കല്ലേലിഭാഗം എസ്.എൻ ടി.ടി.ഐ വരാന്തയിൽ 8 വർഷം കഴിഞ്ഞ ഗോപാലകൃഷ്ണൻ ഇനി കലയപുരം ആശ്രയയിൽ .
കരുനാഗപ്പള്ളി :എട്ട് കൊല്ലത്തെ കല്ലേലിഭാഗത്തെ ടി.ടി.ഐ വാസത്തോട് വിട. ഗോപാലകൃഷ്ണൻ ഇനി മുതൽ കലയപുരം ആശ്രയയിൽ പുതുജീവിതം രചിച്ച് തുടങ്ങും. അനാഥരില്ലാത്ത ഭാരതമെന്ന സന്നദ്ധ-ജീവകാരുണ്യ സംഘടനാ പ്രവർത്തകരെത്തി 65 കാരനെ കൂട്ടിക്കൊണ്ട് പോയി.കഴക്കൂട്ടം സൈനിക സ്കൂളിന് സമീപമായിരുന്നു വീടെന്നും അവിവാഹിതനാണെന്നും സഹോദരങ്ങളുണ്ടെന്നും ഗോപാലകൃഷ്ണൻ പറയുന്നുണ്ട്. ഇളയ സഹോദരൻ കൂലി വേലക്കാരനായ രാമചന്ദ്രൻ വെമ്പായത്താണ് താമസം.കരുനാഗപ്പള്ളി യിലെ ആദ്യ പ്രൊഫഷണൽ സ്ഥാപനമായ കല്ലേലി ഭാഗം എസ്.എൻ ടി.ടി.ഐ വരാന്തയിൽ കഴിഞ്ഞ് വന്ന ഗോപാലകൃഷ്ണന്റെ അനൗദ്യോഗിക സംരക്ഷണം പ്രിൻസിപ്പൽ മധുവിനും ഹെഡ് ക്ലാർക്ക് ആർ.ബിനുവിനും സന്മസുള്ളചിലഅയലത്തുകാർക്കുമായിരുന്നു.ആരോഗ്യ സ്ഥിതിയിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയതോടെയാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന് ചിന്തിക്കാനും ആശ്രയ ഭാരവാഹികൾ ഇന്നെത്തി കൂട്ടിക്കൊണ്ട് പോകാനും കാരണമായതും.അനാഥരില്ലാത്ത ഭാരതം കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ഉത്രാടം സുരേഷ്, സെക്രട്ടറി തൊടിയൂർ സന്തോഷ്, വൈസ് പ്രസിഡന്റ് ആർ. കെ രാധാകൃഷ്ണപിള്ള, പ്രസന്നൻ, സംഗീത, രോഹിണി, ശ്രീകല, ടിടിഐ പ്രിൻസിപ്പൽ മധു, ഹെഡ് ക്ലാർക്ക് ആർ.ബിനു, അഡ്വ.വി ആർ പ്രമോദ്, വാർഡ് മെമ്പർ ഉഷാകുമാരി, മാധ്യമ പ്രവർത്തകൻ ജയചന്ദ്രൻ തൊടിയൂർ,ടിടിഐ വിദ്യാർത്ഥിയും ബാലസംഘം ഏരിയാ സെക്രട്ടറിയുമായ അശ്വിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ടിടിഐ ജീവിതത്തിനിടയിൽ കുറേ നല്ല ബന്ധങ്ങൾ തീർത്ത നാട്ടുകാരുടെ ‘സാമി’ പാതി മനസ്സോടെയാണ് ഒരു പുതു ജീവിതത്തിലേക്ക് ആംബുലൻസിൽ കലയപുരത്തേക്ക് പോയത്.