കോതമംഗലം : കോതമംഗലത്ത് 563 ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന 17 ലക്ഷം രൂപയുടെ ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ. ആസാം നാഘോൺ സ്വദേശി ഷകൂർ അലി(32)യാണ് കോതമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കോതമംഗലം എക്സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കോതമംഗലം റവന്യൂ ടവറിന്റെ പരിസരത്തു നിന്നാണ് പ്രതി പിടിയിലായത്
കോതമംഗലം റവന്യൂ ടവറിനും പരിസര പ്രദേശത്തും വൈകുന്നേരങ്ങളിലും രാത്രിയിലും വ്യാപകമായ മയക്കുമരുന്ന് വില്പന നടക്കുന്നതായുള്ള രഹസ്യവിവരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനും സംഘത്തിനും കിട്ടിയിരുന്നു. ഇതേതുടർന്ന് എക്സൈസ് ഷാഡോ ടീമിനെ ഇവിടങ്ങളിൽ വിന്യസിച്ചിരുന്നു. പ്രതി ഷകൂർ അലി ഇതിനുമുമ്പും നിരവധി തവണ കോതമംഗലത്തെത്തി ബ്രൗൺഷുഗർ വില്പന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. അസമിൽ നിന്ന് വൻതോതിൽ ബ്രൗൺഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയയിലെ പ്രധാനകണ്ണികളിൽ ഒരാളാണ് ഷകൂറെന്ന് ഏക്സൈസ് അധികൃതർ വ്യക്തമാക്കി.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ. എ. നിയാസ്, ജയ് മാത്യൂസ്, സിവിൽ എക് സൈസ് ഓഫീസർമാരായ എം. എം. നന്ദു, കെ. സി. എൽദോ, പി ടി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവർ നേതൃത്വം കൊടുത്തു
Youth From Assam Arrested With Brown Sugar Worth Rs 17 Lakh In Kothamangalam