ന്യൂഡൽഹി: പ്രധാനമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. ഹിഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നിട്ടും ജനങ്ങളുടെ റിട്ടയർമെൻറ് പണം എന്തിനാണ് അദാനിയുടെ കമ്പനികളിൽ കേന്ദ്രസർക്കാർ നിക്ഷേപിക്കുന്നതെന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.
‘എൽ.ഐ.സിയുടെ മൂലധനം അദാനിക്ക്, എസ്.ബി.ഐയുടെ മൂലധനം അദാനിക്ക്, ഇ.പി.എഫ്.ഒയുടെ മൂലധനവും അദാനിയിലേക്ക്! ‘മോദാനി’ വെളിപ്പെട്ടിട്ടും എന്തിനാണ് ജനങ്ങളുടെ റിട്ടയർമെൻറ് പണം അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത് പ്രധാനമന്ത്രി ജീ, അന്വേഷണം ഇല്ല, ഉത്തരം ഇല്ല! എന്തിനാണ് ഇത്രയും ഭയം.’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അദാനിക്കെതിരെ അന്വേഷണമില്ലെന്നും പ്രധാനമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും രാഹുൽ ചോദിച്ചു.
ലോകസഭാ അംഗത്വം റദ്ദാക്കിയതിനു പിന്നാലെ തന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നു കരുതേണ്ടന്നും ചോദ്യങ്ങൾ തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അദാനി -മോദി ബന്ധം തുറന്നുകാണിച്ചതാണ് തനിക്കെതിരെയുളള പകയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.