നീറ്റ് പരീക്ഷ ക്രമക്കേടിനു പിന്നാലെ യു.ജി.സി നെറ്റ് പരീക്ഷയിലും അപാകം. 11 ലക്ഷം പേർ എഴുതിയ പരീക്ഷ പിറ്റേ ദിവസം റദ്ദ് ചെയ്്തു. ജൂൺ 18 ന് രാജ്യത്തെ 317 നഗരങ്ങളിൽ 1205 കേന്ദ്രങ്ങളിൽ നടത്തിയ പരീക്ഷയാണ് 19 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദ് ചെയ്്തത്്. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ സുരക്ഷ വിഭാഗം നൽകിയ ക്രമക്കേട് നടന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രമക്കേട് അന്വേഷണം സിബിഐക്ക് വിടുന്നതിനും തീരുമാനിച്ചു.
‘പരീക്ഷാ പ്രക്രിയയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള സുതാര്യതയും പവിത്രതയും ഉറപ്പാക്കുന്നതിന്, UGC-NET ജൂൺ 2024 പരീക്ഷ റദ്ദാക്കാൻ ഇന്ത്യാ ഗവൺമെന്റ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഒരു പുതിയ പരീക്ഷ നടത്തും. അതിനായി വിവരങ്ങൾ പ്രത്യേകം പങ്കിടും. അതേ സമയം, വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിനായി വിഷയം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ.) കൈമാറുന്നു.’ വിദ്യാഭ്യാസ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന് (യുജിസി) ചില നിർദേശങ്ങൾ ലഭിച്ചതായി എൻടിഎ പറയുന്നു. ഇത് പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്തിരിക്കാമെന്ന് സൂചിപ്പിക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റിൽ നിന്നാണ് ഈ നിർദേശങ്ങൾ ലഭിച്ചിട്ടുള്ളത്
ഇന്ത്യൻ സർവ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ കൂടാതെ/അല്ലെങ്കിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) തസ്തികയിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുളള യുജിസി നെറ്റ് പരീക്ഷ ഇക്കുറി 11,21,225 ഉദ്യോഗാർത്ഥികളാണ് എഴുതിയത്. നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കെയാണ് നെറ്റ് പരീക്ഷയും വിവാദത്തിലായിരിക്കുന്നത്. സംഭവത്തിൽ ഐസയും എസ്.എഫ്.ഐയും ജവഹർലാൽ നെഹ്‌റു സർവകലാശാല സ്റ്റുഡൻസ് യൂണിയനും എൻ.എസ്.യുവും ഇന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.
ബിജെപി സർക്കാരിന്റെ അഴിമതി യുവാക്കൾക്കളെയും മാരകമായി ബാധിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി എക്‌സിലൂടെ പ്രതികരിച്ചു.
‘നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാർത്തയായതിന് പിന്നാലെ ഇപ്പോൾ ജൂൺ 18ന് നടന്ന നെറ്റ് പരീക്ഷയും ക്രമക്കേട് ഭയന്ന് റദ്ദാക്കി. ഈ പ്രശ്‌നം ഇപ്പോൾ പരിഹരിക്കപ്പെടുമോ? ഈ മോശം സംവിധാനത്തിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുക്കുമോ? എന്നും അവർ എക്‌സിൽ കുറിച്ചു.