കൽപ്പറ്റ: കർഷകനെ കൊന്ന കടുവയെ വെടിവെച്ച് കൊല്ലന്നതുവരെ കൊല്ലപ്പെട്ട തോമസിന്റെ (സാലു )വിന്റെ മൃതദേഹം അടക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും. തോമസിന്റെ കുട്ടികളിൽ ഒരാൾക്ക് ആശ്രിത നിയമനമടക്കം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതു വരെ മൃതദേഹം അടക്കില്ലെന്നാണ് തീരുമാനം.
ഇന്നലെ കടുവയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തോമസ് മരണമടഞ്ഞതോടെ പ്രദേശത്ത് ജനരോഷം ശക്തമാവുകയാണ്. മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പ്രദേശത്ത് വനം വകുപ്പിനെതിരെയും പ്രതിഷേധമുണ്ട്.
ഇതിനിടെ കടുവക്കു വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.ആർ. ആർ ടി സംഘവും വനം വകുപ്പും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചു. വിവിധയിടങ്ങളിലായി ഏഴ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആർആർടി അംഗങ്ങൾ ഉൾപ്പടെയുള്ള വനംവകുപ്പ് സംഘം കടുവയെ പിടികൂടാനുള്ള ദൗത്യത്തിലുള്ളത്. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടിയേക്കും.ജനങ്ങളോട് പുറത്തിറങ്ങരുതെന്നും അഭ്യർത്ഥനയുണ്ട്.