കല്‍പ്പറ്റ: ആയിരങ്ങളുടെ ജീവിത സ്വപ്നങ്ങളെ ഒറ്റ രാത്രി കൊണ്ട് നക്കി തുടച്ചു പോയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ എല്ലാ കണക്കുകളെയും മറികടക്കുന്നു. ദുരന്തത്തിന്റെ രണ്ടാം ദിനത്തില്‍ രക്ഷാ പ്രവര്‍ത്തകര്‍ മുണ്ടക്കൈയിലും എത്തിയതോടെ മരണപ്പെട്ടവരുടെ എണ്ണം കുതിച്ചുയരുന്നു. ഇതിനകം 200 മുതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും നിരവധി പേര്‍ മണ്ണിനടിയിലും നിലം പൊത്തിയ വീടുകള്‍ക്കുള്ളിലും കോണ്‍ക്രീറ്റ് കെട്ടിടത്തിനകത്തും കുടുങ്ങി കിടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്.
മരങ്ങള്‍ക്കും വേരുകള്‍ക്കുമിടയില്‍ കുരുങ്ങി കിടക്കുന്ന മൃതദേഹങ്ങള്‍ ഓരോന്നായി പുറത്തെടുക്കുമ്പോഴും കാണാതായവരുടെ ബന്ധുക്കളുടെ വിലാപം നിലക്കുന്നില്ല. 225 പേരെ ഇനിയും കണ്ടെത്താനുണ്ട് ദുരന്ത ഭൂമിയിലും ആശുപത്രികളിലും ഉറ്റവര്‍ക്കായി അലമുറയിടുന്നവരുടെ കാഴ്ച കരളലിയിക്കുന്നതാണ്.
ചാലിയാര്‍ പുഴയില്‍ ഇന്നും മൃതദേഹം കണ്ടെത്തി. ഇന്നലെയും ഇന്നുമായി ചാലിയാറില്‍ നിന്നു 76 ശരീരങ്ങളാണ്കണ്ടെത്തിയത്. കുഞ്ഞുമക്കളുടെ ശരീരങ്ങള്‍ കണ്ടെടുക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പോലും കരഞ്ഞു പോകുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാവുമ്പോള്‍ മാറിമാറിവരുന്ന കാലാവസ് വെല്ലുവിളി ഉയര്‍ത്തുന്നു.
മുണ്ടക്കൈയില്‍ രക്ഷാ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നു. തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ കുടുംബാംഗങ്ങള്‍ കൂട്ടത്തോടെ മരിച്ചുകിടക്കുന്നു. ചില മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ്. പലേടത്തും മരണത്തിലും വേര്‍പിരിയാതെ മക്കളെയും ചേര്‍ത്തുപിടിച്ച് കിടക്കുന്നവര്‍. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍— ഗതാഗതം തകര്‍ന്നതിനാല്‍ കൈയില്‍ കരുതാവുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം. സൈന്യം നിര്‍മിക്കുന്ന ബെയ്‌ലി പാലം പണി തീരുന്നതോടെ മാത്രമേ മണ്ണിനടിയിലും മറ്റും തിരച്ചില്‍ നടത്താനാവൂ. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയിലും കൂറ്റന്‍ പാറക്കല്ലുകള്‍ക്കിടയിലും ചെളിയിലും രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്.
പാലം പണി പുരോഗമിക്കുകയാണ്. സൈന്യം, എന്‍ഡിആര്‍എഫ് കേരള പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ഫയര്‍ ഫോഴ്സ്, കെ 9 സ്‌ക്വാഡ് എന്നീ അഞ്ചു സംഘങ്ങള്‍ ആണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാകുന്ന മൃതദേഹങ്ങള്‍ ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങി പള്ളികളിലും സ്മശാനങ്ങളിലും സംസ്‌കരിക്കുന്നു.
മേപ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍, മുണ്ടക്കൈ,കാപ്പം കൊല്ലി ജുമാ മസ്ജിദ്, നെല്ലിമുണ്ട ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ കബറടക്കുന്നതിന് തയ്യാറായിട്ടുണ്ട്.