ഉസ്മാൻ അഞ്ചുകുന്ന്
തിരുവനന്തപുരം:പി.വി അൻവർ ഉയർത്തിയ കൊടും കാറ്റ് ആഞ്ഞു വീശി കൊണ്ടിരിക്കെ പി.ശശിയുടെ കസേര തെറിക്കുമെന്ന് ഉറപ്പായി.
മുഖ്യമന്ത്രിയുടെ തണലിൽ പി.ശശി എല്ലാ വഴി വിട്ട നീക്കങ്ങൾക്കും ചുക്കാൻ പിടിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായി കൊണ്ടിരിക്കെ ഭരണപക്ഷത്തുള്ള കെ.ടി. ജലീൽ എം.എൽ എ , മുൻ എം.എൽ.എ കാരാട്ട് റസാഖ് എന്നിവർ പരസ്യമായി രംഗത്തുവന്നതും സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിൽ എം.ആർ അജിത് കുമാറും പി.ശശിയും ചേർന്ന് സമാന്തരമായി നടത്തിയ ഭരണത്തിൽ പോലീസ് തലപ്പത്തെ ഡി.ജി.പി പോലും അപ്രസക്തമാവുകയായിരുന്നു. തൃശൂർ പൂരം കലക്കൽ സോളാർ അട്ടിമറി തുടങ്ങി ഒട്ടെറെ ഗുരുതരമായ ആരോപണങ്ങളാണ് പി.വി അൻവർ പുറത്തുവിട്ടിരിക്കുന്നത്.
പി.ശശിയെ മാറ്റുകയല്ലാതെ മുഖ്യമന്ത്രിക്ക് വേറെ വഴിയില്ല. വിഷയം പ്രതിപക്ഷം ശക്തമായി ഏറ്റെടുത്തതോടെ സംസ്ഥാനം വരും ദിവസങ്ങളിൽ സംഘർഷഭരിതമാവുമെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്.
കൊലപാതകം സ്വർണ്ണകടത്ത് തുടങ്ങിയ ആരോപണങ്ങളും കവടിയാർ കൊട്ടാരത്തിനടുത്ത് 15 കോടിയുടെ കൊട്ടാര സമാനമായ വീടുപണി നടന്നുകൊണ്ടിരിക്കുന്നതുമൊക്കെ ശക്തമായ തെളിവായി എം.ആർ അജിത് കുമാറിനെതിരെ പുറത്ത് വന്നതോടെ ഇദ്ദേഹത്തെ മാറ്റി നിർത്താതെ സർക്കാരിന്നു മുന്നോട്ടു പോകാനാവില്ല. സൈബർ ഗ്രൂപ്പുകൾ പ്രതിരോധിക്കാതെ അൻവറിന് പിന്തുണയുമായി എത്തുന്നതും സി.പി.എമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
ഇടതുമുന്നണിയെയും സി.പി.എമ്മിനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് എ.ഡി.ജി.പിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഞെട്ടിക്കുന്ന ആരോപണങ്ങൾ പുറത്ത് വന്നിരിക്കുന്നത്. വരും മണിക്കൂറുകൾ നിർണായകമാണെന്നിരിക്കെ രാഷ്ട്രീയ കേരളം കാത്തിരിക്കുന്നു.