കോതമംഗലം: കേരളത്തിലെ സമീപകാല വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ പലതും ‘കൊക്കോ വിപ്ലവം’ പോലെ ആണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഒരു കാലത്ത് കേരളത്തില്‍ വ്യാപകമായി കൊക്കോ കൃഷി ചെയ്ത്, വലിയ കാലതാമസം കൂടാതെ അത് വെട്ടിക്കളയേണ്ട അവസ്ഥയിലേക്കെത്തിയതുപോലെയുള്ള സാഹചര്യം ആണ് ഇന്ന് വിദ്യാഭ്യാസമേഖലയില്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പത്താം ക്ലാസ്സ് പാസ്സായ വിദ്യാര്‍ത്ഥികള്‍ പോലും കേരളത്തില്‍ നിന്ന് രക്ഷപെട്ട് പുറം രാജ്യങ്ങളിലേക്ക് പോകാന്‍ താത്പര്യം കാണിക്കുന്നതിന് പിന്നിലെന്തെന്ന് ഈ രംഗത്തുള്ളവരും ബന്ധപ്പെട്ട അധികാരികളും തിരിച്ചറിയാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ‘വജ്ര മേസ്’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ ‘വജ്ര മേസ്’ കാണുവാന്‍ ദിനം പ്രതി ആയിരങ്ങള്‍ ആണ് മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. അത്ഭുതവും ഒപ്പം ആകാംഷയും നിറഞ്ഞ മനസ്സുമായിട്ടാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ജനങ്ങള്‍ ഈ പ്രദര്‍ശനങ്ങള്‍ കണ്ട് മടങ്ങുന്നത്. ‘വജ്ര മേസ്’ ഡിസംബര്‍ 3 വരെ നീണ്ടു നില്‍ക്കും.
വ്യാഴാഴ്ച വൈകിട്ട് കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ബാന്‍ഡ് വാര്‍ ആണ് കലാസന്ധ്യയില്‍ അരങ്ങേറിയത്.
വെള്ളിയാഴ്ച വൈകിട്ട് ഗൗരി ലക്ഷ്മിയും സച്ചിന്‍ വാര്യരും ഒരുക്കുന്ന മ്യൂസിക് ബാന്‍ഡ് ആണ് കലാസന്ധ്യയില്‍ അരങ്ങേറുന്നത്.