഒരു പ്രൈമറി സ്കൂൾ തന്നെ ഗ്രാമത്തിലെ കുട്ടികൾക്കു വേണ്ടി ആരംഭിച്ചിരിക്കുന്ന നാസർ ബന്ധുവിനെ ആദരവോടെയാണ് നോക്കിക്കണ്ടത്.
പാട്ടത്തിനെടുത്ത സ്ഥലത്ത് നേഴ്‌സറി ആരംഭിച്ച് കുറച്ച് കർഷകർക്ക് ബന്ധു ജോലിയും നൽകിയിരിക്കുന്നു.
ചണവും, കടുക് പാടങ്ങളും നെൽകൃഷിയും കൊണ്ട് സമൃദ്ധമായി കഴിഞ്ഞിരിക്കുന്ന ചക്ള ഗ്രാമത്തിൽ മാർക്കറ്റ് ഏരിയയിലെ ഒറ്റമുറി ഓഫീസിലാണ് സീറോ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

ചക്ളയിൽ അടുക്കളയൊരുക്കി ഭക്ഷണം പാചകം ചെയ്ത് അഗതികൾക്ക് കൊടുക്കുകയാണ്​​ ചെയ്യുന്നത്. ചോറ്,
പരിപ്പ് കറി, പച്ചക്കറി, മുട്ട, ചപ്പാത്തി എന്നിവയാണ് മെനു. ദിവസവും 100പേർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നുണ്ട്. ഇതിനാവശ്യമായ അരി, ഉരുളക്കിഴങ്ങ്​, പരിപ്പ്​, പച്ചക്കറികൾ എല്ലാം ഹൃദയത്തിൽ നന്മ വറ്റിയിട്ടില്ലാത്ത മനസ്സുകൾ നൽകുന്നു.

ചക്ളയിലെ മനുഷ്യരുടെ ഹൃദയത്തിൽനിന്നുണ്ടാകുന്ന പുഞ്ചിരിയിൽ നിന്നാണ് ബന്ധുവിന്റെ ഒരു ദിവസം ആരംഭിക്കുന്നത്.
കിച്ചനിൽ തയ്യാറാക്കി വച്ച ഭക്ഷണപ്പൊതികളുമായി
രാവിലെ തന്നെ സ്കൂട്ടറിൽ ഭാര്യ നസീബുവുമൊത്ത് തെരുവിലേക്കിറങ്ങും.
ഹബ്ര റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമായി ജീവിക്കുന്ന തെരുവ് മക്കൾക്കും മാനസിക വിഭ്രാന്തിയുള്ളവർക്കും ഭക്ഷണപ്പൊതി വിതരണം ചെയ്യുമ്പോൾ അവർ ആർത്തിയോടെ തട്ടിപ്പറിച്ച് വാങ്ങുന്ന കാഴ്ച ദയനീയമായിരുന്നു. അവരുടെ ദൈന്യതയും ദാരിദ്ര്യവും വിശപ്പിന്റെ വിളിയും തിരിച്ചറിഞ്ഞ ബന്ധു എല്ലാ ദിവസവും 100 പേർക്ക് വലിയ പ്ലാസ്റ്റിക് പാത്രത്തിൽ ചോറും ചപ്പാത്തിയും സബ്ജിയും പരിപ്പ് കറിയും പുഴുങ്ങിയ മുട്ടയും വച്ച് കിലോമീറ്ററുകൾ താണ്ടി ഭക്ഷണമെത്തിച്ചു കൊടുക്കുന്നു.

കൊടുക്കുന്ന ഭക്ഷണം
റെയിൽവേ സ്റ്റേഷനിലെ സിമന്റു തറകളിലിരുന്ന് കുറച്ചു കഴിച്ചു ചുറ്റിനും വാരിവലിച്ചെറിയുന്ന മാനസിക വിഭ്രാന്തിയുള്ളവർ! ഈ ഭക്ഷണാവശിഷ്ടങ്ങൾ ഒരു മടിയും കൂടാതെ പെറുക്കിയെടുത്ത് അവർ ഇരിക്കുന്നിടം വൃത്തിയാക്കിയിട്ടു ചെറു പുഞ്ചിരിയോടെ മടങ്ങുന്ന ബന്ധുവിനെ ഒട്ടൊരത്‌ഭുതത്തോടെയാണ് നോക്കിക്കണ്ടത്!

ഭീകരമായ ദാരിദ്ര്യം അനുഭവിക്കുന്ന ഗ്രാമത്തിൽ
പട്ടിണി കിടക്കുന്ന 500 വയറുകൾക്ക് എല്ലാ ദിവസവും ഒരു നേരത്തേ ഭക്ഷണമെത്തിക്കാനാണ് ബന്ധുവിന്റെ ശ്രമം !
യുവാക്കൾ പലരും പണം സമ്പാദിക്കുന്നതിലും പ്രശസ്തിക്കു വേണ്ടിയുമുള്ള ഓട്ടത്തിലാകുമ്പോൾ നാസർ ബന്ധു തന്റെ ജീവിതം മാറ്റി വച്ചിരിക്കുന്നത് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നതിനാണ്.

എട്ടുവർഷത്തോളമായി
ചക്ളയിൽ സേവനം ചെയ്യുന്ന ,
ചുറ്റുമുള്ളവരിലാരും പട്ടിണി കിടക്കരുതേ എന്ന് ആഗ്രഹിക്കുന്ന
നാസർ ബന്ധുവിന്​ അള്ളാഹു കൊടുത്ത സമ്മാനമാണ് ജീവിത സഖിയായ നസീബു.
നിരാലംബരായ , അശരണരായ , അടിച്ചമർത്തപ്പെട്ട ബംഗാളിലെ
ഗ്രാമീണ ജനതയ്ക്കു വേണ്ടി ബന്ധുവിന്റെ കൈകോർത്ത് പിടിച്ച് ഒരേ മനസ്സായി പ്രവർത്തിക്കുന്ന ഹൂറി ! മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് സന്നദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി ഒരു വർഷം മുമ്പ്
ബന്ധുവിന്റെ കൈ പിടിച്ചു കടന്നു വന്ന സ്വാർത്ഥ മോഹങ്ങളൊന്നുമില്ലാത്ത മാലാഖ !
ചുറ്റുമുള്ളവര്‍ക്ക് എപ്പോഴും സ്‌നേഹവും, ഊഷ്മളതയും, സഹതാപവും, സൗഹൃദവും, സഹായവും, പിന്തുണയും, നൽകുവാൻ സന്മനസ്സ് കാണിക്കുന്ന ലാളിത്യത്തിന്റെ , നന്മയുടെ ഉറവിടമായ നസീബു ചക്ളക്കാർക്ക് സ്വന്തം മകളാണ്.

ഇവരുടെ തുടർ പ്രവർത്തനത്തിന് പടച്ചോൻ നിർലോഭം കൃപ ചൊരിയട്ടേ……നഷ്ട സ്വപ്നങ്ങളുടെ നെടുവീർപ്പുകളിൽ ജീവിതം തളച്ചിടാതെ ബംഗാളിലെ ഗ്രാമീണ സ്ത്രീകളിലും കുട്ടികളിലും മാറ്റങ്ങളുടെ ശംഖൊലി ഉയരട്ടേ!

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles