
മൂവാറ്റുപുഴ : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണയോഗം പൊളിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ഡീൻകുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ പ്രചരണാർഥം മൂവാറ്റുപുഴ മുളവൂർ പൊന്നിരിക്കപ്പറമ്പിൽ ബുധനാഴ്ച വൈകിട്ട് സംടിപ്പിച്ച പൊതു സമ്മേളനത്തിലാണ് ജനപങ്കാളിത്തം കുറവും സംഘാടനത്തിലെ പിഴവും മൂലം പരിപാടി പൊളിഞ്ഞത്. മുസ്ലിം ലീഗിലെ വിഭാഗീയതകാരണം ഒരു വിഭാഗം സമ്മേളനത്തോട് സഹകരക്കാതെ ബഹിഷ്‌കരിച്ചതായും പറയുന്നു.
യോഗത്തിലെത്തുന്ന പ്രവർത്തകർക്ക് ഇരിക്കുന്നതിനു കൊണ്ടുവന്ന കസേരയിൽ 50 എണ്ണംമാത്രമാണ് സദസ്സിൽ ഇട്ടത്. ബാക്കി വേദിക്കു സമീപം എടുക്കാതെ മാറ്റിയിടേണ്ടിവന്നു. സ്വാഗത പ്രസംഗംവരെ നടത്താതെയാണ് യോഗം ആരംഭിച്ചത്. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ ഘടിപ്പിച്ച മൈക്കും തകരാറിലായിരുന്നു.

നൂറിൽ താഴെ ആളുകളാണ് സദസ്സിൽ ഉണ്ടായിരുന്നത്. സാദിഖലി തങ്ങളുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ പിരിച്ചുവിടുകയും ചെയ്തു. പെട്ടെന്ന് യോഗം പിരിച്ചുവിട്ടതിനാൽ സമ്മേത്തിൽ പ്രസംഗിക്കാനെത്തിയ നേതാക്കൾക്ക്് പസംഗിക്കാനായില്ല.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏക പരിപാടിയായിരുന്നു. എന്നാൽ തങ്ങൾ വരുന്നത് സംബന്ധിച്ച് കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും പ്രദേശിക നേതാക്കൾപോലും അറിഞ്ഞില്ലെന്നാണ് ആരോപണം. ചൊവ്വാഴ്ച നടന്ന ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് സ്വീകണ പര്യനത്തിലും പ്രവർത്തകരുടെ പങ്കാളിത്തം കുറവായിരുന്നു. ഇരു ചക്ര വാഹന അകമ്പടിയോടെ സംഘടിപ്പിച്ച പര്യടനത്തിൽ ഇരുചക്രവാഹനങ്ങൾ വളരെ കുറവായിരുന്നു. മണ്ഡലം കൺവൻഷനും പരാജയമായിരന്നുവെന്നാണ് യു.ഡി.എഫ് നേതാക്കൾതന്നെ പറയുന്നത്. എറണാകുളം ജില്ലയിലെ മുസ്ലിം ലീഗിലെ വിഭാഗീയതയുടെ അലയൊലിയാണ് മൂവാറ്റുപുഴയിലും ബാധിച്ചിരിക്കുന്നതെന്നാണ് വിവരം.