Monday, January 27, 2025

Top 5 This Week

Related Posts

ചരിത്രമുറങ്ങുന്ന ഈ മണ്ണ് നമുക്ക് നഷ്ടപ്പെടുമോ ? കൊച്ചിയുടെ ദുരവസ്ഥ പങ്കിട്ട് ഉമ തോമസ് എംഎൽഎ

നമ്മുടെ അഭിമാനമായ, സുന്ദരിയായ നമ്മുടെ കൊച്ചി നമുക്ക് നഷ്ടപ്പെട്ടേക്കാം എന്ന ചിന്ത എന്നെ വേദനിപ്പിക്കുന്നുവെന്ന് ഉമ തോമസ്

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ കൊച്ചിയിലെയും സമീപ പ്രദേശങ്ങളെയും വെള്ളത്തിൽ മുക്കി. കനത്ത ദുരിതമാണ് നഗരവാസികൾക്ക് ഉണ്ടായത്. നഗര ഗതാഗതം സ്തംഭിച്ചു. കടകളിലും നിരവധി വീടുകളിലും വെള്ളെം കയറി. വെറും രണ്ട് ദിവസങ്ങൾ കൊണ്ട് പെയ്ത വേനൽ മഴയുടെ അനന്തര ഫലം ഇതാണെങ്കിൽ; കാലവർഷം ഇങ്ങെത്തിയാൽ, എന്ത് സംഭവിക്കും എന്ന് പറയാൻ പോലും വയ്യ എന്നാണ് ഉമ തോമസ് പറയുന്നത്.

മഴവെള്ളം ഒഴുകി പോവേണ്ട തോടുകൾ ഒക്കെ ഇന്ന് നഗരത്തിൽ ഇല്ലാതായി. കുളങ്ങളും, കിണറുകളും ഒക്കെ അപ്രത്യക്ഷമായി. വീടിനു ചുറ്റും കോൺക്രീറ്റ് ചെയ്തും, ടൈലും, കല്ലുമൊക്കെ പാകി മഴ വെള്ളം ഭൂമിയിൽ ഇറങ്ങാതായി, പുഴകളിൽ എക്കൽ നിറഞ്ഞു, പുഴ കരയാകുന്ന കാഴ്ചയും. നിലങ്ങളും, പാടങ്ങളിൽ അധികവും നമ്മൾ നികർത്തിയെടുത്തു. ഉഴുകിയെത്തുന്ന മഴ വെള്ളത്തിൽ പകുതി പോലും പുഴയിൽ ഉൾ കൊള്ളാത്ത സ്ഥിതി. ആഗോളതാപനത്തിന്റെ ഫലമായി സമുദ്രത്തിലെ ജല നിരപ്പ് ഉയരുന്നു. എന്നിങ്ങനെ കൊച്ചിയുടെ ഭാവിയെക്കുറിച്ച് ചോദ്യം ഉയർത്തുന്ന ഉമ തോമസ്് അറബിക്കടലിന്റെ റാണിയായ ചരിത്രമുറങ്ങുന്ന ഈ മണ്ണ് നമുക്ക് നഷ്ടപ്പെടുമോ എന്ന് ഉത്ക്കണ്ഠപ്പെടുന്നു.

കൊച്ചിയിലെ പൊതു സമൂഹവും ഏറെ ജാഗ്രതയോടെ ഈ വിഷയം ഏറ്റെടുക്കുകയും ചർച്ച ചെയ്യുകയും വേണമന്നാണ് ഉമ തോമസ് ഫേസ് ബുക്ക് പേജിൽ തന്റെ കുറിപ്പിൽ ആവശ്യപ്പെടുന്നത്. നാട്ടിലെ മണ്ണിനെയും, മനുഷ്യരെയും, പ്രകൃതിയെയും ഒരുപാട് സ്‌നേഹിച്ച ഒരു മനുഷ്യന്റെ ജീവിക്കുന്ന നല്ല പാതി എന്നു കാണിച്ച് പി.ടി. തോമസിന്റെ ചിത്രവും പങ്കിട്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഉമ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അറബിക്കടലിന്റെ റാണിയായ മനോഹരിയായ കൊച്ചി. പടിഞ്ഞാറ് അറബിക്കടലും; കിഴക്ക് പെരിയാറും,പിന്നെ നെടുകെയും കുറുകേയുമായി മനോഹരമായി ഒഴുകുന്ന നദികളും ഇതാണ് കൊച്ചിയെ സുന്ദരിയാക്കുന്നത്. ചരിത്രമുറങ്ങുന്ന ഈ മണ്ണ് നമുക്ക് നഷ്ടപ്പെടുമോ എന്ന് ഒരു ഉൾകിടലം; നമ്മൾ പോലും അറിയാതെ ചില ചിന്തകൾ മനസ്സിലേക്ക് വരുന്നു കണ്മുന്നിലെ ഈ കാഴ്ചകൾ കാണുമ്പോൾ.
മാർച്ചും, ഏപ്രിലും, മെയ് പകുതി വരെയും ചൂട് കൊണ്ട് നമ്മൾ പൊള്ളി. അന്തരീക്ഷത്തിലെ ഈർപ്പം 93 % മുതൽ 98 % വരെ ഉയർന്നു. പുറത്തുള്ള യാത്രയും, ജോലിയും ദുഷ്‌കരമായി. രാത്രിയിൽ ഫാനിട്ടാൽ പോലും വിയർത്തൊലിക്കുന്ന അവസ്ഥ, നമ്മുടെ ഉറക്കം പോലും നഷ്ടപെട്ട ദിവസങ്ങൾ.

ഒരു വേനൽ മഴയ്ക്കായി വേഴാമ്പലിനെ പോലെ നമ്മുടെ മനസ്സ് കൊതിച്ചു. മെയ് പകുതിയോടു കൂടി ഉണങ്ങി വരണ്ട് കീറിയ മണ്ണിനെ നനയിച്ചു കൊണ്ട്; മനസ്സിലേക്ക് ആശ്വാസ കുളിരായി മഴയെത്തി. മഴ കണ്ട മനസ്സിന്റെ വേഴാമ്പൽ സന്തോഷത്താൽ ചിറകടിച്ചു. പക്ഷേ ആ സന്തോഷം ദിവസങ്ങൾക്കിപ്പുറം ആശങ്കയുടെ കാർമേഘങ്ങളായി നമ്മുടെ മനസ്സിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കൊച്ചിയിലെ ദൃശ്യങ്ങൾ.

ആകാശത്തു നിന്നും തുള്ളിക്കൊരു കുടം പോലെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ മഴ വെള്ളം ഒഴുകിപ്പോവാൻ ദിക്കറിയാത്തതു പോലെ റോഡുകളും കാനകളിലും നിറഞ്ഞു കവിഞ്ഞു കൊച്ചി മുഴുവനും ഒരു പുഴയാകുന്ന കാഴ്ച്ചയായിരുന്നു എവിടെയും. എന്താണ് ഈ നാടിനു സംഭവിക്കുന്നത് ? എന്ന വേദനയോടെയാണ് ഒരു കൊച്ചിക്കാരിയായ ഞാൻ ഇത് പങ്കു വയ്ക്കുന്നത്.
ഒരു പക്ഷേ ഭരണ നേതൃത്വവും, പൊതു സമൂഹവും ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ടതും നടപടി സ്വീകരിക്കേണ്ടതും കാലാവസ്ഥയിൽ ഉണ്ടാകുന്ന വലിയ വ്യതിയാനത്തെ കുറിച്ചല്ലേ എന്ന് തോന്നുകയാണ്. ആഗോളതാപനത്തിന്റെ ഫലമായി സമുദ്രത്തിലെ ജല നിരപ്പ് കഴിഞ്ഞ 30 വർഷത്തിനിടയിൽ 10.3 സെന്റിമീറ്റർ ഉയർന്നു എന്ന് പഠനങ്ങൾ പറയുന്നു.
കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് വേനൽ കാലത്ത് അന്തരീക്ഷ ഊഷ്മാവ് 3 മുതൽ 5 % വരെ വർദ്ധിച്ചു. ഓരോ വർഷം ചെല്ലുന്തോറും ലഭിക്കുന്ന മഴയുടെ അളവും കൂടുന്നു. പത്തു വർഷത്തിനിടയിൽ രണ്ട് പ്രളയങ്ങൾ നമ്മൾ കണ്ടു, അതിലൊന്ന് മനുഷ്യ നിർമ്മതമാണെങ്കിൽ കൂടിയും നമ്മളെ ഇതെല്ലം ആശങ്കയിലാഴ്ത്തി.

വെറും രണ്ട് ദിവസങ്ങൾ കൊണ്ട് പെയ്ത വേനൽ മഴയുടെ അനന്തര ഫലം ഇതാണെങ്കിൽ; കാലവർഷം ഇങ്ങെത്തിയാൽ അത് കാലാവസ്ഥ നിരീക്ഷകർ പറയും പോലെ ശക്തിപ്പെട്ടാൽ എന്ത് സംഭവിക്കും എന്ന് പറയാൻ പോലും വയ്യ.
മഴവെള്ളം ഒഴുകി പോവേണ്ട തോടുകൾ ഒക്കെ ഇന്ന് നഗരത്തിൽ ഇല്ലാതായി. കുളങ്ങളും, കിണറുകളും ഒക്കെ അപ്രത്യക്ഷമായി. വീടിനു ചുറ്റും കോൺക്രീറ്റ് ചെയ്തും, ടൈലും, കല്ലുമൊക്കെ പാകി മഴ വെള്ളം ഭൂമിയിൽ ഇറങ്ങാതായി, സ്ഥല പരിമിതി ഉള്ളവരുടെ കാര്യം മനസ്സിലാക്കാം എന്നാൽ ഭൂമി ഉള്ളവർ പോലും ഒട്ടും വ്യത്യസ്തരല്ല ഇക്കാര്യത്തിൽ. നിലങ്ങളും, പാടങ്ങളിൽ അധികവും നമ്മൾ നികർത്തിയെടുത്തു.

പുഴകളിൽ എക്കൽ നിറഞ്ഞു, പുഴ കരയാകുന്ന കാഴ്ചയല്ലേ കൊച്ചിയിൽ. ഉഴുകിയെത്തുന്ന മഴ വെള്ളത്തിൽ പകുതി പോലും പുഴയിൽ ഉൾ കൊള്ളാത്ത സ്ഥിതി. മുൻപ് സൂചിപ്പിച്ചതു പോലെ സമുദ്ര നിരപ്പ് ഉയരുകയും ചെയുന്നു. ഇതാണ് ഇന്ന് ഈ നാടിന്റെ നേർ കാഴ്ച. ഒപ്പം മഴക്കാല പൂർവ്വ ശുജീകരണത്തിനു നഗര ഭരണകർത്താക്കൾ വരുത്തുന്ന നിസ്സംഗത കൂടി ആവുമ്പോൾ ആഘാതം ഇരട്ടിയാവുന്നു.
കൊച്ചിയുടെ ഇന്നത്തെ ഈ അവസ്ഥയിൽ പെയ്തിറങ്ങുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ സ്ഥലമില്ലാതെ നഗരം പുഴയാകുന്ന കാഴ്ച്ചയാണ് ഈ ദിവസങ്ങളിൽ നമ്മൾ കണ്ടത്. വരും ദിവസങ്ങളിൽ കാല വർഷം ശക്തിപെടുമ്പോൾ കാഴ്ച്ചകൾ വ്യത്യസ്തമാവാൻ സാധ്യതയില്ല. ഈ വിഷയം ഏറെ ഗൗരവത്തോടെ അടുത്ത നിയമസഭയിൽ ഉന്നയിക്കും എന്ന് കൊച്ചിക്കാർക്ക് ഞാൻ ഉറപ്പു തരുകയാണ്.
ഒപ്പം കൊച്ചിയിലെ പൊതു സമൂഹവും ഏറെ ജാഗ്രതയോടെ ഈ വിഷയം ഏറ്റെടുക്കണം, ചർച്ച ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ ഒരുപക്ഷെ നമ്മുടെ അഭിമാനമായ, സുന്ദരിയായ നമ്മുടെ കൊച്ചി നമുക്ക് നഷ്ടപ്പെട്ടേക്കാം എന്ന ചിന്ത എന്നെ വേദനിപ്പിക്കുന്നു.

ഇഞ്ചക്കാട് ബാലചന്ദ്രൻ എഴുതിയ പോലെ;
‘ പെരിയ ഡാമുകൾ രമ്യ ഹർമ്യം
അണുനിലയം യുദ്ധവും
ഇനി നമുക്കീ മണ്ണിൽ വേണ്ട
ന്നൊരു മനസ്സായി ചൊല്ലിടാം
വികസനം അത് മർത്യ മനസ്സിൽ
നിന്നു തന്നെ തുടങ്ങീടാം
വികസനം അത് നന്മ പൂക്കും
ലോക സൃഷ്ടിക്കായിടാം ‘

‘ഈ വിഷയവുമായി ബന്ധപെട്ടു ശാശ്വതമായ ഒരു പരിഹാരമുണ്ടാവാൻ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ കമന്റ് ബോക്‌സിൽ എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു.’
എന്ന്,
ഈ നാട്ടിലെ മണ്ണിനെയും, മനുഷ്യരെയും, പ്രകൃതിയെയും ഒരുപാട് സ്‌നേഹിച്ച ഒരു മനുഷ്യന്റെ ജീവിക്കുന്ന നല്ല പാതി;
നിങ്ങളുടെ സ്വന്തം
ഉമ തോമസ്

മലനാട് വാർത്ത വാട്‌സാപ്പ് ചാനലിൽ അംഗമാകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles