Friday, January 10, 2025

Top 5 This Week

Related Posts

അങ്കമാലി- ശബരി പാത അട്ടിമറിക്കാൻ നീക്കം ; ആക്ഷൻ കൗൺസിലുകളുമായി ചേർന്ന് ചെറുക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി.

മൂവാറ്റുപുഴ : 264 കോടി രൂപയുടെ നികുതി പണമുപയോഗിച്ചു 7 കിലോമീറ്റർ റെയിൽ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ നീളമുള്ള പെരിയാർ പാലവും നിർമ്മിച്ചു കഴിഞ്ഞ അങ്കമാലി- എരുമേലി ശബരി റെയിൽവേ പദ്ധതിയിൽ ആശയക്കുഴപ്പമുണ്ടാക്കി വൈകിപ്പിക്കാനുള്ള തല്പരകക്ഷികളുടെ ഗൂഡാലോചനയെ ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുമായി ചേർന്ന് ചെറുക്കുമെന്ന് ഡീൻ കുരിയാക്കോസ് എം പി.

1998 ൽ പ്രധാന മന്ത്രി എ ബി വാജ്‌പേയി കേരളത്തിന് അനുവദിച്ച അങ്കമാലി – ശബരി റെയിൽവേ പദ്ധതി അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. 2016 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ഏക വികസന പദ്ധതിയുമാണ് അങ്കമാലി ശബരി റെയിൽവേ.

കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് അങ്കമാലി-ശബരി റെയിൽവേ നിർമ്മാണ ചെലവ് പങ്കുവെയ്ക്കുന്നതിന് 2021 ജനുവരിയിൽ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുക്കുകയും സംസ്ഥാന ബജറ്റിൽ 2000 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്. 111 കിലോമീറ്റർ ദൈർഘ്യമുള്ള എരുമേലി വരെയുള്ള ഒന്നാം ഘട്ടത്തിലെ ഫൈനൽ ലൊക്കേഷൻ സർവ്വേ നടത്തി തയ്യാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്ര സർക്കാരിന്റെ ഫ്‌ലാഗ് ഷിപ്പ് പദ്ധതിയായ പിഎം ഗതിശക്തിയിൽ ഉൾപെടുത്തി അനുമതി നൽകാൻ റെയിൽവേ ബോർഡ് പരിശോധിക്കുകയാണ്.

3500 കോടി രൂപയുടെ അങ്കമാലി-ശബരി റെയിൽവെ പദ്ധതി ഉപേക്ഷിച്ച് പരിസ്ഥി ദുർബല മേഖലയായ പമ്പാ നദിയിലൂടെയും പെരിയാർ കടുവാ സങ്കേതത്തിലൂടെയും ചെങ്ങന്നൂരിൽ നിന്നും ഹൈ സ്പീഡ് റെയിൽ പാത നിർമ്മിക്കാൻ 13, 000 കോടി രൂപയുടെ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത് കേരളത്തിലെ റെയിൽവേ വികസനത്തെ അട്ടിമറിക്കാനുള്ള സ്ഥാപിത താല്പര്യക്കാരാണ്.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ 5 ജില്ലകളിലൂടെ അങ്കമാലിയിൽ നിന്ന് എരുമേലി, പുനലൂർ വഴി തിരുവനന്തപുരത്തെയ്ക്കുള്ള റെയിൽപാതകളുടെ ഒന്നാം ഘട്ടമാണ് അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതി. തെക്കൻ കേരളത്തിലെ 25 പട്ടണങ്ങൾക്ക് റെയിൽവേ സ്റ്റേഷനുകൾ ലഭ്യമാക്കുന്ന അങ്കമാലി-എരുമേലി- പുനലൂർ – തിരുവനന്തപുരം, ശബരി റെയിൽവേ ദേശിയ തീർത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രത്തിലേയ്ക്കും ഭാരതത്തിലെ മതമൈത്രിയുടെ കേന്ദ്രസ്ഥാനമായ വാവരു സ്വാമിയുടെ എരുമേലിയിലേയ്ക്കും, പ്രമുഖ ക്രിസ്ത്യൻ പുണ്ണ്യകേന്ദ്രമായ ഭരണങ്ങാനത്തേയ്ക്കും ആദി ശങ്കരാചാര്യരുടെ ജന്മ സ്ഥലമായ കാലടിയിലേയ്ക്കും, വടക്കൻ കേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നും മധ്യ കേരളത്തിൽ നിന്നും കൊല്ലം-പുനലൂർ-ചെങ്കോട്ട റെയിൽവേ വഴി തമിഴ് നാട്ടിൽ നിന്നും തീർത്ഥാടകർക്ക് എത്തി ചേരാൻ സഹായകരമായ പദ്ധതിയാണ്.

കാലടിയിലെ അരി സംസ്‌കരണ വ്യവസായത്തിന്റെയും പെരുമ്പാവൂരിലെ ഫ്‌ലൈവുഡ് വ്യവസായത്തിന്റെയും കോതമംഗലം നെല്ലിക്കുഴിയിലെ ഫർണണീച്ചർ വ്യവസായത്തിന്റെയും മുവാറ്റുപുഴ വാഴക്കുളത്തെ പൈനാപ്പിൾ വ്യാപാരത്തിന്റെയും തൊടുപുഴയിലെ കിൻഫ്രായുടെ സ്‌പൈസസ് പാർക്കിലെ വ്യവസായ യൂണിറ്റുകളുടെയും വളർച്ചയ്ക്ക് അങ്കമാലി-ശബരി റെയിൽവേ അനിവാര്യമാണ്. പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, ഭൂതത്താൻകെട്ട്, തൊമ്മൻകുത്ത്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ, ഇടുക്കി ആർച്ച് ഡാം, കുളമാവ്, പുള്ളിക്കാനം, വാഗമൺ, കുട്ടിക്കാനം, തേക്കടി എന്നിവിടങ്ങളിലെയ്ക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനും അങ്കമാലി-ശബരി റെയിൽവേ സഹായകരമാണ്. കാർഷിക വിളകളായ റബർ, കുരുമുളക്, ഏലം എന്നിവയുടെ വിപണനത്തിനും അങ്കമാലി-ശബരി റെയിൽവേ പ്രയോജനകരമാണ്.

അങ്കമാലിയിൽ നിന്ന് എരുമേലിയിലേയ്ക്കും എരുമേലിയിൽ നിന്ന് പുനലൂർ വഴി തിരുവനന്തപുരത്തെയ്ക്കുമായി 250 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കാൻ സർവ്വേ നടത്തിയിട്ടുള്ള അങ്കമാലി-എരുമേലി-പുനലൂർ-തിരുവനന്തപുരം സമാന്തര റെയിൽവേയ്ക്ക് (ശബരി പാതയ്ക്ക്) ഏകദേശം 7500 കോടി രൂപ മാത്രം ആവശ്യമുള്ളപ്പോൾ ചെങ്ങന്നൂരിൽ നിന്ന് 75 കിലോമീറ്റർ ദൈർഘ്യം വരുന്ന പമ്പാ നദിയിൽ നിർമ്മിച്ച് വർഷത്തിൽ 6 മാസം മാത്രം പ്രവർത്തിക്കുന്നതുമായ ഹൈ സ്പീഡ് റെയിൽപാതയ്ക്ക് 13, 000 കോടി രൂപ വേണ്ടി വരുമെന്നാണ് പറയുന്നത്. സിൽവർ ലൈൻ പ്രൊജക്റ്റിന്റെ ന്യൂനതകളിൽ ഒന്നായി പറഞ്ഞിരുന്ന പരിസ്ഥിതി ആഘാതം നദിയിലൂടെയും കടുവാ സങ്കേതമായ വനത്തിലൂടെയും റെയിൽവേ ലൈൻ നിർമ്മിക്കുമ്പോൾ ഇല്ലാത്തത് ദുരൂഹമാണ്. കടുവാ സങ്കേതത്തിന് 10 കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആണെന്ന് പറഞ്ഞാണ് അഴുത വരെ നിർമ്മിക്കാൻ അനുമതി ഉണ്ടായിരുന്ന അങ്കമാലി-ശബരി റെയിൽവേ എരുമേലി വരെയാക്കി ചുരുക്കിയതെങ്കിൽ ചെങ്ങന്നൂരിൽ നിന്ന് കടുവാ സങ്കേതത്തിൽ കൂടി റെയിൽവേ നിർമ്മിക്കണമെന്ന നിർദേശം പരിഹാസ്യമാണ്.

അങ്കമാലി-ശബരി റെയിൽവേയ്ക്കായി 22 വർഷം മുൻപ് കല്ലിട്ട് തിരിച്ച അങ്കമാലി മുതൽ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലങ്ങളുടെ ഉടമകൾ സ്ഥലം വിൽക്കാനോ, വീട് നിർമ്മിക്കാനോ, സ്ഥലം ഈട് വെച്ചു വായ്പ എടുക്കാനോ കഴിയാതെ കഷ്ടപ്പെടുമ്പോഴാണ് നാലിരട്ടി ഫണ്ട് ആവശ്യമുള്ളതും ഒരിക്കലും ലാഭകരമാകാത്തതും നദിയിലൂടെയും കടുവാ സങ്കേതമായ വനത്തിലൂടെയും ബദൽ ശബരി റെയിൽപാതയ്ക്ക് സർവ്വേ നടത്തുമെന്ന് പറഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കി അങ്കമാലി-ശബരി റെയിൽവേ പദ്ധതി വൈകിപ്പിക്കാൻ ശ്രമിക്കുന്നത് ജനവഞ്ചനയാണെന്ന് ഡീൻ കുരിയാക്കോസ് എം പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles