ഉസ്മാൻ അഞ്ചുകുന്ന്
കൽപ്പറ്റ: നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വയനാട് മണ്ഡലത്തിൽ പതിനാറ് സ്ഥാനാർത്ഥികളും പത്രിക പിൻവലിക്കാതെ മത്സര രംഗത്ത് ഉറച്ചു നിന്നു.
യു.ഡി.എഫിൽ പ്രിയങ്കാ ഗാന്ധി, എൽ.ഡി എഫിൽ സത്യൻ മൊകേരി, എൻ.ഡി.എ യിൽ നിന്നും നവ്യ ഹരിദാസ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.
മത്സരരംഗത്തെ ചിത്രം വ്യക്തമായതോടെ വയനാട് മണ്ഡലത്തിൽ പോരാട്ടം ശക്തമാവുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ കന്നി മത്സരമാണ് ഇത്തവണ ഉപതെരെഞ്ഞെടുപ്പിൽ വയനാട്ടിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ദേശീയ ശ്രദ്ധ നേടുന്ന മണ്ഡലം കൂടിയാണ് വയനാട്. കഴിഞ്ഞ തവണ രാഹുലിന് ലഭിച്ച മൂന്നു ലക്ഷത്തിലേറെ വോട്ടുകളെക്കാൾ ഇത്തവണ ഭൂരിപക്ഷം അഞ്ചു ലക്ഷത്തിലേക്ക് ഉയർത്താനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. മുസ്ലിം ലീഗിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വയനാട്. വയനാട് കൂടാതെ കോഴിക്കോട് മലപ്പുറം ജില്ലകളുടെ നിയമസഭാമണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്ന വയനാട് പാർലമെന്റ് മണ്ഡലം യു.ഡി. എഫിന്റെ ഉറച്ച സീറ്റാണ്.
ഇത്തവണ ഏറ്റവും മികച്ച സ്ഥാനാർത്ഥിയായി കാണുന്ന സത്യൻ മൊകേരിയെ ഇറക്കിയാണ് എൽ.ഡി.എഫ് പോരാടുന്നത്. . പ്രിയങ്ക നാമനിർദ്ദേശപത്രിക കൊടുത്തതിനു ശേഷം ഒന്നാംഘട്ട പ്രചരണം നടത്തി കഴിഞ്ഞു.2 ദിവസം മണ്ഡലത്തിൽ ചിലവഴിച്ച് ഡൽഹിക്ക് തിരിച്ചു. ഏറെ വൈകാതെ വീണ്ടും പ്രചരണത്തിനെത്തും.