Monday, January 27, 2025

Top 5 This Week

Related Posts

സ്ഫടികപ്പാത്രം (ബംഗാളികഥ) ഋത്വിക് ഘട്ടക്


വിവ:കുന്നത്തൂർ രാധാകൃഷ്ണൻ

രാജ്യ വിഭജനത്തെ തുടർന്നുണ്ടായ പലായനവും മനുഷ്യദുരന്തവുമാണ് കഥയുടെ പശ്ചാത്തലം

പൊടിനിറഞ്ഞ ഈ ഡൽഹി തെരുവുകളിൽ ഒരിക്കൽ പാട്ടുകൾ ഒഴുകിപ്പരന്നിരുന്നു. ഒരുകാലത്ത് മുഗളന്മാരും സിക്കുകാരും ഒരുപോലെ ഈ തെരുവുകളെ ഉന്മാദത്തിലേക്ക് നയിച്ചിരുന്നുവെന്നാണ് പഴങ്കഥകൾ പറയുന്നത്.അതൊന്നും ഇപ്പോൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നില്ല. അതന്വേഷിക്കുന്നതിൽ അർഥവുമില്ല.അവിടെ ഇപ്പോൾ അപകടവുമില്ല. അതിനാൽ അദൃശ്യമായ അണുക്കൾ പരത്തുന്ന രോഗത്തിന് യോഗ്യന്മാരുടെ മക്കൾ ഇരകളാകുന്നു. ഈ നഗരത്തിലെ വിശാലമായ പാതകൾ വ്യത്യസ്തമായ മറ്റൊരു കൂട്ടങ്ങളാൽ മറഞ്ഞുകിടക്കുന്നു- പുറത്താക്കപ്പെട്ടവരുടെ കൂട്ടങ്ങൾ- വിടില്ലാത്ത അഭയാർഥികൾ.
കഴിഞ്ഞ ദിവസം മെയിൽവണ്ടിയിറങ്ങിയപ്പോൾ എന്റെ ഏറ്റവും കുറഞ്ഞ തോന്നൽ അതായിരുന്നു.പ്ലാറ്റ്‌ഫോമിലോ ഷെഡ്ഡിലോ അല്ലെങ്കിൽ എവിടെയെങ്കിലുമോ നിൽക്കാൻ ഇടമില്ലാ യിരുന്നു.മുഴുവൻ പ്രദേശവും ജീവിതമഹാനാടകമാടുന്ന മനുഷ്യരെക്കൊണ്ട് നിറഞ്ഞിരുന്നു. കുഞ്ഞുങ്ങളെ പ്രസവിക്കുകയോ വാർധക്യത്താൽ മരിക്കുകയോ ചെയ്യുന്ന മനുഷ്യരുടെ സ്ഥിരം നാടകവേദി. ഈ നാടകത്തെ പൊതിഞ്ഞ മാന്യതയുടെ ലോലമായ ആവരണം പ്രാകൃതമായ ധിക്കാരത്താൽ പൊളിഞ്ഞു വീഴുകയാണ്.

ആ കാഴ്ച എന്നെ വളരെ രസിപ്പിച്ചു. ഈ മനുഷ്യർ ഏതാനും നാൾ മുൻപ് വരെ ലാഹോറിൽ, ലായൽപ്പൂരിൽ, മുസാഫറാബാദിൽ അല്ലെങ്കിൽ മുൾത്താനിൽ അല്ലലില്ലാതെ ജീവിച്ചവരായിരുന്നു. ഇപ്പോൾ അവർ ജീവിതത്തിന്റെ ആദിമമായ അവസ്ഥയിലേക്ക് തിരിച്ചെറിയപ്പെട്ടിരിക്കുന്നു.
സാഹചര്യങ്ങളുടെ അവിചാരിതമായ മാറ്റം കാരണം നാഗരികതയുടെ അടയാളങ്ങൾ മുറിച്ചുമാറ്റപ്പെട്ടവർ.ഇതു അദ്ഭുതകരം തന്നെ.
ഞാനൊരു സർക്കാർ ജീവനക്കാരൻ. സർക്കാറിലെ വേറൊരു ഉദ്യോഗസ്ഥൻ എന്റെ ബന്ധുവും മേലധികാരിയുമാണ്.എനിക്കും കേന്ദ്ര സർക്കാറിനും ഇടയിലെ മധ്യസ്ഥൻ.ആ വസ്തുത രഹസ്യമാക്കി വെക്കുന്നതിൽ അർഥമില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക സഹായം ഉണ്ടായിരുന്നതിനാൽ ബുദ്ധിമുട്ടൊന്നുമില്ലാതെയാണ് എനിക്ക് ഈ ജോലി കിട്ടിയത്.അദ്ദേഹത്തിന്റെ മകന്റെ
ചോറുണിൽ പങ്കെടുക്കാനാണ് ഞാനിവിടെ വന്നത്.ആദ്യമായാണ് ഇന്ത്യയുടെ കിരീടത്തിലെ ആഭരണമായ ഡൽഹിയിൽ ഞാനെത്തുന്നത്. ജനനിബിഡവും പ്രാചീനവുമായ നഗരത്തിലേക്ക് സ്വാഗതം ചെയ്ത രീതി എന്നെ അല്പം ഉലച്ചിട്ടുണ്ട്. മധ്യകാല ഇന്ത്യയിൽ ഒരിക്കൽ നിലനിന്ന മഹിമയുടെ സ്പർശം ലഭ്യമാകുമെന്ന് ഹൃദയത്തിന്റെ അഗാധതയിൽ ഞാൻ പ്രത്യാശിച്ചിരുന്നു. ഇത്തരം സ്വപ്നങ്ങൾ കാണുന്നത് മണ്ടത്തരമാകുന്ന ഹീനകാലത്താണ് ഞാൻ ജീവിക്കുന്നത് എന്നതാണ് എന്റെ ദൗർഭാഗ്യം.

ആ കാഴ്ചയിൽ നിന്നെല്ലാമകന്ന്… പകുതി വായുവിലുയർന്നും തറ മെതിച്ചും സഞ്ചരിച്ച ഒരു കുതിരവണ്ടി എന്നെ ന്യൂഡൽഹിയിലെ നസ്രത്ത്ബാഗ് ജില്ലയിലെത്തിച്ചു.കുലീനമായ അയൽപ്പക്കമുള്ള നസ്രത്ത്ബാഗ്, ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ബുദ്ധിശൂന്യരായ
ഉദ്യോഗസ്ഥർ പറയുന്നത്. ഉന്നത പദവിയിലുള്ള എന്റെ ബന്ധുവായ ഉദ്യോഗസ്ഥൻ പ്രദേശത്ത് ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്.അദ്ദേഹത്തിന്റെ മകന്റെ ചോറൂണിനുള്ള ആഘോഷസന്നാഹങ്ങൾ വിശദീകരിച്ച് എന്റെ ഓർമ്മയ്ക്ക് ഭാരം കൂട്ടാൻ ആഗ്രഹിക്കുന്നില്ല. റോഡിൽ നേരത്തെ കണ്ട ഭവനരഹിതരായ മനുഷ്യരെക്കുറിച്ച് ഞാൻ ജിജ്ഞാസുവാണ്.
അഭയാർഥിക്യാമ്പിലെത്തുന്ന റോഡിലൂടെ ഞാൻ നടന്നു. ഡൽഹിയിൽ നിന്ന് അല്പം ദൂരെയുള്ള ആ ക്യാമ്പിൽ പുതിയതരം ഭിക്ഷക്കാരെ കാണാം. അവിടെ കണ്ട രംഗം ജീവിതത്തിലൊരിക്കലും ഞാൻ മറക്കില്ല. പാടത്തിന്റെ നടുവിലെ ഉണങ്ങിയ വിളകളിൽ നിന്ന് മാറി പടുത്തുയർത്തിയ പുതിയ ഒരു അഭയാർഥി ചേരി. ഞാൻ മുന്നോട്ടു നീങ്ങിയപ്പോൾ എല്ലായിടത്തും കണ്ടത് അതേ രംഗം തന്നെ.അത് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്നെ ഓർമ്മപ്പെടുത്തി. കാരണം അവിടെ കണ്ടവർക്ക് ആ ആവശ്യങ്ങളൊന്നും നിറവേറ്റപ്പെട്ടിരുന്നില്ല.അവരുടെ വൃത്തികെട്ട, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ഹതാശമായ നോട്ടങ്ങളും കടുത്ത ദാരിദ്ര്യത്തിന്റെ ഘോരമായ ദൃശ്യം
സൃഷ്ടിച്ചു. അല്പം മാത്രമായ വൈക്കോൽ കൊണ്ട് മേഞ്ഞ മേൽക്കൂരയ്ക്ക് താഴെ ജനുവരി മാസത്തെ കുത്തുന്ന തണുപ്പിനെ അവർ എങ്ങനെ അകറ്റുന്നുവെന്നത് ഒരാൾക്ക് ഗവേഷണ വിഷയമാക്കാവുന്നതാണ്.
അവർക്കിടയിൽ കോളറ പടരുന്ന സമയമായിരുന്നു അത്. രോഗികളെ ശുശൂഷിക്കാൻ ഒരു പറ്റം നഴ്‌സുമാർ അവിടെ എത്തിയിരുന്നു. ഒരു മുറിയിൽ ഒരു പെൺകുട്ടി കുത്തിയിരിക്കുന്നു. അവളുടെ മുഖത്ത് കുറെ മുടി തൂങ്ങിക്കിടന്നു. അവ ഛർദ്ദിയിൽ പുതഞ്ഞ് മലിനമാക്കപ്പെട്ടിരുന്നു. ഈച്ഛകൾ അവൾക്കു ചുറ്റും ഇരച്ചുകയറു ന്നുണ്ടായിരുന്നു. ഞാൻ വരാന്തയിലെത്തി കൈലേസുകൊണ്ട് മൂക്കിൽ അമർത്തിപ്പിടിച്ചു.ഈ സ്ഥലം ഒരുതരം നരകമല്ലേ എന്ന് ഞാൻ ശങ്കിക്കുകയാണ്.അതു യഥാർഥമോ തോന്നലോ? ഹൃദയഭേദകമായ നിലവിളി കേട്ട് ഞാൻ പിന്നോട്ട് കാൽ വെച്ചു. എതിർവശത്തെ അറ്റത്തെ മുറിയിൽനിന്നുയർന്ന നിലവിളി ക്രമേണ അടക്കിനിർത്തുന്ന വിതുമ്പലായി. ഇനിയും എത്രമാത്രം വെളിപ്പെടുത്തലുകളാണ് എനിക്കുവേണ്ടി സംഭരിച്ചുവെച്ചിരിക്കുന്നത് എന്നറിയാൻ ഞാൻ മുന്നോട്ടു നടന്നു.
അവിടെ ഒരു അമ്മയും കുഞ്ഞുമുണ്ടായിരുന്നു -കന്യാമറിയത്തിന്റെ ചിത്രങ്ങളുടെ സ്ഥിരം വിഷയം. ആ പെൺകുട്ടി ഒരു പക്ഷെ വിദൂരഭൂതകാലത്ത് സുന്ദരിയായിരിക്കണം. ഇപ്പോൾ അവൾ വൃത്തിഹീനയാണ്. വേദനയും പരിഭ്രമവും അവളുടെ മുഖത്ത് പ്രകടമാണ്. ഞരങ്ങുകയും എന്തോ പറയുകയും ചെയ്യുന്നുണ്ട്.അവളുടെ അസ്പഷ്ടമായ വാക്കുകളിൽ ചിലത് മാത്രമാണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്-‘മേരാ മുന്ന, മേരാ ലാൽ. ‘അതൊരു താരാട്ടാണ്. കാൽ ഒരു വശത്തേക്കിട്ട് മുടി വലിച്ചുകൊണ്ടിരിക്കുകയാണ് അവൾ. അവളുടെ വായിൽ നിന്ന് തുപ്പൽ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.കാഴ്ചയിൽ ഭംഗിയുള്ള, മരണം കാത്തുകിടക്കുന്ന കുഞ്ഞിനെ അവളുടെ മുന്നിൽ കിടത്തിയിരിക്കുന്നു.

അവളുടെ കരച്ചിലിന്റെ ശബ്ദം കേട്ട് മറ്റു ചിലർക്കൊപ്പം ഞാനും ഓടിയെത്തി.അവരിലൊരാളെ ഡോക്ടറെ കൂട്ടിവരാനയച്ചു. ജിജ്ഞാസാഭരിതരായ ഒരു പറ്റം കൂട്ടിരിപ്പുകാർക്കൊപ്പമാണ് ഡോക്ടർ എത്തിയത്. ഡോക്ടർ കുട്ടിയുടെ നാഡിമിടിപ്പ് പരിശോധിച്ചു. പിന്നെ തലയാട്ടി. ആളുകൾ നിറഞ്ഞ മുറിയുടെ മൂലയിൽ നിന്ന് ഞാൻ തല ഉയർത്തി. ആളുകളെകണ്ട അമ്മ, കുഞ്ഞ് തെറിപ്പിച്ച കമ്പിളിപ്പുതപ്പെടുത്ത് സംഭ്രമത്തോടെ ചുറ്റും നോക്കി ഒരു മൂലയിലേക്ക് പിൻവാങ്ങി. ജനക്കൂട്ടം ശോഷിക്കാൻ തുടങ്ങിയപ്പോൾ
അവളും നടന്ന് പുറത്തെത്തി. മുറിയിലെ നിശ്ശബ്ദത ഭേദിച്ചു കൊണ്ട് ഡോക്ടറുടെ ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങി. ‘എല്ലാം മുറപ്രകാരം കഴിഞ്ഞു. ‘
ഞാൻ ആ അമ്മയെക്കുറിച്ചാണ് ചിന്തിച്ചത്. അവൾ വികാരങ്ങളെ മുറുകെ പിടിച്ചാണ് പോയത്. അവൾ ദീർഘശ്വാസമെടുക്കുന്നുണ്ടായിരുന്നു. എന്നെ അല്പനേരം തുറിച്ചുനോക്കിയിട്ടാണ് അവൾ പിൻവശത്തെ വരാന്തയിലേക്ക് പോയത്. ആരുടേതാണ് കുഞ്ഞെന്ന് ഡോക്ടർ അന്വേഷിച്ചു. ആരോ മറുപടി പറഞ്ഞു.’ ഒരു മിനിട്ട് മുൻപ് അവൾ ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ കാണാനില്ല.’
ആ അപൂർവമായ കാഴ്ചയുടെ വിശദാംശങ്ങൾ അറിയാൻ എനിക്ക് ജിജ്ഞാസയുണ്ടായിരുന്നു. ഞാൻ അവളെ പിന്തുടർന്നു പുറത്തെത്തി. കമ്പിളി അശ്രദ്ധമായി പുതച്ച് വരാന്തയുടെ മൂലയിലിരിക്കുകയായിരുന്നു അവൾ. വലിഞ്ഞുമുറുകിയ മുഖഭാവമായിരുന്നു അവൾക്ക്. എല്ലാ വികാരങ്ങളും അടക്കിക്കെട്ടി, മരവിച്ചപോലെ… പക്ഷെ അവളുടെ ചുണ്ടുകൾ വിറകൊള്ളുന്നുണ്ടായിരുന്നു. ലോകത്തെ ഏറ്റവും പഴക്കമേറിയ താരാട്ട് അവൾ മൂളുന്നുണ്ടായിരുന്നു. ‘മുന്നാ മേരാ,മേരേലാൽ…ലാൽ മേരാ… ‘
ഞാൻ പറഞ്ഞു. ‘ പെങ്ങളേ, എന്തിനാണ് പുറത്തുപോയത്. അവർ നിന്നെ എല്ലായിടത്തും അന്വേഷിക്കുകയാണ്…’
അവൾ ബാലിശമായി ചിരിച്ചു കൊണ്ട് സ്ഥാനം മാറിയിരുന്നു. അവൾ അവ്യക്തമായ ശബ്ദം പുറപ്പെടുവിക്കുകയും പിന്നെ നിശ്ശബ്ദയാവുകയും ചെയ്തു. ഞാൻ തറപ്പിച്ചു പറഞ്ഞു.
‘ അവർ കുഞ്ഞിനെ കൊണ്ടുപോകാൻ നോക്കുകയാണ്. അവരോട് സംസാരിക്കുക. അല്ലെങ്കിൽ അസാധാരണവും സങ്കല്പിക്കാനാവാത്തതുമായ എന്തെങ്കിലും സംഭവിക്കും. ‘
‘അസാധാരണവും സങ്കല്പിക്കാനാവാത്തതും! ‘
പെൺകുട്ടി ആവർത്തിച്ചു. അക്ഷരങ്ങൾ ഏറക്കുറെ ഏങ്കോണിച്ച ഉച്ചാരണത്തിൽ, വിരസമായ ഹിന്ദുസ്ഥാനിയിലാണ് അവൾ സംസാരിക്കുന്നത്. അവളെന്നെ അല്പനേരം ശ്രദ്ധിച്ചു. പിന്നെ പുറത്തേക്ക് നോക്കി. അവളുടെ ചുണ്ടുകൾ ചലിച്ചു. കരച്ചിൽ തുടരുകയാണ്. അല്പം കഴിഞ്ഞപ്പോൾ അവൾ വെള്ളമിറ്റുവീഴുന്ന മൂക്ക് ദുപ്പട്ട കൊണ്ട് തുടച്ചുകളഞ്ഞു. പിന്നെ മൗനിയായി. പുറത്ത് അവളെന്താണ് നോക്കുന്നത്-ഞാൻ അദ്ഭുതപ്പെട്ടു. അവിടെ അത്യജ്ജ്വലമായി പ്രകാശിക്കുന്ന സൂര്യനും തിളങ്ങുന്ന പച്ചപ്പാടങ്ങളുമാണ്-ഭൂമിയെ താങ്ങിനിർത്തുന്ന ജീവൻ നൽകുന്ന കാന്തി. അവയെ നോക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ആരാണ് അവളോട് പറഞ്ഞത്?
കുട്ടിയെ ചരടുകട്ടിലിൽ കിടത്തി രണ്ടുപേർ വരുന്നുണ്ടായിരുന്നു. അവരുടെ പാദപതനശബ്ദം അവളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. മുഖത്ത് ഭയം ഇരച്ചുകയറി. അവൾ ഉശിരോടെ തല കുലുക്കിയപ്പോൾ കാറ്റിൽ ഒരു പരുക്കൻ തവിട്ടുമുടി അലയടിച്ചു.കരയാനെന്നപോലെ അവളുടെ ചുണ്ടുകൾ ചെറുതായി അകന്നു. പക്ഷെ വൃത്തികെട്ട, ഇതൾപോലത്തെ കൈകൾ കൊണ്ട് വായ അമർത്തിപ്പിടിച്ച് അവൾ തേങ്ങലുകൾ നിയന്ത്രിച്ചു.

മരിച്ച കുട്ടിയെ കൊണ്ടുവന്നവർ സ്ഥലംവിട്ടു. അനുകമ്പ മറികടന്ന ഞാൻ അവളുടെ കമ്പിളിയിൽ സ്പർശിച്ചു കൊണ്ട് എന്തെങ്കിലും പറയാൻ ശ്രമിച്ചു.എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. എന്റെ കാഴ്ചപ്പാടുകൾ എപ്പോഴും പുറത്തുപറയാതെ കിടക്കുന്നവയായിരുന്നു.ഞാൻ വായതുറക്കുന്നതിനു മുമ്പ് പെൺകുട്ടി മിന്നൽ പോലെ കമ്പിളി പിടിച്ചുവലിച്ചു.
‘അതെടുക്കരുത്… എനിക്ക് തണുക്കുന്നുണ്ട്.’ അവൾ വീണ്ടും കരച്ചിൽ തുടങ്ങി.
‘ഭയപ്പെടേണ്ട. ഞാൻ അവരിലൊരാളല്ല. ‘ഞാൻ പറഞ്ഞു. ‘എന്തുകൊണ്ടാണ് നീ ഇപ്രകാരം പെരുമാറുന്നത്?’
പെൺകുട്ടിയുടെ സ്വരം കർക്കശമായി.
‘കമ്പിളി ആരുടേതാണെന്നറിഞ്ഞാൽ അവരത് കൊണ്ടുപോകും… ഘോരമായ തണുപ്പുള്ള ഈ നാളുകളിൽ…’ അവൾ വീണ്ടും കരഞ്ഞുകൊണ്ട് ഇടറുന്ന ശബ്ദത്തിൽ പിറുപിറുക്കാൻ തുടങ്ങി.
‘ മുന്നാ മേരാ, ലാൽ മേരാ… ‘

ഒടുവിൽ എനിക്ക് സ്ഥിതിഗതികൾ പിടികിട്ടി. പെൺകുട്ടി പഞ്ചനദികളുടെ നാട് വിട്ടെത്തിയതാണ്. ഈഭാഗത്തെവിടെയെങ്കിലും ഒരു വീട് പണിയാൻ അവൾ ആഗ്രഹിക്കുന്നുണ്ട്. ഒരു ചെറിയകുട്ടിയുമൊത്താണ് അവൾ വന്നിരിക്കുന്നത്. ഒരു പുതപ്പ് മാത്രമാണ് അവളുടെ പക്കലുള്ളത്.തണുപ്പകറ്റാൻ കുട്ടി സ്വയം ഇതുപയോഗിച്ചുണ്ടാകണം. അവൾ സ്വയം പരിചയപ്പെടുത്തിയിരുന്നുവെങ്കിൽ അണുവിമുക്തമല്ലാത്ത കമ്പിളിയെന്ന നിലയിൽ ആളുകൾ അത് വലിച്ചെറിയുമായിരുന്നു.മറ്റുള്ളവർക്ക് അതു സംഭവിക്കുന്നത് അവൾ കണ്ടിട്ടുണ്ടാവണം. മാതൃവികാരം വിചിത്രമായ വഴിയിൽ പ്രകടിപ്പിക്കാൻ
അനുഭവം അവൾക്ക് തുണയായി.ആവശ്യമുള്ളവർക്ക് തിരിച്ചൊന്നും നൽകാതെ അത് കൊണ്ടുപോകാം.

പുതിയതായി പകർന്നു കിട്ടിയ അറിവിൽ ഞാനവളെ ഒരിക്കൽ കൂടി ഉറ്റുനോക്കി. സാധാരണ നിലയിൽ തലചാരി അവൾ പുറത്തേക്ക് കണ്ണുനട്ടിരിക്കുകയാണ്. പുരാതനമായ, ജലം നിറഞ്ഞ കാലത്തെ ഭൂമിയുടെ കാഴ്ച ചൊവ്വയിൽ നിന്ന് കാണുന്നതു പോലെയാണ് എനിക്ക് തോന്നിയത്. അനന്തമായ മഴ, അലറുന്ന കാറ്റ്. സ്ഥിരമായി മേഘാവൃതമായ ചക്രവാളം വിഷാദസംഗീതം സൃഷ്ടിച്ചിട്ടുണ്ടാകണം. ശാശ്വതമായ മഴ നിരാശാശബ്ദങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടാകണം. വിലാപശബ്ദങ്ങൾ എത്രമാത്രം ചൊവ്വയിലെത്തിയിട്ടുണ്ടാകുമെന്ന് ഞാൻ അദ്ഭുതം കൂറി.
ഞാനപ്പോൾ നിശ്ചയമായും യഥാർഥ വികാര വിക്ഷോഭത്തിലായിരുന്നു. എന്നാൽ ഞാൻ നിസ്സഹായനാണ്. മറ്റുള്ളവർക്ക് സഹായം ചെയ്ത്, സ്വന്തം സുഖസൗകര്യങ്ങൾ അടിയറ വെക്കാൻ എനിക്ക് ശേഷിയില്ല. അതൊരു സ്പഷ്ടമായ സത്യമാണ്.നിരവധിപേർ ഇത്തരം രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. അടുത്തനിമിഷം അവർ സിനിമയ്ക്ക് പോകുന്നുമുണ്ട്. ഞാനും അക്കാര്യത്തിൽ മോശമല്ല.

ഇനിയും ആ അന്തരീക്ഷത്തിൽ നിന്നാൽ ഞാൻ ശ്വാസം മുട്ടി മരിക്കുമെന്നുറപ്പാണ്. ഉപേക്ഷിക്കപ്പെട്ട ആ സ്ത്രീയുടെ ശരീരം ഇതിനിടെ ഞാൻ സ്പർശിച്ചു പോയിരുന്നു. ദൈവം എന്നെ രക്ഷിക്കട്ടെ… ഞാനവിടെ നിന്ന് പുറത്ത് കടന്നു. ആകസ്മികമായി എന്നിൽ രോഗം പകർന്നിട്ടുണ്ട്. കോളറ ബാധിച്ച് ഞാൻ മരിക്കുമെന്നുറപ്പാണ്. ആകാശത്തിലൂടെ പറക്കുന്ന വാൽനക്ഷത്രത്തിന്റെ വേഗതയിൽ, തൂവാല മൂക്കിൽ മൂടിക്കൊണ്ട് ഞാൻ ഓടി. ഉപേക്ഷിക്കുന്ന ലോകത്തെ ഞാൻ തിരിഞ്ഞുനോക്കി. ആ കാഴ്ച, ചക്രവർത്തി രാജഗോപാലാചാരി ചുമതലയേറ്റപ്പോൾ കൽക്കത്തയിലെ ചേരിപ്രദേശങ്ങളിൽ നടത്തിയ പരിശോധനാ പര്യടനമാണ് എന്നെ ഓർമ്മിപ്പിച്ചത്.സ്റ്റേറ്റ്‌സ് മാൻ പത്രത്തിന്റെ അവസാനപേജ് നിറയ്ക്കാനായിരുന്നു ആ ചിത്രങ്ങൾ ഉപയോഗപ്പെടുത്തിയത്.

വിധി എനിക്കെതിരായിരുന്നു. എന്റെ മനോവൃത്തി എന്റെ ആശയക്കുഴപ്പം വർധിപ്പിച്ചു. ഞാനെപ്പോഴും ജിജ്ഞാസുവായിരുന്നു. പ്രത്യേകിച്ചും മൃഗവർഗത്തെ നിരീക്ഷിക്കുമ്പോൾ.കുടിൽ സമൂഹത്തിൽ നിന്ന് പുറത്തുകടക്കുമ്പോൾ ദൂരെ ഒരു പുതിയവർഗം അഭയാർഥികൾ അവതരിച്ചത് എന്റെ ശ്രദ്ധയിൽ പെട്ടു.ആ കാഴ്ചയിൽ എന്തോ ഒന്നുണ്ട്. ആ കാഴ്ച തെളിയാൻ ഒരു വിഡ്ഡിയെ പോലെ ഞാൻ കാത്തിരുന്നു. കുഴപ്പത്തിന്റെ ഏന്തെങ്കിലും സൂചനയുണ്ടായിരുന്നുവെങ്കിൽ ഞാൻ മുന്നോട്ടു പോകാതെ അവിടെ തന്നെ നിൽക്കുമായിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പ്രകോപനം ഒരു വൃദ്ധന്റെ രൂപത്തിലാണെത്തിയത്.അയാളുടെ പൊടിമൂടിയ തലപ്പാവ് മുതൽ കാല് വരെയുള്ള രൂപം ഒരു വിലാപകാവ്യത്തെ അനുസ്മരിപ്പിച്ചു. യാതൊരു തരത്തിലും അയാൾ കോളറയുടെ അണു പരത്താനിടയാകരുതെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അയാളുടെ മുഖത്തെ ഒരോ ചുളിവും, തൊലിയിലെ ഓരോ രോമകൂപവും വർണാഭമായ ഇംഗ്ലീഷ് മാഗസിനുകളിൽ കാണുന്നതൂപോലെ യഥാർഥ ഇന്ത്യക്കാരന്റെ ജീവിക്കുന്ന രുപം പ്രകാശിപ്പിച്ചു. അയാളുടെ കൈകളിലെ ഞരമ്പുകൾ സ്പഷ്ടമായി പുറത്തേക്ക് തള്ളിനിന്നു.ദയനീയമായിരുന്നു ആ രൂപം.അയാളുടെ ജീവിതം സൗന്ദര്യാത്മകമായിരുന്നില്ലെന്ന് എനിക്കുറപ്പാണ്. അയാൾ എനിക്കു നേരെ വരുകയാണ്. അയാൾക്കെന്നെ തനിയെ വിട്ടുകൂടേ? ഞാനെന്ത് പറയാൻ… അയാൾ വെറുതെ എന്റെ മന:ശാന്തി തകർത്തു!
കൈയിൽ ഒരു കടലാസ് കഷ്ണം മുറുക്കിപ്പിടിച്ചു കൊണ്ട് അയാൾ ചോദിച്ചു.
‘നിങ്ങൾ ഒരു ഹിന്ദുവാണോ?’
ഞാൻ തലയാട്ടി. അല്പനേരത്തെ ആലോചനയ്ക്ക് ശേഷം അയാൾ പറഞ്ഞു.
‘ പ്രിയ ഹിന്ദു സഹോദരാ, ഒരു വിലാസം സംബന്ധിച്ച് വിവരം നൽകാനാവുമോ? ‘
എന്റെ നികൃഷ്ടമായ ജിജ്ഞാസ കുതിച്ചു ചാടി.
‘ എന്ത് വിലാസം? ‘
അയാൾ ഒരു കള്ളനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നോക്കി. പിന്നെ തന്റെ മണക്കുന്ന മുഖവുമായി എന്റെ അടുത്തെത്തി.
‘സർക്കാറിന്റെ വിലാസം നിങ്ങൾക്കറിയാമോ?’ അയാൾ എന്റെ തൊട്ടടുത്ത് വരരുതേ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചു. അയാളുടെ മണം എന്നിൽ അറപ്പുണ്ടാക്കി.
‘ സർക്കാർ… എന്ത് സർക്കാർ? ‘ഞാൻ ചോദിച്ചു.
അയാളിൽ വിഷമം ദൃശ്യമായി.
‘പ്രിയ സുഹൃത്തേ,ഈ രാജ്യത്തെ സർക്കാറിനെയാണ് ഞാനുദ്ദേശിക്കുന്നത്,ഇന്ത്യാഗവൺമെന്റ്.അടിയന്തരമായി എനിക്കദ്ദേഹത്തെ കാണണം!’
‘അയാളെ കാണാനോ? ‘നിങ്ങൾ ഒരു കിഴവൻ കഴുത തന്നെ. സർക്കാർ ഒരു വ്യക്തിയല്ല…ഇവിടെ ധാരാളം പേരുണ്ട്. നിങ്ങൾ, ഞാൻ, നാമെല്ലാവരും! നാം എല്ലാം ചേർന്നതാണ് സർക്കാർ.’
നമ്മുടെ ദേശീയ പാർലമെന്റ്, ഭരണഘടന എന്നിവയുടെ നിർമ്മാണം സംബന്ധിച്ച് അയാളെ എങ്ങനെ ബോധവൽക്കരിക്കണമെന്ന് എനിക്കറിയില്ല. അതെല്ലാം അയാളുടെ പഴയ തലച്ചോറിന് താങ്ങാനാവില്ല. ഞാൻ പറഞ്ഞു.
‘ നിങ്ങളും ഞാനും നാമെല്ലാവരും അടങ്ങിയതാണ് സർക്കാർ.’
അയാൾ അമ്പരന്നു.
‘ സർക്കാർ ഒരാൾ അല്ലെന്നാണ് നിങ്ങൾ പറയുന്നത്? ഞാനിനി എന്തുചെയ്യും? ഞാൻ ആരെയാണ് കാണേണ്ടത്? ‘
അയാളാകെ നിരാശനായതുപോലെ. എനിക്കയാളോട് സഹതാപം തോന്നി.
‘ശരി, സർക്കാറിലെ ആരെയെങ്കിലും കണ്ടേ തീരൂവെന്നാണെങ്കിൽ നിങ്ങൾക്ക് എന്തുകൊണ്ട് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിനെ സമീപിച്ചുകൂടാ? സർക്കാറിന്റെ തലവനാണ് അദ്ദേഹം. ‘
‘പണ്ഡിറ്റ്ജി, പണ്ഡിറ്റ്ജി…’ അയാൾ ആ പേര് ആവർത്തിച്ചു കൊണ്ട് എന്റെ കൈയിൽ പിടിച്ചു.
‘ദയവായി ആ പേരൊന്ന് എഴുതിതരൂ… എനിക്ക് ഓർമ്മിക്കാനാവില്ല.’
ഞാൻ കബളിപ്പിക്കുന്ന ഒരാളാണെന്ന് അയാൾ കരുതിയിട്ടുണ്ടാകണം. ഞാൻ അയാളിൽ നിന്ന് എന്റെ കൈ വിടുവിച്ചു. പിന്നെ തുവാലകൊണ്ട് കൈ തുടച്ചു വൃത്തിയാക്കി.
എനിക്ക് ദേഷ്യം വന്നു.
‘പണ്ഡിറ്റ്ജിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? ലോകം മുഴുവൻ അദ്ദേഹത്തെ അറിയും.നിങ്ങൾ എവിടത്തുകാരനാണ്?’
അയാൾ എന്നെ അല്പനേരം നോക്കി. പിന്നെ നോട്ടം പിൻവലിച്ചു.വൃദ്ധൻ, അടിമ അയാളുടെ യജമാനനോട് എന്നപോലെയുള്ള സ്വരത്തിൽ പറഞ്ഞു.
‘ഞാൻ ലായൽപൂരുകാരനാണ്… പാടങ്ങളിലാണ് ജോലി. ‘
എനിക്കയാളോട് വീണ്ടും സഹതാപം തോന്നി.
‘ നിങ്ങൾക്ക് പണ്ഡിറ്റ്ജിയോട് എന്താണ് പറയാനുള്ളത്? ‘
ഞാൻ അയാളോട് നല്ലവണ്ണം പെരുമാറാൻ ശ്രമിച്ചു. എല്ലാം എന്നോട് വെളിപ്പെടുത്തുന്ന മട്ടിൽ അയാൾ പറഞ്ഞു.

‘ബാബുജി എനിക്കൊരു പരാതിയുണ്ട്. എന്റെ സാധനസാമഗ്രികളുടെ പട്ടികയാണിത്’.അയാൾ കൈപ്പിടിയിൽ നിന്ന് ഒരു കടലാസ് സ്വതന്ത്രമാക്കി എനിക്ക് നീട്ടി. ഞാൻ അയാളുടെ വലിയ രഹസ്യത്തിലേക്ക് കണ്ണോടിച്ചു:ഒരു കട്ടിൽ, രണ്ട് എരുമകൾ, ഒരു കലപ്പ, വസ്ത്രങ്ങൾ, മറ്റ് ജംഗമവസ്തുക്കൾ! അതെല്ലാം എന്റെ മനസ്സിൽ നന്നായി പതിഞ്ഞു. കടലാസ് തിരിച്ചുകൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു.
‘ഇതെല്ലാം എന്തിനാണ് എഴുതിവെച്ചിരിക്കുന്നത്?’
‘സർക്കാറിനെ കാണിക്കാൻ. എനിക്ക് നഷ്ടപ്പെട്ട ഇവയെല്ലാം അദ്ദേഹം തിരിച്ചുവരും. ‘
വൃദ്ധന്റെ ശബ്ദത്തിൽ പ്രതീക്ഷ നിഴലിച്ചിരുന്നു.
എന്റെ തല കറങ്ങുകയായിരുന്നു. ചിരിക്കാൻ ഞാൻ ആഗ്രഹിച്ചു.
‘ അവയെല്ലാം നിങ്ങൾ ഉപേക്ഷിച്ചു. അതെല്ലാം പണ്ഡിറ്റ്ജിയോട് ചോദിക്കാമെന്നാണോ കരുതുന്നത്?’
‘ അവരങ്ങനെയാണ് എന്നോട് പറഞ്ഞത്…ഹിന്ദുസഹോദരന്മാരുടെ നാട്ടിൽ എനിക്കെല്ലാം തിരിച്ചുകിട്ടുമെന്നാണ് അവർ പറഞ്ഞത്.’
അയാളുടെ ശബ്ദത്തിൽ സംശയത്തിന്റെ ലാഞ്ചനപോലുമില്ലായിരുന്നു. എനിക്കയാളോട് അനുകമ്പ തോന്നി. എന്നാൽ അയാളോട് ഒന്നും സംസാരിക്കില്ലെന്ന് തീരുമാനിച്ചു.
‘ ഞാൻ അപേക്ഷിക്കുന്നുവെങ്കിൽ പണ്ഡിറ്റ്ജി എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചുതരില്ലേ?’
വൃദ്ധൻ ചോദ്യം ആവർത്തിച്ചു. ഞാൻ പുഞ്ചിരിച്ചു. അതല്ലാതെ എനിക്കെന്തു ചെയ്യാനാകും? വൃദ്ധന്റെ കൂട്ടുകാർ കീറിപ്പറിഞ്ഞ കമ്പിളി വിരിച്ചിരുന്ന് സംസാരിക്കാൻ തുടങ്ങി. അവർ പരസ്പരം പറയുന്നത് എന്താണെന്ന് ഞാൻ അദ്ഭുതം കൂറി.
‘ ബാബൂജി, പണ്ഡിറ്റ്ജി എവിടെയാണ് താമസിക്കുന്നത്? ‘
‘ഡൽഹിയിൽ.’
‘ഡൽഹി! ‘ആ മനുഷ്യൻ വെറുതെ സന്തോഷിച്ചു. ‘ഡൽഹി അടുത്ത് തന്നെയല്ലേ?’
ഡൽഹി വളരെ ദൂരെയാണെന്നും നാഴികകൾ സഞ്ചരിക്കേണ്ടിവരുമെന്നും ഞാൻ അയാളോട് പറഞ്ഞില്ല.

വൃദ്ധൻ അഗാധമായ മൗനത്തിലാണ്ടു.വ്യാജമായ പ്രതീക്ഷകൾ നൽകി അയാളെ ഉപദ്രവിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ തൊണ്ട ശരിയാക്കി.
‘ഈ ആശയങ്ങൾ നിങ്ങളുടെ തലയിൽ കുത്തിനിറച്ചത് ആരാണെന്ന് എനിക്കറിയില്ല. ആരായാലും അയാൾ നിങ്ങൾക്ക് നൽകിയത് വ്യാജസാന്ത്വനമാണ്. കൊടിയ ദ്രോഹമാണ് നിങ്ങളോട് ചെയ്തത്. നിങ്ങൾക്ക് യാതൊന്നും തിരിച്ചുകിട്ടാൻ പോകുന്നില്ല.ആ പ്രതീക്ഷ വേണ്ട…പണ്ഡിറ്റ്ജിയെ കാണാൻ ശ്രമിക്കുന്നതിലും വലിയ കാര്യമില്ല. അദ്ദേഹത്തെ ഒരിക്കലും നിങ്ങൾക്ക് കാണാൻ കഴിഞ്ഞെന്ന് വരില്ല. ‘
എന്റെ സംസാരം പുരോഗമിക്കുകയായിരുന്നു. പെട്ടെന്ന് അയാളുടെ മുഖഭാവം മാറുന്നത് കണ്ടു.ഞാൻ കൈകൾ വീശി വേറെ ദിക്കിലേക്ക് നോക്കി. മുഖത്തെ മാംസപേശി അല്പം പോലും ചലിക്കാതെ, ഞാനുച്ചരിച്ച വാക്കുകളത്രയും അയാൾ ശ്രദ്ധയോടെ കേൾക്കുകയായിരുന്നു. അയാളുടെ മുഷ്ടിയിൽ അപ്പോഴും കടലാസുണ്ടായിരുന്നു. കലപ്പകൊണ്ട് പാടം ഉഴുതു മറിച്ചിരുന്ന ആ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ തൊഴിലാളി വർഗത്തിന്റെ കൈ ആണത്!
അടുത്ത നിമിഷം അയാൾ വിങ്ങിപ്പൊട്ടി. കരഞ്ഞുകൊണ്ട്, കടലാസ് കഷ്ണങ്ങളാക്കി കീറിയെറിഞ്ഞു. ഞാനപ്പോഴും ജാഗ്രത പാലിക്കുകയായിരുന്നു.
അല്പനേരം കഴിഞ്ഞപ്പോൾ അയാൾ കണ്ണുകളുയർത്തി എന്നെ തുറിച്ചു നോക്കി.എന്റെ ആത്മാവ് നടുങ്ങി. അയാളുടെ കണ്ണൂനീർ അപ്രത്യക്ഷമായി. പകരം കണ്ണുകളിൽ രോഷം കത്തിജ്വലിച്ചു. അയാളുടെ അചഞ്ചലമായ നോട്ടവും ഉറച്ച താടിയെല്ലും സർവതും നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ അന്തിമമായ നിശ്ചയദാർഡ്യത്തിന്റെ അടയാളമായിരുന്നു. കണ്ണീരിൽ കുതിർന്ന ശബ്ദത്തോടെ, ഓരോ വാക്കിലും കൂടുതൽ ഊന്നൽ നൽകി അയൾ പറഞ്ഞു, ‘ശത്രു ആരായാലും കണ്ടെത്തിയാൽ ഞാനവന്റെ തലയോട്ടി പൊളിക്കും. തീർച്ചയായും ഒരു നാൾ ഞാനവനെ കണ്ടെത്തും. ആ നാൾ… ‘അയാൾ ഇടിവെട്ടും പോലെ അവസാനിപ്പിച്ചു.
‘ നിശ്ചയമായും ആ ദിവസം കാണാൻ ഞാൻ ജീവിച്ചിരിക്കും.’
അങ്ങനെ അയാൾ ചെയ്യുന്നുവെങ്കിൽ അത് രാജ്യദ്രോഹമായിരിക്കുമെന്ന് ഞാൻ കരുതി. കോളറ രോഗാണുക്കളേക്കാൾ മോശവും ആപൽക്കരവുമായിരിക്കുമത്. ഞാൻ അവിടെ നിന്ന് ഓടി പ്രധാന നിരത്തിലെത്തി.കഠോരമായ അനുഭവമായിരുന്നു അത്!

ഇപ്പോൾ വൈകുന്നേരമായി. പകൽ മുഴുവൻ ഞാനയാളെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്.ചോറൂണ് ചടങ്ങിൽ അതിഥിയായി പങ്കെടുക്കാനാണ് ഞാനിവിടെ വന്നത്.പക്ഷെ, ആ വാക്കുകൾ എന്റെ മനസ്സിൽ ചിറകടിച്ചുയർന്നു:’മുന്നാമേരാ, ലാൽ മേരാ, ഡൽഹി ഇവിടെ അടുത്താണോ?; തലയോട്ടി ഞാൻ തകർക്കും…’
ഞാനെന്റെ തൊണ്ടയിലേക്ക് കൈ ഉയർത്തവെ, അറിയാതെ മറ്റു അതിഥികളെ നോക്കി. പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ആതിഥേയൻ എന്നെ അമ്പരപ്പിച്ചു. അയാൾ തന്നെ പിന്തുടരാൻ എന്നോട് ആംഗ്യം കാണിക്കുകയും എന്റെ കൂട്ടുകാർക്കിടയിൽ ഇരിക്കുകയും ചെയ്തു. ഞാൻ ഒരു ഗ്ലാസ് വീഞ്ഞുയർത്തി.
‘മുന്നാ മേരാ, ലാൽ മേരാ… ‘
ആവർത്തിക്കുന്ന കഠോരമായ ശബ്ദം! ലായൽപൂർ! എവിടെയാണ് ലായൽപൂർ? അവിടെ ഗോതമ്പ് കൃഷി ചെയ്യുന്നുണ്ടോ? ശത്രു, ആരാണ് ശത്രു? ഞാൻ ദീർഘശ്വാസമെടുത്തു. ഒറ്റവിഴുങ്ങലിന് പാനീയം തീർത്തു. പിന്നെ വായുവിൽ ആ സ്ഫടികപ്പാത്രം കൊണ്ട് അഭ്യാസം കാണിച്ചു.ദീപമാലയിൽ അതിന്റെ പാർശ്വങ്ങളിലെ നുരകൾ വെട്ടിത്തിളങ്ങി. ആ ചഷകത്തിലെ എന്റെ പ്രതിബിംബത്തെ ഞാനുറ്റുനോക്കി. എനിക്ക് മറ്റെന്ത് ചെയ്യാൻ കഴിയും? (1949)

                                                    

ഋത്വിക് ഘട്ടക് (1925-1976)

കിഴക്കൻ ബംഗാളിലെ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ധാക്കയിലാണ് ഋത്വിക് ഘട്ടക് ജനിച്ചത്. ഇന്ത്യാ-പാകിസ്താൻ വിഭജനാനന്തരം കുടുംബത്തോടൊപ്പം കൽക്കത്തയിലേക്ക് താമസം മാറ്റി. ബംഗാളി ചലച്ചിത്രകാരനെന്ന നിലയിലാണ് ഘട്ടക് അറിയപ്പെടുന്നത്. സത്യജിത് റായ്, മൃണാൾസെൻ തുടങ്ങിയ ചലച്ചിത്രകാരന്മാർക്കൊപ്പമാണ് അദ്ദേഹത്തെ നിരൂപകർ പരിഗണിക്കുന്നത്. ഇന്ത്യയിലും വിദേശത്തുള്ള സിനിമാപ്രേമികളെ സംബന്ധിച്ച് ഘട്ടകിന് ഒരു മുഖവുര ആവശ്യമില്ല.എന്നാൽ കഥാകാരനെന്ന നിലയിൽ അത്ര പ്രശസ്തനല്ല അദ്ദേഹം. ചലച്ചിത്രകാരൻ എന്ന നിലയിൽ ലബ്ധപ്രതിഷ്ഠനാവുന്നതിന് മുമ്പായിരുന്നു ഘട്ടക് മിക്ക കഥകളുമെഴുതിയത്. ഇന്ത്യാവിഭജനത്തിന്റെ ചോരവാർന്നൊഴുകുന്ന മുറിവുകൾ പല കഥകളിലും ഉജ്വലമായി വരച്ചു വെച്ചിരിക്കുന്നു. വിഭജനം ജന്മം നൽകിയ മനുഷ്യദുരന്തങ്ങൾ പറഞ്ഞാൽ തീരില്ല. ഘട്ടകിന്റെ സിനിമകളിലെന്ന പോലെ പല കഥകളിലും വിഭജനം പ്രധാന പ്രമേയമാണ്. വിഭജനത്തിന്റെ മുറിവ് പറ്റിയ ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാളായിരുന്നു ഘട്ടക്.
ഘട്ടകിന്റെ The Crystal Goblet(സ്ഫടിക് പാത്ര)
എന്ന കഥയുടെ വിവർത്തനമാണിത്.രാജ്യ വിഭജനത്തെ തുടർന്നുണ്ടായ പലായനവും മനുഷ്യദുരന്തവുമാണ് കഥയുടെ പശ്ചാത്തലം. റാണിറായ് നിർവഹിച്ച ഇംഗ്ലീഷ് പരിഭാഷയാണ് ഈ വിവർത്തനത്തിന് ആധാരം

വിവർത്തകന്റെ വിലാസം

കുന്നത്തൂർ രാധാകൃഷ്ണൻ
കുന്നത്തൂർ ഹൗസ്
PO:എടക്കാട് (വെസ്റ്റ്ഹിൽ)
കോഴിക്കോട് – 673005
ഫോൺ :9447877077
ഇമെയിൽ : radhakrishnanrk553@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles