ഞാൻ സ്വതന്ത്ര സ്ഥാനാർഥിയായി രാജ്യസഭയിലേക്കുള്ള നാമനിർദേശപത്രിക സമർപ്പിച്ചു. രാജ്യത്തിന് വേണ്ടി എപ്പോഴും ഒരു സ്വതന്ത്ര ശബ്ദമായി പ്രവർത്തിക്കാനാണ് ആഗ്രഹിച്ചത്. മോദി സർക്കാറിനെതിരെ പ്രതിപക്ഷ സഖ്യമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്’ -സിബൽ വ്യക്തമാക്കി.
കോൺഗ്രസിനു കനത്ത ആഘാതമായ മുതിർന്ന നേതാവും മുൻ എം.പിയുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടു. വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്നതിനു പത്രികയും നൽകി. 16ന് തന്നെ താൻ കോൺഗ്രസ് പാർട്ടിക്ക് രാജി സമർപ്പിച്ചിരുന്നതായി നാമനിർദേശപത്രിക സമർപ്പിച്ചതിന് ശേഷം കപിൽ സിബൽ മാധ്യമങ്ങളോട് പറഞ്ഞു.
എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തി കപിൽ സിബൽ നാമനിർദേശപത്രിക സമർപ്പിച്ചു.
‘ഞാൻ സ്വതന്ത്ര സ്ഥാനാർഥിയായി രാജ്യസഭയിലേക്കുള്ള നാമനിർദേശപത്രിക സമർപ്പിച്ചു. രാജ്യത്തിന് വേണ്ടി എപ്പോഴും ഒരു സ്വതന്ത്ര ശബ്ദമായി പ്രവർത്തിക്കാനാണ് ആഗ്രഹിച്ചത്. മോദി സർക്കാറിനെതിരെ പ്രതിപക്ഷ സഖ്യമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്’ -സിബൽ വ്യക്തമാക്കി.
2016 ൽ ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു കബിൽ സിബൽ. സുപ്രിം കോടതിയിൽ അറിയപ്പെടുന്ന അഭിഭാഷകനായ കബിൽ സിബൽ രാജ്യത്തെ മതേതര- ജനാധിപത്യ പോരാട്ടങ്ങളിലും ഭരണകൂടവേട്ടക്കെതിരെ നിയമ പോരാട്ടങ്ങളിലും മുന്നിൽനില്ക്കുന്ന വ്യക്തിയാണ്. ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണത്തിനു ന്യൂനപക്ഷ വിഭാഗം പ്രധാനമായും ആശ്രയിക്കുന്നത് കബിൽ സിബലിനെയാണ്.
കോൺഗ്രസ് വിമത നേതാക്കളുടെ തിരുത്തൽ വാദി കൂട്ടായ്മയായി അറിയപ്പെട്ട ജി 23യിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു കപിൽ സിബൽ.ഗാന്ധി കുടുംബം പാർട്ടി നേതൃരംഗത്തുനിന്ന് മാറുക, പാർട്ടിയിൽ പാർലമെന്ററി ബോർഡ് രൂപീകരിക്കുക, സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക എന്നിങ്ങനെ പരിഷ്‌കരണവാദം ഉയർത്തിയ നേതാക്കൾ പിന്നീട് പലവഴിക്കാവുന്ന കാഴ്ചയാണ് കാണുന്നത്. ജി23 യിലെ ചിലനേതാക്കൾ ബിജെപിയിലേക്കു പോയി. കുറച്ചുപേർ കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിൽ വീണ്ടും സജീവമായി. രാജസ്ഥാൻ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിന് സിബൽ പങ്കെടുത്തിരുന്നില്ല. രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ പരസ്യവിമർശനം ഉന്നയിച്ചതോടെ കോൺഗ്രസും കബിൽ സിബലിനെ അകറ്റിനിർത്തുന്ന സമീപനത്തിലേക്ക് ഒടുവിൽ മാറിയിരുന്നു.
മോദി -അമിത് ഷാ കൂട്ടുക്കെട്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കബിൽ സിബൽ 2021 ആഗസ്റ്റിൽ പ്രതിപക്ഷനേതാക്കളുടെ യോഗം അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചുചേർത്തിരുന്നു. എൻസിപി നേതാവ് ശരത് പവാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, എസ്.പി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ, നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല, ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്, തൃണമൂൽ നേതാവ് ഡെറിക് ഒബ്രയാൻ
ജി23 നേതാക്കളായ ഗുലാം നബി ആസാദ്, മനീഷ് തിവാരി, ആനന്ദ് ശർമ, ശശി തരൂർ, മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പൊതുവെ ആദരിക്കുന്ന വ്യക്തിത്വമാണ് കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുന്നത്.
കബിൽ സിബലിന്റെ പുറത്തേക്കുള്ള പോക്ക് കോൺഗ്രസിനു കനത്ത ക്ഷീണമാണ് സൃഷ്ടിക്കുക.
കോൺഗ്രസ് വിട്ടതിൽ കപിൽ സിബലിനെ ആക്ഷേപിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചത്. അദ്ദേഹം പാർട്ടി വിട്ടത് തിരിച്ചടിയല്ല. തെറ്റുകൾ ഉൾകൊണ്ട് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസെന്നും കെസി പറഞ്ഞു. ഉന്നത നിലവാരമുള്ള കത്താണ് കപിൽ സിബൽ പാർട്ടിക്ക് അയച്ചതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. അധികാര മോഹിയെന്നും മറ്റും വിളിച്ച് ആക്ഷേപിക്കാനാവുന്നതല്ല കബിൽ സിബലിന്റെ നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തിനും വ്യക്തമാണ്.