യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസും,റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഏറ്റുമുട്ടുന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. ഇന്ത്യന്‍ സമയം രാവിലെ 10.30 ഓടെ തുടങ്ങുന്ന വോട്ടെടുപ്പ് ബുധനാഴ്ച ഉച്ചയോടെ അവസാനിക്കും.. തുടര്‍ന്ന് വോട്ടെണ്ണല്‍. രാവിലെ പത്തുമണിയോടെ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും.
24 കോടിയിലേറെ വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ദീര്‍ഘവും സങ്കീര്‍ണവുമായ പ്രക്രിയയിലൂടെ 50 സംസ്ഥാനങ്ങളില്‍ നിന്നായി 538 അംഗ ഇലക്ടറല്‍ കോളജ് അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. അതില്‍ കേവലഭൂരിപക്ഷമായ 270 സീറ്റ്‌ലഭിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പ്രസിഡന്റാകും. പകുതിയോളം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നേരത്തെ പൂര്‍ത്തിയായിരുന്നു.
ന്യൂയോർക്ക്, കലിഫോർണിയ തുടങ്ങിയ വലിയ സംസ്ഥാനങ്ങൾ കാലങ്ങളായി ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നു. ടെക്‌സസ്, ലൂസിയാന, അലബാമ തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയോടൊപ്പവും. ഈ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളും അതത് പാർട്ടികൾ കരസ്ഥമാക്കുമ്പോൾ ഇരൂ പാര്‍ട്ടികള്‍ക്കും സ്വാധീനമുളള സ്വിങ് സ്റ്റേറ്റ് അഥവാ ബാറ്റില്‍ഗ്രൗണ്ട് സ്റ്റേറ്റ് എന്ന് വിളിക്കുന്ന ഏഴ് സംസഥാനങ്ങളാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്നത്. 93 ഇലക്ടറൽ വോട്ടുകളുള്ള അരിസോണ, ജോർജിയ, നെവാഡ, മിഷിഗൻ, നോർത്ത് കരോലൈന, വിസ്കോൺസിൻ, പെൻസിൽവേനിയ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകൾ.
1.76 ലക്ഷം പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിന് സജ്ജീകരിച്ചിരിക്കുന്നത്. 7.75 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ചുമതലയിൽ ഏർപ്പെട്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണ് അമേരിക്കയിലേത്. മൊത്തം ചെലവ് 1590 കോടി ഡോളറിൽ (1.3 ലക്ഷം കോടി രൂപ) എത്തുമെന്നാണ് കരുതുന്നത്.
ഒക്ടോബർ അവസാനംവരെയുള്ള കണക്കനുസരിച്ച് കമലാ ഹാരിസിൻറെ പ്രചാരണ ഫണ്ടിലേക്ക്്് 139 കോടി ഡോളറും, (11,691 കോടി രൂപ), ട്രംപിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് 109 കോടി ഡോളറും (9,167 കോടി രൂപ) സമാഹകരിച്ചതായാണ് കണക്ക്്
കുടിയേറ്റ നയം, ഗര്‍ഭഛിദ്രം, വിലക്കയറ്റമടക്കം സാമ്പത്തിക പ്രശ്‌നങ്ങള്‍, ഫലസ്തീന്‍ പ്രശ്‌നം അടക്കം വിഷയങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയായത്.