ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയം പാസ്സായതിനെത്തുടർന്ന് പാകിസ്താൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെ പുറത്താക്കി. പാക് നാഷണൽ അസംബ്ലിയിൽ അവിശ്വാസപ്രമേയം 174 വോട്ടിനു പാസായതോടെയാണ് ഇമ്രാന് പദവിയൊഴിയേണ്ടി വന്നത്.ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.വോട്ടെടുപ്പിന് മുമ്പ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിനാൽ പാർലമെന്റ് അംഗമായ അയാൻ സാദിഖ് ആണ് വോട്ടെടുപ്പ് നിയന്ത്രിച്ചത്. പാക് നാഷണൽ അസംബ്ലി പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി സുപ്രിം കോടതി റദ്ദാക്കിയതോടെയാണ് ശനിയാഴ്ച അവിശ്വാസ പ്രമേയം വോട്ടിനിട്ടത്. അങ്ങനെ ക്രി്ക്കറ്റ് കീരീടം ചൂടിയ ജനപ്രീതിയിലൂടെ പാകിസ്താൻ ഭരണത്തിന്റെ തലപ്പത്തേക്കു ഉയർന്ന ഇമ്രാൻഖാന്റെ സ്ഥാനം പ്രതിപക്ഷത്താകുന്നു
1992 മാർച്ച് 25ന് മെൽബണിൽ പാക്കിസ്താൻ ഏക ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ഇമ്രാൻ ഖാൻ 1996 ഏപ്രിൽ 25നാണ് തെഹ്രികെ ഇൻസാഫ് എന്ന പുതിയ പാർട്ടി രൂപീകരിച്ചത്. 2018 ഓഗസ്റ്റ് 13ന് 22 വർഷത്തിനുശേഷം കേവല ഭൂരിപക്ഷം നേടി പ്രധാനമന്ത്രിയായി. പാകിസ്താനെ അടിമുടി ഗ്രസിച്ച അഴിമതിക്കെതിരെയുളള നിലപാടിലൂടെയാണ് ഇമ്രാൻഖാൻ ജനങ്ങളെ സ്വാധീനിച്ചത്. സൈന്യത്തിന്റെ എതിർപ്പ്, ഭരണകക്ഷിയിലെ ഭിന്നത എന്നിവയും ഇമ്രാന്റെ പതനത്തിനു ആക്കം കൂട്ടുന്നതായിരുന്നു. 342 അംഗ പാർലമെന്റിൽ 172 സീറ്റാണ് അവിശ്വാസ പ്രമേയം പാസ്സാകാൻവേണ്ടിയിരുന്നത്. തന്നെ പുറത്താക്കിയ നടപടിക്കെതിരെ തെരുവിൽ പ്രതിഷേധിക്കാൻ ഇമ്രാൻഖാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇറക്കുമതി ചെയ്ത സർക്കാരിനെ അംഗീകരിക്കില്ലെന്നും ഇമ്രാനൻഖാൻ വ്യക്തമാക്കി.
മുൻ പ്രധാന മന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷെഹ്ബാസ് ഷരീഫ് അടുത്ത പ്രധാന മന്ത്രിയാകുമെന്നാണ് സൂചന