Wednesday, December 25, 2024

Top 5 This Week

Related Posts

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സഹകരണം ; മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി എം.കെ. മുനീർ

സാദിഖലി തങ്ങളുടെ സഹകരണ വാഗ്ദാനത്തിനു നേരെ എതിരാണ് മുനീറിന്റെ പ്രസ്താവന

എല്ലാ വ്യക്തി നിയമങ്ങളും തിരുത്തുകയെന്ന നിലപാടാണ് സിപിഎമ്മിനെന്നും ഇ.എം.എസ് തുടങ്ങിവച്ച് ശരിഅത്ത് വിരുദ്ധനിലപാടിൽ ഒരു മാറ്റവും മാർകിസ്റ്റ് പാർട്ടിക്കില്ലെന്ന ആരോപിക്കുന്ന എം.കെ മുനീർ യൂണിഫോം സിവിൽ കോഡിൽ കോൺഗ്രസ്സിനെ മാറ്റിനിർത്തിക്കൊണ്ട് സമരം അസാധ്യമാണെന്നും വ്യക്തമാക്കി. ഏക സിവിൽ കോഡിനെതിരെയുള്ള പ്രക്ഷോഭത്തിൽ സമസ്തയെ ക്ഷണിക്കുമെന്നും മുസ്ലിംലീഗിനും സഹകരിക്കാമെന്ന്് ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസ്താവിച്ചിരുന്നു. ഇതിനു പ്രതികരണമായി ഏക സിവിൽ കോഡിനെതിരെ സമാന ചിന്താഗതിക്കാരുമായി സഹകരിക്കാൻ മുസ്ലിംലീഗ് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വ്യക്തമാക്കിയിരുന്നു. ഏക സിവിൽകോഡിനെതിരെ ശക്തമായ പ്രതികരണം ഏതുഭാഗത്തുനിന്നുണ്ടായാലും അവരോടൊപ്പം ലീഗ് ഉണ്ടാകുമെന്നായിരുന്നു
സാദിഖലി തങ്ങളുടെ പ്രതികരണം. കോൺഗ്രസ്സിനെ മാറ്റിനിർത്തിയുളള ഈ സഹകരണ വാഗ്ദാനം മുസ്ലിം ലീഗിലും കോൺഗ്രസ്സിലും ആശയകുഴപ്പം ശക്തമാക്കി.
സിപിഎമ്മിന്റെ ഈ നീക്കത്തിന്റെ അപകടം തിരിച്ചറിഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും മറുപടിയുമായി ഇറങ്ങിയതിനു പിന്നാലെയാണ് എം.കെ. മുനീറും സിപിഎമ്മിനെതിരെ കടുത്ത വിമർശനം നടത്തിയിരിക്കുന്നത്.

യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കണമെന്ന ചർച്ചകൾ മുൻപ് പല ഘട്ടങ്ങളിൽ ഉയർന്ന് വന്നപ്പോഴും അത് നടപ്പിലാക്കാത്ത കോൺഗ്രസ് ആണ് കള്ളന്മാർ എന്നും ശരീത്തിനെതിരെ ഇത്രയും നാൾ സംസാരിക്കുകയും പേർസണൽ ലോ മാറ്റണമെന്ന് പറയുകയും ചെയ്യുന്ന ഞങ്ങളാണ് നിങ്ങളുടെ സംരക്ഷകർ’ എന്ന് സി.പി.എം പറഞ്ഞാൽ സിംഹക്കൂട്ടിൽ നിന്നും ഓടി ചെന്നായയുടെ കൂട്ടിലേക്ക് പോകുന്നത് ഗുണകരമാണോ എന്ന് ചിന്തിക്കാനുള്ള വിവേകമൊക്കെ മുസ്ലിം നേതൃത്വത്തിനുണ്ട് എന്ന് സി.പി.എം ഓർക്കുന്നത് നല്ലതാണ്. എന്നാണ് മുനീർ ഓർമിക്കുന്നത്.

മുനിറിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണമായും വായിക്കാം
cpm.org എന്ന സി. പി. എമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത് ‘ഏറ്റവും പരമപ്രധാനമായി വ്യക്തി നിയമങ്ങൾ തിരുത്തുക’ എന്നതാണ്. എല്ലാ വ്യക്തി നിയമങ്ങളും സ്ത്രീ വിരുദ്ധമാണെന്നും ഇന്ത്യൻ പൗരന് നൽകുന്ന അവകാശങ്ങളുടെ നിഷേധമാണ് എന്നൊക്കെ പറഞ്ഞു വെക്കുന്നുണ്ട് ഇതിൽ. ഇ.എം.എസ് തുടങ്ങിവെച്ച ശരീഅഃത്ത് വിരുദ്ധ നിലപാടുകളിൽ ഒരു മാറ്റവും മാർക്‌സിസ്റ്റ് പാർട്ടിക്കില്ല എന്നതാണ് വസ്തുത. കമ്മ്യൂണിസ്റ്റ് നേതാവ് പി. സതീദേവി അടക്കം ഇസ്ലാം മതത്തിലെ നിയമങ്ങൾ സ്ത്രീ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടത് ഈ അടുത്ത സമയത്താണ്. അത് കൊണ്ട് വ്യക്തി നിയമത്തിലും ശരീഅഃത്ത് വിഷയത്തിലും കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നും ദേശീയ തലത്തിലുള്ള സി.പി.എം നിലപാട് തന്നെയാണോ കേരള സി.പി.എമ്മിനും ഉള്ളത് എന്നും ശ്രീ എം.വി ഗോവിന്ദൻ വ്യക്തമാക്കണം. വ്യക്തി നിയമങ്ങൾക്ക് എതിരാണ് സി.പി.എം എങ്കിൽ യൂണിഫോം സിവിൽ കോഡ് പറഞ്ഞുകൊണ്ട് മാത്രം കാണിക്കുന്ന ഈ ഐക്യപ്പെടുത്തൽ കേവലം വോട്ടിനു വേണ്ടിയിട്ടുള്ളതാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
സി.പി.എം പാർട്ടിയുടെ പ്രകടന പരത കണ്ടുമടുത്തവരാണ് കേരളത്തിലെ ജനങ്ങൾ എന്ന് നിങ്ങൾ മനസ്സിലാക്കണം. സി.എ.എ വിഷയവുമായി ബന്ധപ്പെട്ട് കേസുകൾ ഒന്നും നിലവിലില്ല എന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടും അത് നടപ്പിലാക്കാൻ അവർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ആത്മാർത്ഥതയുണ്ടെങ്കിൽ പിണറായി വിജയൻ സി.എ.എ. കേസുകൾ പിൻവലിക്കാൻ തയ്യാറാവണം. ‘യൂണിഫോം സിവിൽ കോഡ്’ എന്നത് കേവലം മുസ്ലിം വിഷയമാക്കി ഉയർത്തിക്കാണിക്കാനാണ് ബി. ജെ. പി ആഗ്രഹിക്കുന്നത്. അതെ നിലപാടാണ് സി. പി. എമ്മും സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിനെ മാറ്റി നിർത്തിക്കൊണ്ട് UCC ക്കെതിരെയുള്ള സമരം അസാധ്യമാണ്.
‘യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കണമെന്ന ചർച്ചകൾ മുൻപ് പല ഘട്ടങ്ങളിൽ ഉയർന്ന് വന്നപ്പോഴും അത് നടപ്പിലാക്കാത്ത കോൺഗ്രസ് ആണ് കള്ളന്മാർ എന്നും ശരീത്തിനെതിരെ ഇത്രയും നാൾ സംസാരിക്കുകയും പേർസണൽ ലോ മാറ്റണമെന്ന് പറയുകയും ചെയ്യുന്ന ഞങ്ങളാണ് നിങ്ങളുടെ സംരക്ഷകർ’ എന്ന് സി.പി.എം പറഞ്ഞാൽ സിംഹക്കൂട്ടിൽ നിന്നും ഓടി ചെന്നായയുടെ കൂട്ടിലേക്ക് പോകുന്നത് ഗുണകരമാണോ എന്ന് ചിന്തിക്കാനുള്ള വിവേകമൊക്കെ മുസ്ലിം നേതൃത്വത്തിനുണ്ട് എന്ന് സി.പി.എം ഓർക്കുന്നത് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles