ന്യൂജൻ മയക്കു മരുന്നും, കഞ്ചാവു മായി മൂന്ന് യുവാക്കൾ കാലടി പോലീസിന്റെ പിടിയിൽ. ചൊവ്വര തെറ്റാലി പത്തായപ്പുരയ്ക്കൽ വീട്ടിൽ സുഫിയാൻ (22), പെരുമ്പാവൂർ റയോൺപുരം കാത്തിരക്കാട് തരകുപീടികയിൽ വീട്ടിൽ അജ്മൽ അലി (32), ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി വീട്ടിൽ അജ്നാസ് (27), എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക ടീം മാറമ്പിള്ളി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. കാറിൽ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും, 11.200 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റലുകളുമാണ് പിടികൂടിയത്. യുവാക്കൾക്കിടയിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. ഐ.പി.എസ് ട്രയ്നി അരുൺ.കെ.പവിത്രൻ, ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ കെ.സതീഷ് കുമാർ, റ്റി.ബി.വിപിൻ, ജോസ് മാത്യു, എ.എസ്.ഐ ജോഷി തോമസ്, എസ്.സി.പി.ഒ ഇഗ്നേഷ്യസ് ജോസഫ്, സി.പി.ഒ മാരായ ഷിജോ പോൾ, റഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എസ്.പി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ റൂറല്‍ ജില്ലയില്‍ 2.500 കിലോ എം.ഡി.എം.എ യാണ് പോലീസ് പിടികൂടിയത്.