by കുന്നത്തൂർ രാധാകൃഷ്ണൻ
മലയാള പത്രപ്രവർത്തനത്തിന് വലിയ സംഭാവനകൾ നൽകിയ വിംസി എന്ന വിഎം. ബാലചന്ദ്രന്റെ ജന്മശതാബ്ദിയാണ് ഈ വർഷം. 1925-നവംബർ 25-നാണ് അദ്ദേഹം ജനിച്ചത്
പത്രപ്രവർത്തനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ അനേകം മലയാളികളുണ്ട്. വിംസി എന്നറിയപ്പെട്ട വിഎം. ബാലചന്ദ്രൻ ഈ ശൃംഖലയിൽപ്പെട്ട ധിഷണാശാലിയായിരുന്നു.ആറു പതിറ്റാണ്ടുകാലം നീണ്ട അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പത്ര പ്രവർത്തനത്തിന് സമാനമായി അധികം മലയാളികളെ ചൂണ്ടിക്കാണിക്കാനാവില്ല. ജോലിയോടുള്ള തികഞ്ഞ ആത്മാർഥത, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, മുഖം നോക്കാതെയുള്ള വിമർശനം എന്നിവ വിംസി എക്കാലവും ഉയർത്തിപ്പിടിച്ചു. മലയാളത്തിലെ കളിയെഴുത്തിന്റെ കുലപതി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കളിയെഴുത്തിൽ മുഷ്താഖിനെ പോലുള്ളവർ അദ്ദേഹത്തിന്റെ സമകാലീകരാണ്.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് വിംസി ജനിച്ചതും വളർന്നതും.1949ൽ ദിനപ്രഭയിലായിരുന്നു പത്രപ്രവർത്തനത്തിന്റെ തുടക്കം. 1952ൽ മാതൃഭൂമിയിൽ ചേർന്നു. അതിവേഗം ഉയർന്ന് ന്യൂസ്എഡിറ്ററായി. അദ്ദേഹത്തിന്റെ സ്പോർട്സ് ലേഖനങ്ങൾ ആവേശത്തോടെയാണ് കായികലോകം സ്വീകരിച്ചത്.കളിയെഴുത്ത് അന്ന് ശൈശവാവസ്ഥയിലായിരുന്നു. ഫുട്ബോൾ മാന്ത്രികൻ പെലെയെ മലയാളിക്ക് പരിചയപ്പെടുത്തിയത് വിംസിയാണ്. സ്പോർട്സിനെ അതീവഗൗരവത്തോടെയാണ് അദ്ദേഹം സമീപിച്ചത്. ഉറക്കമിളച്ച് റേഡിയോയിലെ ബിബിസി വാർത്തകൾ കേട്ടുകൊണ്ട് മാത്രം (അന്ന് ഇന്റർനെറ്റോ മൊബൈൽ ഫോണോ ആവിർഭവിച്ചിരുന്നില്ല) അന്താരാഷ്ട്ര കായികവാർത്തകൾക്ക് രൂപം നൽകി.
പിടി. ഉഷയെ പോലുള്ള കായികതാരങ്ങളെയും ഒഎം. നമ്പ്യാരെ പോലുള്ള കോച്ചുകളെയും എഴുതിയെഴുതി വലുതാക്കുന്നതിൽ വിംസി വഹിച്ച പങ്ക് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതല്ല. വളർന്നു വരുന്ന കായികതാരങ്ങൾക്ക് ആ വാക്കുകൾ നിരന്തര പ്രചോദനമായി. അവർ “ട്രാക്ക്” തെറ്റുന്നു എന്ന് കണ്ടെത്തിയാൽ രൂക്ഷമായ ഭാഷയിൽ “പൊരിച്ചുകളയാനും” മടിക്കില്ല. വിമർശനങ്ങളുടെ പേരിൽ നമ്പ്യാരും ഉഷയും വിംസിയോട് പിണങ്ങിയിട്ടുമുണ്ട്.കളിയെഴുത്തിൽ സ്വന്തമായ ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. ഗോൾ പോസ്റ്റിലേക്ക് പാഞ്ഞുവരുന്ന പന്തിനെ “അപ്പോൾ അതാ ഒരു ചിമുക്കനടി വരുന്നു” എന്നാണ് വിശേഷിപ്പിക്കുക. മാൻ ഓഫ് ദ മാച്ചിന്റെ പരിഭാഷ “കളിയിലെ കേമൻ”എന്നായിരിക്കും.
കെ ജയചന്ദ്രനെ കേരളമറിയുന്ന വേറിട്ട പത്രപ്രവർത്തകനായി വളർത്തിയെടുത്തത് വിംസിയായിരുന്നു. മാതൃഭൂമിയുടെ വയനാട് ലേഖകനായിരിക്കെ, ആദിമനിവാസികൾ നേരിടുന്ന ദുരിതങ്ങളും പീഡനങ്ങളും ചൂഷണങ്ങളുമായിരുന്നു ജയചന്ദ്രന്റെ വാർത്തകളിൽ പ്രധാനം. ന്യൂസ് എഡിറ്റര്‍ എന്ന നിലയിൽ അവയില്‍ പലതും ഒന്നാം പേജിലേക്ക് കൊണ്ടുവന്ന് ബൈലൈനോടെ പ്രസിദ്ധീകരിക്കാൻ വിംസി ചങ്കൂറ്റം കാണിച്ചു. പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെ കഥകൾ ഒന്നാം പേജിൽ വരുന്നതിൽ അക്കാലത്ത് പുതുമയുണ്ടായിരുന്നു. ആദിമനിവാസികളെ പോലെ അവരെ സംബന്ധിച്ച വാർത്തകളും അതുവരെ പിന്നാമ്പുറത്തായിരുന്നു. ആദിമനിവാസികൾ എന്നൊരു മനുഷ്യവിഭാഗം ജീവിച്ചിരിക്കുന്നുണ്ടെന്ന് ജയചന്ദ്രന്റെ റിപ്പോർട്ടുകളിലൂടെ പൊതുസമൂഹമറിഞ്ഞു. അതോടെ വയനാട്ടിലെ മാന്യന്മാരുടെ മുഖംമൂടി അഴിഞ്ഞുവീണു. ജയചന്ദ്രന് ശത്രുക്കൾ ഏറുകയും ചെയ്തു. ഭരണകൂടത്തിനും സമൂഹത്തിലെ പ്രമാണിമാർക്കും അനിഷ്ടം തോന്നുന്ന, കയ്പേറിയ യാഥാർഥ്യങ്ങളാണ് ജയചന്ദ്രൻ വാർത്തകളാക്കിയത്. ജയചന്ദ്രന്റെ സമീപനങ്ങളും നിലപാടുകളും നിരീക്ഷണങ്ങളും ജീവിതരീതിയുമെല്ലാം മറ്റു പത്രപ്രവർത്തകരിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. ചേകന്നൂർ മൗലവിയുടെ മൃതദേഹം കണ്ടെത്താൻ പോലീസ് നാടുമുഴുവൻ ഉഴുതുമറിക്കുന്നു. പലേടത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുക്കുന്നു.അവയൊന്നും മൗലവിയുടെതല്ല. അപ്പോൾ ജയചന്ദ്രന്റെ സ്റ്റോറി വരുന്നു. “ആ മൃതദേഹങ്ങൾ ആരുടേത്?” (സദ് വാർത്ത പത്രം പ്രസിദ്ധീകരിച്ചത് ).
വിംസിയും ജയചന്ദ്രനും തമ്മിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു ആത്മബന്ധം നിലനിന്നിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എൺപതുകളിൽ ഞാനടക്കമുള്ള ചെറുപ്പക്കാർ പങ്കാ
ളികളായ എടക്കാട്ടെ ദുർമന്ത്രവാദവിരുദ്ധസമരത്തിന് ഊർജം പകർന്നത് ജയചന്ദ്രന്റെ റിപ്പോർട്ടും അതു ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വിംസിയുമായിരുന്നു. അസി:എഡിറ്റര്‍ ആയിട്ടാണ് മാതൃഭൂമിയിൽ നിന്ന് വിംസി വിരമിച്ചത്.
മാതൃഭൂമിയിൽ നിന്ന് വിരമിച്ചശേഷം കാലിക്കറ്റ് ടൈംസ് പത്രത്തിലാണ് കർമ്മനിരതനായത്.
വിംസി വാർത്തകളുടെ ചുമതലക്കാരൻ ആയിരിക്കെയാണ് 1980കളിൽ ഞാനവിടെ ജോലിയിൽ പ്രവേശിച്ചത്. അദ്ദേഹത്തോടൊപ്പം ന്യൂസ് ഡസ്കിലായിരുന്നു ജോലി. ടെലിപ്രിന്ററിലെ വാർത്തകൾ പരിഭാഷപ്പെടുത്തലായിരുന്നു പ്രധാനജോലി. പിടിഐ ആയിരുന്നു ടൈംസിന്റെ വാർത്താഏജൻസി. മന്ത്രവാദിയെ പോലെ സദാ വിറയ്ക്കുന്നതായിരുന്നു അന്നത്തെ ടെലിപ്രിന്റർ.കുറച്ച് ദൂരെ ആയതിനാൽ അതിന്റെ കടകട ശബ്ദം ഓഫീസിൽ കേൾക്കില്ല.
അക്കാലത്ത് പിപികെ. ശങ്കർ, നിയതി ശ്രീകുമാർ എന്നിവരാണ് ടൈംസിന്റെ കോഴിക്കോട് നഗരത്തിലെ റിപ്പോർട്ടർമാർ. ബാബു കാരാത്ര ഫോട്ടോഗ്രാഫറും. ചിത്രകാരൻ കൂടിയായ ശ്രീകുമാര്‍ നഗരം കലക്കിക്കുടിച്ച റിപ്പോർട്ടറാണ്. ബുദ്ധിജീവികളുമൊത്താണ് സഹവാസം. എക്സ്ക്ലൂസീവുകൾ കണ്ടെത്താൻ ശ്രീകുമാറിന് പ്രയാസമില്ല. നഗരത്തിലെ മുക്കിൽനിന്നും മൂലയിൽ നിന്നും ശ്രീകുമാർ വാർത്തകൾ കണ്ടെടുത്തു. മലപ്പുറം പി മൂസ അന്ന് തിരുവനന്തപുരം ബ്യൂറോ ചീഫാണ്. അവിടെ കനകാംബരൻ എന്നൊരു റിപ്പോർട്ടറുണ്ട്.ബാബുകാരാത്രയുടെ ഫോട്ടോകൾ പലതും ഒന്നാം തരമായിരുന്നു. വിംസി അതു പരമാവധി വലുതാക്കി” വീശിക്കൊടുക്കും.” പെരുമൺ തീവണ്ടി അപകടത്തിന്റെ ചിത്രങ്ങളൊക്കെ ബാബുവിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിന്റെ ഉത്തമമാതൃകകളാണ്. കെ ദമോദരൻ(കണ്ണൂര്‍), സിഒടി. അസീസ് (തലശ്ശേരി), മധു (വടകര), മുഹമ്മദ് (താമരശ്ശേരി) എന്നിവരും ടൈംസിന്റെ താളുകളെ അക്കാലത്ത് സർഗാത്മകമാക്കിയവരാണ്.
കാലിക്കറ്റ് ടൈംസ് സായാഹ്നപത്രമായിരുന്നുവെങ്കിലും വിംസിയുടെ കരവിരുത് മൂലം അത് അന്തസ്സുള്ള, ഗൗരവം മുറ്റിനിൽക്കുന്ന പ്രഭാതപത്രത്തിന്റെ സ്വഭാവമാർജിച്ചു. ജോയ്വർഗീസ് ആയിരുന്നു ടൈംസിന്റെ ചീഫ് എഡിറ്റര്‍. ജേക്കബ്ജോയ് എഡിറ്ററും. ടെലിപ്രിന്ററിലെ വാർത്തകൾക്കൊപ്പം” ദി ഹിന്ദു ” വിലെ ചില വാർത്തകളും പരിഭാഷപ്പെടുത്താൻ വിംസി എന്നെ ഏല്പിക്കും. ആദ്യമാദ്യം കുറെ ക്ലേശങ്ങൾ അനുഭവിച്ചുവെങ്കിലും പിന്നീട് തർജമ ഹരമായി.
ഒരു കീഴ്ജീവനക്കാരൻ എന്ന നിലയിലായിരുന്നില്ല വിംസി എന്നോട് പെരുമാറിയിരുന്നത്. പിതൃതുല്യമായ സ്നേഹം ചൊരിഞ്ഞ അദ്ദേഹം തെറ്റുകൾക്ക് ശാസിക്കുകയും ചെയ്തു.ഞാനത് അമൃത് പോലെ സ്വീകരിച്ചു. കാരണം ആ ശാസനകൾ ഓരോന്നും വലിയ പാഠമായിരുന്നു.
ജനാധിപത്യം, മനുഷ്യാവകാശം, മതനിരപേക്ഷത എന്നിവയ്ക്ക് അദ്ദേഹം മുന്തിയ പരിഗണന നൽകുന്നുണ്ട്. പാകിസ്താനിൽ ദീർഘനാളനത്തെ പട്ടാളഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബേനസീർഭൂട്ടോയുടെ ജനാധിപത്യസർക്കാർ അധികാരത്തിൽ വന്നപ്പോൾ ആ മുഖത്ത് പ്രത്യക്ഷമായ തിളക്കം എന്റെ മനസ്സില്‍ ഇപ്പോഴും പതിഞ്ഞുകിടക്കുന്നുണ്ട്. ചൈനയിൽ ടിയാനെൻമെൻ സ്ക്വയറിൽ ജനാധിപത്യത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയ നിരായുധരായ ആയിരക്കണക്കിന് വിദ്യാർഥികളെ പട്ടാളം വെടിവെച്ചുകൊന്നപ്പോൾ പ്രസിഡണ്ട് ഡെങ് സിയാവോ പിങ്, സൈനികമേധാവിക്ക് ഹസ്തദാനം നൽകുന്ന ചിത്രം ദി ഹിന്ദു പ്രസിദ്ധീകരിച്ചു. കൂട്ടക്കൊലയ്ക്ക് അഭിനന്ദനം എന്നായിരുന്നു ചിത്രം ലിഫ്റ്റ് ചെയ്തശേഷം വിംസി എഴുതിച്ചേർത്ത അടിക്കുറിപ്പ്. എൽകെ. അഡ്വാനിയുടെ അയോധ്യാ രഥയാത്രക്ക് തൊട്ടുപിന്നാലെ ബിഹാറിലെ ഭാഗൽപൂരിൽ വർഗീയകലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ആ മുഖം രോഷം കൊണ്ട് വലിഞ്ഞുമുറുകിയ കാഴ്ച ഒരിക്കലും മറക്കാനാവില്ല. അത്തരം സന്ദർഭങ്ങളിൽ വൈകാരികമായി അദ്ദേഹത്തിൽ നിന്ന് ആത്മഗതവുമുയരും.
ബിബിസിയിൽ നിന്ന് അദ്ദേഹം വികസിപ്പിച്ചെടുത്ത ഒരു സ്പോർട്സ് വാർത്ത ഞാനിപ്പോഴും ഓർമ്മിക്കുന്നു.1988. സോൾ ഒളിമ്പിക്സ് നടക്കുന്ന കാലം. ബെൻജോൺസൺ അക്കാലത്ത് ലോകശ്രദ്ധ നേടിയ കനേഡിയൻ ഓട്ടക്കാരനാണ്. അദ്ദേഹത്തിന് അതിന് മുമ്പ് രണ്ട് ഒളിമ്പിക് വെങ്കല മെഡൽ ലഭിച്ചിട്ടുണ്ട്. സോൾ ഒളിമ്പിക്സിൽ ഓട്ടത്തിൽ എതിരാളികളെ നിലംപരിശാക്കി ബെൻ ജോൺസൺ
സ്വർണം നേടി. കേരളത്തിലടക്കം മാധ്യമങ്ങൾ
ആ വിജയം കൊണ്ടാടി. മണിക്കൂറുകൾ കഴിഞ്ഞില്ല, അതിനുമൻപ് വിംസിയുടെ വാർത്ത ടൈംസിന്റെ ലീഡ്
സ്റ്റോറിയായി പ്രത്യക്ഷപ്പെടുന്നു. “ഉത്തേജകമരുന്ന്:ബെൻജോൺസന്റെ കിരീടം തെറിച്ചു” എന്നായിരുന്നു തലക്കെട്ട്. അന്ന് ടൈംസ് പലവട്ടം അച്ചടിക്കേണ്ടി വന്നു. ആവശ്യക്കാരുടെ എണ്ണം അത്ര വലുതായിരുന്നു. മരുന്നടിച്ച് ഓടിയത് പിടിക്കപ്പെട്ടതിനാൽ ബെൻജോൺസന് വേറെയും സ്വർണം നഷ്ടമായിട്ടുണ്ട്. കോഴിക്കോട്ട് നെഹ്‌റു കപ്പ് വന്നപ്പോഴും അവതരണമികവ് കൊണ്ട് ഏതു പത്രത്തോടും കിടപിടിക്കാൻ ടൈംസിനു കഴിഞ്ഞു.സമയപരിധി(ഡെഡ്ലൈൻ) ഇത്രമാത്രം കണിശമായി പാലിച്ച മറ്റൊരു പത്രാധിപരെ ഞാൻ കണ്ടിട്ടില്ല.
വിംസി വലിയ ഗൗരവക്കാരനാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഓഫീസ് നിശ്ശബ്ദമായിരിക്കും. പിൻഡ്രോപ്പ് സൈലൻസ്. എന്നാല്‍ ജോലി കഴിഞ്ഞാൽ ഗൗരവം വെടിയും. തമാശകൾ പറയും. ജയചന്ദ്രനും എംഎൻ. കാരശ്ശരിയും (കാരശ്ശേരി മാതൃഭൂമിയിൽ വിംസിയുടെ സഹപ്രവർത്തകനായിരുന്നു) വിംസിയെ തേടി പലവട്ടം ടൈംസിലെത്തി. ഉച്ചയ്ക്ക് ശേഷമായിരിക്കും വരവ്. അവരുടെ സംഭാഷണങ്ങൾക്ക് ഞാൻ ദൃക് സാക്ഷിയാകും. കടുത്ത വിമർശനം ചൊരിയുന്ന സ്പോർട്സ് അല്ലാത്ത ലേഖനവും വിംസി എഴുതാറുണ്ട്.
മാതൃഭൂമിയിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന “മാനാഞ്ചിറയ്ക്ക് ചുറ്റും” എന്ന പംക്തി നഗരസഭാ ഭരണക്കാരെ വെള്ളം കുടിപ്പിച്ചതാണ്. ടൈംസിൽ അദ്ദേഹം വിഎംബി എന്ന പേരിലായിരുന്നു എഴുതിയിരുന്നത്. ആ ലേഖനങ്ങളെല്ലാം “ചിമുക്കനായിരുന്നു”. നർമ്മവും അദ്ദേഹത്തിന് വഴങ്ങും. കോഴിക്കോട് നഗരസഭയുടെ
കെടുകാര്യസ്ഥത വർണിച്ചശേഷം വാൽക്കഷ്ണം ഇങ്ങനെ ആയിരിക്കും. “ഇതിനിടെ ഫലസ്തീൻ പ്രശ്നത്തിൽ നഗരസഭ അതീവ ഉത്ക്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നു.” സഞ്ജയന്റെ നർമ്മത്തിൽ പൊതിഞ്ഞ സാമൂഹിക വിമർശനം വിംസിയെ സ്വാധീനിച്ചുവെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരും വാൽക്കഷ്ണം എന്നാണ്. മാധ്യമം വാരികയിൽ ഖണ്ഡശ:പ്രസിദ്ധീകരിച്ച ആത്മകഥ, അദ്ദേഹത്തിന് ആരാധകവൃന്ദം ഇല്ലാത്തതിനാലാകാം ഇതുവരെ പുസ്തകരൂപത്തിലായിട്ടില്ല. ഇതു സംബന്ധിച്ച് വിംസി എന്നോട് സംസാരിച്ചിരുന്നു. അച്ചടിക്ക് എത്ര പണം വേണ്ടിവരും എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രീമിയര്‍ ഓഫ്സെറ്റ് പ്രിന്റേഴ്സിൽ നിന്ന് ഏകദേശ കണക്കും വാങ്ങിക്കൊടുത്തു. കാരശ്ശേരി എല്ലാം ഏറ്റിട്ടുണ്ടെന്നാണ് വിംസി പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.
ഞാൻ ഡസ്കിൽ മാത്രമായി ഒതുങ്ങിനിന്നില്ല. അന്വേഷണത്വരയുടെ ഭാഗമായി എന്റെതു മാത്രമായ വാർത്തകൾ സംഘടിപ്പിച്ചു.അവയിൽ മിക്കവയും ബൈലൈനിലാണ് പ്രത്യക്ഷപ്പെട്ടത്.വെസ്റ്റ്ഹിൽ കേരള സോപ്സ് കമ്പനിയിലെ കാന്റീൻ ജീവനക്കാരനായ 16-കാരനെ ചിലർ മയക്കുമരുന്ന് കയറ്റി ലൈംഗികമായി പീഡിപ്പിച്ചപ്പോൾ ഞാനത് വാർത്തയാക്കി. വിംസി അത് എഡിറ്റ് ചെയ്യുമ്പോൾ ബൈലൈൻ ചേർക്കുന്നുണ്ടോ എന്ന് ഒളിഞ്ഞുനോക്കി. എന്റെ ആകാംക്ഷ കണ്ടിട്ടാവണം അദ്ദേഹം പറഞ്ഞു.
“ഇതിനല്ലെങ്കിൽ മറ്റെന്തിനാണ് ബൈലൈൻ കൊടുക്കുക.എന്നാലും വേണ്ട.” എന്റെ സുരക്ഷിതത്വം
കണക്കിലെടുത്താണ് ആ സ്റ്റോറിക്ക് ബൈലൈൻ കൊടുക്കാതിരുന്നത് എന്നാണ് ഞാന്‍ അനുമാനിക്കുന്നത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർ രാഷ്ട്രീയ സ്വാധീനമുള്ളവരായിരുന്നു. ഒരാഴ്ച ഞാൻ ആ സ്റ്റോറിയുടെ ഫോളോ അപ്പ് തേടി നടന്നു. ഓഫീസിലിരിക്കാൻ അദ്ദേഹം അനുവദിച്ചില്ല. ഫോളോഅപ്പ് വേണമെന്ന് നിർബന്ധമായിരുന്നു. ടൈംസിൽ വന്നതുകൊണ്ട് മാത്രം ആ സ്റ്റോറി അവഗണിച്ച മുഖ്യധാര പത്രങ്ങൾക്ക് പ്രതികൾ അറസ്റ്റിലായതോടെ നിലപാട് മാറ്റേണ്ടിവന്നു.
വിംസിയോടൊപ്പം ഞാൻ നാലുവർഷം ജോലിചെയ്തു. എന്റെ 30 വർഷത്തെ പത്രപ്രവർത്തനകാലത്തെ ഏറ്റവും ഊഷ്മളമായ നാളുകളായിരുന്നു അവ. പരിഭാഷയുടെ ബാലപാഠങ്ങളും മലയാളഭാഷയുടെ സാന്ദർഭിക പ്രയോഗവും ഞാൻ സ്വായത്തമാക്കിയത് അദ്ദേഹത്തിൽ നിന്നാണ്. മാനേജ്മെന്റുമായുള്ള ചില ഭിന്നതകൾ മൂലമാണ് അദ്ദേഹത്തിന് ടൈംസ് വിടേണ്ടി വന്നത്. ടൈംസിലെ അവസാനദിവസം വിംസി ഇപ്രകാരം പറഞ്ഞു. “നിന്നോട് മാത്രം പറയുകയാണ്. തിങ്കളാഴ്ചമുതൽ ഞാനുണ്ടാവില്ല. ഇതൊരു നന്ദികെട്ട
തൊഴിലാണ്”.
ടൈംസ് വിട്ടതിനു ശേഷവും വാർത്താസംബന്ധിയായ സംശയങ്ങളുമായി ഞാൻ അദ്ദേഹത്തെ പലവട്ടം സമീപിച്ചിട്ടുണ്ട്. ബിലാത്തിക്കുളത്തെ നാരായണീയം (വിംസിയുടെ വസതി) അനവധി തവണ സന്ദർശിച്ചു. ഒരിക്കൽ തേജസ് ദിനപ്പത്രത്തിന്റ ഞായറാഴ്ചപ്പതിപ്പിൽ വിംസിയെ ക്കുറിച്ച് ഒരു ലേഖനവുമെഴുതി. അപ്പോഴേക്കും അദ്ദേഹത്തിന് കാഴ്ചശക്തി ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു. ഭാര്യ അമ്മിണിയുടെ മരണത്തോടെ ഏകാന്തതയുടെ തുരുത്തിലേക്ക് അദ്ദേഹം എറിയപ്പെട്ട നാളുകളായിരുന്നു അത്. കുടുംബാംഗങ്ങളിലാരോ എന്റെ ലേഖനം അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കുകയായിരുന്നു.മലയാള പത്രപ്രവർത്തനത്തിന് വലിയ സംഭാവനകൾ നൽകിയ ഒരിക്കലും കീഴടങ്ങാൻ തയ്യാറാവാത്ത ആ മഹാപ്രതിഭയുടെ ദേഹവിയോഗം വരെ ഞങ്ങളുടെ ഊഷ്മളമായ ഗുരു-ശിഷ്യബന്ധം തുടർന്നു.ഇപ്പോഴും എന്റെ വഴിയിൽ അദ്ദേഹം ഇടക്കിടെ അദൃശ്യനായി പ്രത്യക്ഷപ്പെടുന്നുണ്ട്. അപ്പോൾ മനസ്സിലാകെ ടൈംസിലെ ആ കുടുസ്സുമുറി നിറയും. ഗൃഹാതുരത്വത്തിന്റെ അവാച്യമായ ലോകത്തേക്ക് ഞാൻ പറന്നുയരും. ആ നാളുകൾ വീണ്ടും വീണ്ടും എന്നെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നൂ.