Saturday, February 1, 2025

Top 5 This Week

Related Posts

വംശഹത്യയുടെ നീറുന്ന ഓർമകൾ ബാക്കിയാക്കി, സാകിയ ജാഫ്രി വിടവാങ്ങി

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി യായിരുന്ന ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി (86) അന്തരിച്ചു. തന്റെ ഭർത്താവ് അടക്കം ക്രൂരമായി കൊല്ലപ്പെട്ട കലാപത്തിലെ ഇരകൾക്കുവേണ്ടി അവസാനംവരെ നിയമ പോരാട്ടം നടത്തിയ ധീരയാണ് സാകിയ ജാഫ്രി.

കലാപത്തിലെ പ്രതികളെ നിയമത്തിനു മുന്നിൽകൊണ്ടുവരുന്നതിന് കഠിന പോരാട്ടത്തിനു നേതൃത്വം നല്കിയ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ആണ് മരണവാർത്ത പങ്കുവെച്ചത്.

”മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ വെറും 30 മിനിറ്റ് മുമ്പ് അന്തരിച്ചു!” എന്നാണ് ടീസ്റ്റ എക്സിലൂടെ അറിയിച്ചത്്. വംശഹത്യയിൽ അഹമ്മദാബാദിലെ ചമൻപുരയിലെ ഗേറ്റഡ് ഗുൽബർഗ് സൊസൈറ്റിയിൽ വെച്ച് 68 പേർക്കൊപ്പമാണ് കോൺഗ്രസ് എംപിയായിരുന്ന ഇഹ്സാൻ ജാഫ്രി കൊല്ലപ്പെട്ടത്. സാകിയയുടെ കൺമുൻപിൽ വെച്ചായിരുന്നു ആയുധങ്ങളേന്തിയ ജനക്കൂട്ടം ഭർത്താവിനെ കൊലപ്പെടുത്തിയത്. തന്റെ വീട്ടിൽ അഭയം തേടിയവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ക്രൂരമായ ഇഹ്‌സാൻ ജാഫ്രിയുടെ കൊലപാതകം.
കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും, അക്രമവുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും മറ്റ് രാഷ്ട്രീയ നേതാക്കൾക്കും പങ്ക് ഉണ്ടെന്നും ആരോപിച്ചാണ് സാകിയ രംഗത്തുവന്നത്. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരോപിച്ച് 2006 ലാണ് സാകിയ നീതിക്കായുള്ള പോരാട്ടം ആരംഭിക്കുന്നത്. 2008-ൽ ഗുൽബർഗ് സൊസൈറ്റി സംഭവമടക്കം ഒമ്പത് കേസുകൾ പുനരന്വേഷിക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. സാകിയയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു.

ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ വിഎച്ച്പി നേതാവ് ഉൾപ്പെടെ 24 പേർ കുറ്റക്കാരാണെന്ന് അഹമ്മദാബാദിലെ പ്രത്യേക എസ്‌ഐടി കോടതി 2016ൽ വിധിച്ചിരുന്നു. എന്നാൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മറ്റും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ക്ലീൻ ചിറ്റ് നല്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സകിയ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി സാകിയയുടെ വാദം അംഗീകരിച്ചില്ല.

‘എന്റെയുള്ളിൽ ശ്വാസം അവശേഷിക്കുന്ന അവസാന നിമിഷം വരെ ഞാൻ പോരാടിക്കൊണ്ടിരിക്കും’ എന്നതായിരുന്നു സാകിയ ജാഫ്രിയുടെ വാക്കുകൾ. ശ്വാസം നിലക്കുംവരെയും ഭർത്താവ് ഉൾപ്പെടെ ഗുജറാത്ത് കലാപത്തിലെ ഇരകൾക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഈ വയോധിക.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles