തൊടുപുഴ / അടിമാലി : സംസ്ഥാനത്തെ ഏക ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിൽ പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിന് കൊച്ചിൻ ഷിപ്യാർഡിന്റെ സി. എസ്. ആർ ഫണ്ടിൽ നിന്നും 66 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു. 27 കുടികളിലായി കഴിയുന്ന ആദിവാസി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സ്കൂളിന് പുതിയ കെട്ടിടവും പാചകപ്പുരയും മെസ്സും അനുവദിക്കുവാൻ 2020 ൽ കൊച്ചിൻ ഷിപ്യാർഡിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. കൊച്ചിൻ ഷിപ്യാർഡിന്റെ പ്രതിനിധികൾ ഇടമലക്കുടിയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. യൂസർ ഏജൻസിയായ വിദ്യാഭ്യാസവകുപ്പിന്റെ അപേക്ഷ എം. പിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് അംഗീകരിച്ച് ഫണ്ട് അനുവദിക്കുകയാണുണ്ടായത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സി. എസ്. ആർ നിബന്ധനകൾക്ക് വിധേയമായി വനം വകുപ്പ്, പട്ടികവർഗ്ഗ ക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇടമലക്കുടി ഗ്രാമപഞ്ചായത്ത് എന്നിവയെ കൂട്ടിയിണക്കി സ്കൂൾ കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിനു ആവശ്യമായ എല്ലാ സാങ്കേതിക നടപടികളും ആരംഭിക്കുമെന്നും എം. പി. അറിയിച്ചു.