മൂവാറ്റുപുഴ : പായിപ്രയില്‍ വിവാദമായ ജപ്തി നടപടി രാഷ്ട്രീയപോരായി മാറിയതോടെ അജേഷിന്റെ ബാധ്യത കോ ഓപ്പറേറ്റീവ് എംപ്‌ളോയിസ് യൂണിയന്‍ (സി.ഐ.ടി യു.) അര്‍ബന്‍ ബാങ്കിലെ അംഗങ്ങള്‍ അടച്ചുതീര്‍ത്തു. പണം അടച്ചവിവരം ഗോപികോട്ടമുറിക്കല്‍ എംപ്‌ളോയിസ് യൂണിയനെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു.
‘മുവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ പേഴക്കപ്പിള്ളി ബ്രാഞ്ചില്‍ അജീഷ് എന്ന വ്യക്തിക്ക് ഉണ്ടായിരുന്ന കുടിശ്ശിഖ തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( CITU ) അംഗങ്ങള്‍ ആയ അര്‍ബന്‍ ബാങ്കിലെ ജീവനക്കാര്‍ അടച്ചു തീര്‍ത്തിരിക്കുന്നു.
അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍ പ്രിയപ്പെട്ട സഖാക്കളെ’ എന്നാണ് ഗോപി കോട്ടമുറിക്കല്‍ കുറിച്ചത്. ഇതോടെ ശനിയാഴ്ച നടന്ന ജപ്തി നടപടിയുമായി ബന്ധപ്പെട്ട് അജേഷിന്റെ കുടുംബത്തിന്റെ വായ്പാ ബാധ്യത ഏറ്റെടുക്കുന്നത് പുതുയ വഴിത്തിരിവിലായി. മാതൃുകുഴലനാടന്‍ എം.എല്‍.എ യും കെ.പി.സി.സി യും ബാധ്യത ഏറ്റെടുക്കുമെന്ന് ഞായറാഴ്ച പരസ്യപ്രഖ്യാപനം നടത്തിയിരിക്കെയാണ് അപ്രതീക്ഷിതമായി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പണമടച്ചത്.
പേഴയ്ക്കാപ്പിള്ളി ശാഖയില്‍ നിന്നാണ് ജപതിക്കിരയായ പായിപ്ര വലിയ പറമ്പില്‍ അജേഷ് വായ്പ എടുത്തിരുന്നത്. 2017 ല്‍ ഒരു ലക്ഷം രൂപയാണ് വായ്പ എടുത്തത്. ഇതില്‍ 10000 രൂപ മാത്രമാണ് തിരിച്ചടച്ചത്. പലിശ ഉള്‍പ്പെടെ 1.75 ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്നു. അജേഷ് ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ഭാര്യയോടൊപ്പം ജനറല്‍ ആശുപ്രത്രിയില്‍ ചികിത്സയിലിരിക്കെ ശിയാഴ്ച നടത്തിയ ജപ്തി ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കേരളാ ബാങ്ക് ചെയര്‍മാന്‍ കൂടിയായ ഗോപി കോട്ടമുറിക്കലാണ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നത്. സംഭവം ഗോപി കോട്ടമുറിക്കലിനും സിപിഎമ്മിനും തലവേദനയായിരുന്നു.
ഇതിനിടെ പ്രദേശത്തെ നിരവധി ജീവ കാരുണ്യപ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ ഗോപി കോട്ടമുറിക്കലിനെ മോശപ്പെടുത്തുന്നതിനെതിരെ അദ്ദേഹം നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തി സിപിഎം സൈബര്‍ സഖാക്കളും പ്രചാരണവുമായി സാമൂഹ്യമാധ്യമങ്ങളിലും സജീവമായി.
എന്നാൽ അർബൻ ബാങ്കുമായി ബന്ധപ്പെട്ട പണം തനിക്ക് വേണ്ടെന്ന നിലപാടാണ് അജീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.