പാലക്കാട് : പ്രമുഖ വ്യവസായഗ്രൂപ്പായ ഇന്‍ഡല്‍ കോര്‍പറേഷന്‍ നിര്‍മിച്ച ജില്ലയിലെ ആദ്യത്തെ പഞ്ചനക്ഷത്രഹോട്ടല്‍ ‘ഡിസ്ട്രിക്റ്റ് നയൺ’ ഡിസംബര്‍ 31ന് കഞ്ചിക്കോട്ട് തുറക്കും. ദേശീയപാതയോരത്ത് ഐ.ടി.ഐ.യ്ക്ക് എതിര്‍വശത്താണ് ഹോട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്.
31ന് രാത്രി ‘മിഡ്‌നൈറ്റ് @9’ എന്ന പുതുവത്സരാഘോഷ പരിപാടിയോടെയാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് ഹോട്ടല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉമേഷ് മോഹനന്‍, ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണന്‍, ഡയറക്ടര്‍ അനീഷ് മോഹന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.. ‘മസാല കോഫി’ മ്യൂസിക് ബാന്‍ഡിന്റെ സംഗീതപരിപാടിയോടെയാവും തുടക്കം. ലൈവ് ഡി.ജെ., വിനോദപരിപാടികള്‍ തുടങ്ങിയവയും ഇതിനൊപ്പമുണ്ടാവും.
കേന്ദ്ര വിനോദസഞ്ചാരവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍പ്രകാരമാണ് ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒന്നരയേക്കര്‍ സ്ഥലത്ത് ഒരുലക്ഷം ചതുരശ്രയടിയിലാണ് ഹോട്ടല്‍. 40 മുറികള്‍, മള്‍ട്ടി ക്യുസീന്‍ റെസ്റ്റോറന്റ്, 400, 150 വീതം സീറ്റുകളുള്ള രണ്ട് ബാങ്കിറ്റ് ഹാളുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് മുറി, മള്‍ട്ടി ജിം, റൂഫ് ടോപ്പ് പൂള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വ്യവസായമേഖലയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് കഞ്ചിക്കോട്ട് ഹോട്ടല്‍ ആരംഭിക്കുന്നത്. മലമ്പുഴ ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം സാധ്യതകളെ വളര്‍ത്തുകയും ലക്ഷ്യമാണ്. ഹോട്ടല്‍ ആരംഭിക്കുന്നതോടെ 200 പേര്‍ക്ക് പ്രത്യക്ഷമായും 200 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.