Friday, November 1, 2024

Top 5 This Week

Related Posts

കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് 18ന് കൊടിയേറും

തൊടുപുഴ: ചരിത്ര പ്രസിദ്ധമായ കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് 18ന് വൈകിട്ട് 6 ന് ക്ഷേത്രം വെളിച്ചപ്പാട് കൊടിയേറ്റുന്നതോടെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ തൊടുപുഴയില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ഉത്സവത്തിന് മുന്നോടിയായുള്ള ഇടവെട്ടി ചാലംകോട് കരക്കാരുടെ വഴിപാടായ പന്തല്‍പ്പാട്ടും, പന്തല്‍പ്പാട്ട് ഗുരുതിയും യഥാക്രമം 12, 14 തീയതികളില്‍ നടക്കും. 21ന് കോട്ടയ്ക്കകം സര്‍പ്പക്കാവില്‍ ആമേട വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സര്‍പ്പബലി നടക്കും. 24ന് വൈകിട്ട് 7 ന് ”കൈവല്യം 2023 സാംസ്‌കാരിക സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും.

മുന്‍ മെമ്പര്‍ പി.എം. തങ്കപ്പന് ”കാരിക്കോട്ടമ്മ സേവാപുരസ്‌കാരം സമര്‍പ്പിക്കും. രാമായണ ആചാര്യ പുരസ്‌കാരം നല്‍കി വെട്ടിമറ്റം സ്‌കൂള്‍ റിട്ട. എച്ച്.എം. എം.കെ. തങ്കപ്പനേയും ആദരിക്കും. മുന്‍ ക്ഷേത്രം ഭരണ സമിതി പ്രസിഡന്റുമാരായ കാര്‍ത്തികേയന്‍ പയ്യമ്പിള്ളി, രാജേന്ദ്രന്‍ മാമൂട്ടില്‍ എന്നിവര്‍ക്കും ആദരവ് നല്‍കും.

സ്വാമി അയ്യപ്പദാസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ”ഒരുമിക്കാം നമ്മുടെ മക്കള്‍ക്കായി’ എന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ പ്രതിജ്ഞയും ഉത്സവാശംസയും മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ നിര്‍വഹിക്കും. തുടര്‍ന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. 25ന് രാത്രി 11.30 മുതല്‍ ഗരുഡന്‍ തൂക്കം എന്ന അനുഷ്ഠാന ചടങ്ങ് നടക്കും. 26ന് ഉത്സവത്തിന് കൊടിയിറങ്ങും. 28ന് മഹാദേവ പ്രതിഷ്ഠാദിനാചരണവും ചാന്താട്ടവും നടക്കും.

പത്ര സമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജീവ് കുരീക്കാട്ട്, സെക്രട്ടറി ഹരീഷ് പറപ്പിള്ളില്‍ എന്നിവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles