ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
കോതമംഗലം : സർക്കാരിൻ്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും കൃഷിക്കാരായി മാറി.
കാർഷിക സംസ്കാരം മുഴുവൻ ജനങ്ങളിലേക്കും എത്തിച്ചു കൊണ്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന സന്ദേശവുമായി ഒരുമ 2022 എന്ന പേരിലാണ് കൃഷി ഉദ്യോഗസ്ഥരുടെ കൃഷി. കോതമംഗലം ചേലാടിന് സമീപം നഗരസഭയുടെ പതിനെട്ടാം വാർഡ് കൗൺസിലറായ പാറക്കൽ ഷിബു കുര്യാക്കോസിൻ്റെ അമ്പത് സെൻ്റ് സ്ഥലം പാട്ടത്തിനെടുത്താണ് മാതൃകാ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നത്.ബ്ലോക്കിലെ മുഴുവൻ കൃഷി ഉദ്യോഗസ്ഥരും അണിനിരന്നാണ് രാവിലെ മുതൽ കൃഷിഭൂമിയൊരുക്കിയത്. തക്കാളി, മുളക്, വഴുതന, പാവൽ, പടവലം, പയർ,സാലഡ് വെള്ളരി, ചീര വിവിധയിനം കിഴങ്ങുവർഗ്ഗങ്ങൾ കൂടാതെ സുര്യകാന്തി, ചെണ്ടുമല്ലി, ചോളം, ഞവര എന്നിവയും കൃഷി ചെയ്യുന്നു. ഭക്ഷണം കൃഷിയിടത്തിൽ തന്നെ പാകം ചെയ്തുകൊണ്ടാണ് ജിവനക്കാർ കൃഷി പ്രവർത്തനങ്ങൾ നടത്തിയത്. ഔദ്യോഗിക പ്രവർത്തനങ്ങൾക്കു ശേഷമുള്ള സമയവും, അവധി ദിനങ്ങളും ഇതിനായി നീക്കിവയ്ക്കുമെന്ന് കൃഷി ഉദ്യോഗസ്ഥർ അറിയിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് മുഴുവൻ കുടുംബങ്ങളേയും പങ്കാളിയാക്കുന്നതിന് വിവിധ കർമ്മ പരിപാടികൾക്ക് കോതമംഗലം ബ്ലോക്കിൽ രൂപം നൽകിയതായി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു അറിയിച്ചു..