ഇടുക്കി:കാട്ടാനക്കൂട്ടം തോട്ടം മേഖലയില്‍ കാടുകയാറെ തമ്പടിക്കുന്നത് മൂലം ജീവന്‍ ഭയന്നാണ് തോട്ടം തൊഴിലാളികള്‍ ജോലിചെയ്യുന്നത്. കാട്ടാനയിറങ്ങുന്ന ദിവസ്സങ്ങളില്‍ തോട്ടങ്ങളില്‍ ഇപ്പോള്‍ ജോലി നിര്‍ത്തിവയ്ക്കുന്നതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസ്സം പോലും തൊഴിലാളികള്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. പൂപ്പാറ മൂലത്തറ തോണ്ടിമല അടക്കമുള്ള ഏലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ജീവന്‍ ഭയന്നാണ്. എപ്പോളാണ് കാട്ടാകനകള്‍ കൂട്ടമായും ഒറ്റതിരിഞ്ഞും തോട്ടങ്ങളിലേക്കെത്തുന്നതെന്ന് പറയാന്‍ കഴിയില്ല. അടുത്തകാലത്തായി കാട്ടാന ശല്യം രൂക്ഷമായിരിക്കുന്ന അവസ്ഥയാണ്. കൂട്ടമായിട്ടെത്തുന്ന കാട്ടാനകള്‍ തോട്ടം മേഖലയില്‍ ദിവസ്സങ്ങളോളം തമ്പടിക്കുന്നതിനാല്‍ പല ദിവസ്സങ്ങളിലും ജോലിയും ഉണ്ടാകില്ല. കാട്ടാനയിറങ്ങിയ വിവരം വിളിച്ചറിയിച്ചാലും വനംവകുപ്പ് തോട്ടം മേഖലയിലേയ്ക്ക് തിരിഞ്ഞ് നോക്കാറില്ല. കാട്ടാന ശല്യത്തില്‍ ജീവിതം വഴിമുട്ടിയ അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. നിരവധി തൊഴിലാളികളെയാണ് ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതിനിടയില്‍ കാട്ടാന അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഇതിന് ശേഷം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും വനംവകുപ്പ് അധികൃതരെത്തി വാഗ്ദാനങ്ങള്‍ മാത്രം നല്‍കി മടങ്ങുകയാണ് ചെയ്തത്. വനംവകുപ്പിന്‍റെ സഹായം ലഭിക്കുന്നില്ലാത്തതിനാല്‍ ഇപ്പോള്‍ തോട്ടം ഉടമകള്‍ കാട്ടാന എത്തുന്നുണ്ടോയെന്നറിയാന്‍ വേണ്ടി മാത്രം തോട്ടങ്ങളുടെ അതിര്‍ത്തികളില്‍ തീയിട്ട് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആനപ്പേടിയില്ലാതെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതിന് വേണ്ട സാഹചര്യം ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം