ജഡ്ജി നിയമനത്തിൽ കൊളീജിയം തീരുമാനം നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാർ പക്ഷപാതിത്വം കാണിക്കുന്നതിനെതിരെ സുപ്രിം കോടതി താക്കീത് നൽകി. കൈമാറുന്ന ശുപാർശകളിൽ ചിലത് തടഞ്ഞുവയ്ക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി നിയമനം ഇനി വൈകിപ്പിക്കരുതെന്നു പ്രമേയത്തലൂടെ മുന്നറിയിപ്പ് നൽകി.
മദ്രാസ് ഹൈക്കോടതിയിലേക്ക് നാല് ജഡ്ജിമാരെ നിയമിക്കാനുള്ള ശുപാർശ പരിഗണിക്കവെയാണ് കൊളീജിയത്തിന്റെ പ്രമേയം. ആദ്യം നൽകിയ ശുപാർശകൾ നടപ്പിലാക്കാതെ പിന്നീട് നൽകിയ ശുപാർശകൾ അംഗീകരിക്കുന്നു. ഇത് ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയിൽ വലിയ മാറ്റമുണ്ടാക്കും. പ്രമേയം ചൂണ്ടികാണിച്ചു.
സംഘപരിവാർ അനുകൂലികളായ ജഡ്ജിമാരുടെ നിയമനം വേഗത്തിൽ അംഗീകരിക്കുന്ന സർക്കാർ മറ്റു കാരണങ്ങളാൽ പലരുടെയും നിയമനം വൈകിപ്പിക്കുന്നത് പതിവായതോടെയാണ് സുപ്രിം കോടതി നിലപാട് ശക്തമാക്കുന്നത്. ഇതിനെതിരെ നേരത്തേയും സുപ്രീംകോടതി കൊളീജിയം രംഗത്ത് വന്നിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുപുറമേ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരായ ജസ്റ്റിസ് സഞ്ജയ്കിഷൻകൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരാണ് നിയമനം വൈകിപ്പിക്കുന്നതിനെതിരെയുള്ള പ്രമേയത്തിൽ ഒപ്പിട്ടത്.
നേരത്തേ കൈമാറിയതും ആവർത്തിച്ചതുമായ ശുപാർശകളും തടഞ്ഞുവയ്ക്കുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജിയായി അഡ്വ. ജോൺ സത്യനെ നിയമിക്കാമെന്ന് ജനുവരി 17ന് കൊളീജിയം രണ്ടാമതും ശുപാർശ ചെയ്തിരുന്നു. ഇതും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ജോൺ സത്യന് ഒപ്പം കൈമാറിയ മറ്റ് ചില ശുപാർശകൾ നേരത്തേ അംഗീകരിച്ചു.
പ്രധാനമന്ത്രി മോദിക്ക് എതിരായ ലേഖനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ് ജോൺ സത്യന്റെ ‘അയോഗ്യത’യ്ക്ക് കാരണം. ആർഎസ്എസ്, സഹയാത്രികയായ വിക്ടോറിയാഗൗരിയെ ജഡ്ജിയാക്കാമെന്ന ശുപാർശ കേന്ദ്രം അതിവേഗം അംഗീകരിച്ചതും ചർച്ചയായിരുന്നു. കേരളാ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് കെ വിനോദ്ചന്ദ്രനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാമെന്ന കൊളീജിയം ശുപാർശയിലും തീരുമാനമെടുത്തിട്ടില്ല. സുപ്രിം കോടതി നിലപാട് കർശമാക്കിയതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി.