കൊച്ചി: കോവിഡ് കാലത്ത് കുറച്ച പാർക്കിങ്ങ് നിരക്കുകൾ പുനർ നിർണ്ണയിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു.
ആദ്യത്തെ രണ്ട് മണിക്കൂറിന് നാലുചക്ര വാഹനങ്ങൾക്ക് 20 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും യഥാക്രമം 5 രൂപയും 2 രൂപയും ആയിരുന്നു പഴയ നിരക്ക്. കോവിഡിന്
ശേഷം പ്രധാന 9 സ്റ്റേഷനുകളിൽ പാർക്കിങ്ങ് നിരക്ക് നാലുചക്ര വാഹനങ്ങൾക്ക് 10 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 5 രൂപയുമായി ഇളവ് ചെയ്തിരുന്നു.ഇതാണ് ഇപ്പോൾ പുനർനിർണ്ണയിച്ചിരിക്കുന്നത്. ഈ അടുത്ത് നടത്തിയ പരിശോധനയിൽ പാർക്കിങ്ങ് സൗകര്യം മെട്രോ യാത്രക്കാരേക്കാൾ കൂടുതൽ മറ്റുള്ളവരാണ് ഉപയോഗപ്പെടുത്തുന്നതെന്ന് കണ്ടെത്തുകയുണ്ടായി. ഇക്കാരണത്താൽ മെട്രോയുടെ സ്‌ഥിരം യാത്രക്കാർക്ക് പലപ്പോഴും പാർക്കിങ്ങ് സൗകര്യം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
ഇതിനു പരിഹാരമായി മെട്രോ യാത്രക്കാർക്ക് പ്രയോജനപ്രദമായ രീതിയിൽ പാർക്കിങ്ങ് സൗകര്യങ്ങൾ പരിമിതപ്പെടുത്തും. മെട്രോ യാത്രക്കാർക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് നാല് ചക്രവാഹനങ്ങൾക്ക് 15 രൂപയാണ് പുതുക്കിയ നിരക്ക്. നാല് ചക്ര വാഹനങ്ങൾക്ക് തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതം ഈടാക്കും. ഇരുചക്ര വാഹനക്കാർക്ക് ഓരോ രണ്ട് മണിക്കൂറിനും അഞ്ച് രൂപ വീതമാകും ഈടാക്കുക. മറ്റുള്ളവർക്ക് കാർ/ജീപ്പ് എന്നിവയുടെ പാർക്കിംഗിന് ആദ്യ രണ്ട് മണിക്കൂറുകൾക്ക് 35 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 20 രൂപയുമാണ് നിരക്ക്. മെട്രോ യാത്രക്കാരല്ലാത്തവരുടെ ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംഗിനായി ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപയും ഈടാക്കും. ദിവസേനയുള്ള പാസുകൾക്ക് പുറമേ പ്രതിവാര, പ്രതിമാസ പാസുകളും ലഭ്യമാണ്. ഈ മാസം 20 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും