പാലക്കാട് : തേങ്കുറിശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയ കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), ഹരിതയുടെ പിതാവ് കെ.സുരേഷ്‌കുമാർ (45) എന്നിവരെയാണ് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടത്.
2020 ഡിസംബർ 25 നാണ് സംഭവം. സഹോദരനൊപ്പം ബൈക്കിൽ പോവുകയായിരുന്നു അനീഷ്. സമീപത്തുള്ള കടയിൽ സോഡ കുടിക്കാനായി നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിനും കാലിനും വെട്ടേറ്റ അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. സ്‌കൂൾ പഠനകാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. അനീഷിനോടൊപ്പം ജീവിക്കുന്നതിന് ഹരിത വീടുവിട്ടിറങ്ങിപ്പോവുകയായിരുന്നു. ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ജാതി വ്യത്യാസത്തിന്റെ പേരിൽ ഇരുവരേയും ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പകയുമായി തക്കം പാത്ത് നടന്ന പ്രതികൾ വിവാഹം കഴിഞ്ഞ് 88-ാം ദിവസമാണ് അരുംകൊല നടത്തിയത്.