റോഷ്നി ഫ്രാൻസീസ്
മേപ്പാടി: ജീവിച്ചിരിക്കുമ്പോൾ അവർ ഒറ്റക്കെട്ടായിരുന്നു. ഓണവും പെരുന്നാളും ക്രിസ്മസും എല്ലാം അവർ ഒന്നായാണ് ആഘോഷിച്ചിരുന്നത് അവരുടെ നാട്ടിൽ ജാതിയോ മതമോ നോക്കി ഒരാഘോഷവും നടന്നിരുന്നില്ല. അവർ തോളോട് തോൾ ചേർന്നാണ് ജീവിച്ചത്. ഒടുവിൽ അവർ ഒരുമിച്ച് മടങ്ങി മണ്ണിലേക്ക് ഒരുമിച്ച് അന്തിയുറങ്ങി… എട്ട് മൃതദേഹങ്ങളാണ് ഞായറാഴ്ച സംസ്കരിച്ചത്.
മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാവാത്ത എട്ട് മൃതദേഹങ്ങളാണ് പുത്തുമല നേരത്തെ ഉരുൾപൊട്ടിയ ഭൂമിയിൽ സംസ്കരിച്ചത്.ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് പൊതു ശ്മാശാനമാക്കിയത്. സർവമത പ്രാർത്ഥനയോടെയാണ് ശരീരങ്ങൾ സംസ്കരിച്ചത്.
6 ദിവസം മുമ്പ് രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ 600 കുടുംബങ്ങളാണ് മഹാദുരന്തത്തിൽ ചിന്നിചിതറിപോയത് 62 മൃതദേഹങ്ങളിൽ പലതും പൂർണ്ണമല്ല. കാണാമറയത്തുള്ള തങ്ങളുടെ പ്രിയപ്പെട്ടവർ ആരൊക്കെയോ ഈ കൂട്ടത്തിലുണ്ടെന്ന് കരുതി ദുരന്ത ഭൂമിയിൽ നിന്നും രക്ഷപ്പെട്ടവരിൽ പലരും ചടങ്ങിനെത്തി.
കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയായിരുന്നു ചടങ്ങിനെത്തിയവർ നേർന്നത്. അടുത്തടുത്ത് കുഴികളെടുത്താണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി മാരായ കെ.രാജൻ, ഒ ആർ കേളു, ശശീന്ദ്രൻ പി.എ മുഹമ്മദ് റിയാസ് മറ്റ് ജനപ്രതിനിധികൾ എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു. വേദന തിങ്ങി നിറഞ്ഞ അന്തരീക്ഷത്തിൽ ജനിച്ച മണ്ണിലേക്ക് തന്നെ അവർ മടങ്ങി.