Tuesday, December 24, 2024

Top 5 This Week

Related Posts

ഒരു ഗാന്ധിയൻ സോഷ്യലിസ്റ്റിന്റെ കർമ്മമണ്ഡലത്തിലൂടെ

BY കുന്നത്തൂർ രാധാകൃഷ്ണൻ


പിൻകാഴ്ചകൾ -14

ജനപദങ്ങളിലിറങ്ങി, പതിതരെ മഥിക്കുന്ന വിഷയങ്ങളിൽ ഇടപെട്ട് കഴിഞ്ഞ എട്ടുപതിറ്റാണ്ട് കാലമായി മലബാറിൽ നിറസാന്നിധ്യമായ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികപ്രവർത്തകനാണ് തായാട്ട് ബാലൻ.

കണ്ണൂർ ജില്ലയിലെ പന്ന്യനൂർ മുതൽ ദക്ഷിണാഫ്രിക്ക വരെ നീളുന്നു അദ്ദേഹത്തിന്റെ കർമ്മമണ്ഡലം. പ്രായത്തിലേറെ പക്വതയും നേതൃപാടവവും പ്രകടിപ്പിക്കുന്ന അദ്ദേഹം അനേകം പേർക്ക് ബാലേട്ടനാണ്. അത് ഉള്ളിൽ നിന്നുള്ള സ്‌നേഹബഹുമാനങ്ങൾ കലർന്ന വിളിയാണ്-ബാലേട്ടൻ. സമകാലീകരിൽ മിക്കവർക്കും അദ്ദേഹം ‘തായാട്ട്’ ആണ്. തലശ്ശേരിക്കടുത്ത പന്ന്യനൂരിൽ തായാട്ട് വീട്ടിൽ ജനിച്ചുവളർന്ന ഈ കുറിയ മനുഷ്യൻ നാലുപതിറ്റാണ്ടുകാലമായി എടക്കാടിന്റെ മണ്ണിലുണ്ട്.കോഴിക്കോട് നഗരത്തിന്റെ ദൈനംദിന ചലനങ്ങളെ സർഗാത്മകമാക്കുന്നവരുടെ മുൻനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

മഹാത്മജിയാണ് കൺകണ്ട ദൈവം. കേരളഗാന്ധിയെന്നറിയപ്പെടുന്ന കെ. കേളപ്പന്റെ സന്തത സഹചാരിയായിരുന്നു. കേളപ്പന്റെ ശിഷ്യനായി, വലംകൈയായി രാജ്യത്തിന്റെ പല ഭാഗങ്ങൾ സന്ദർശിച്ചു. ആ അനുഭവങ്ങൾ കാരിരുമ്പായി,നിശ്ചയദാർഢ്യത്തിന്റെ കാലം സമ്മാനിച്ചു.

പന്ന്യനൂരിൽ വള്ളുവ ചന്തുനമ്പ്യാരുടെയും ലക്ഷിയമ്മയുടെയും മകനായിട്ടാണ് 1928-ൽ തായാട്ട് ബാലന്റെ ജനനം. ജ്യേഷ്ഠ സഹോദരന്മാരായ തായാട്ട് ശങ്കരനും കെ. തായാട്ടും മീനാക്ഷി തായാട്ടും സഹോദരങ്ങളാണ്. ശങ്കരനും കെ. തായാട്ടും സ്വാതന്ത്ര്യസമര ഭടന്മാരായിരുന്നു. അവരിരുവരും പിൽക്കാലത്ത് എഴുത്തിന്റെ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്. കുടുംബാംഗങ്ങൾ ഒന്നടങ്കം ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുന്നവരായിരുന്നു. കുടുംബത്തിന്റെ സ്വാതന്ത്യവാഞ്ച ബാലനും പകർന്നു കിട്ടിയത് സ്വാഭാവികം മാത്രം. പക്ഷെ തായാട്ട് കുടുംബം ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നു. നാല്പതുകളിലെ പൊതുവായ ദരിദ്രാവസ്ഥ തായാട്ട് വീടിനും പകർന്നു കിട്ടി എന്നേയുള്ളു. വിശപ്പടക്കാൻ മതിയായ ഭക്ഷണമോ ഉടുക്കാൻ ആവശ്യത്തിന് വസ്ത്രമോ ലഭ്യമല്ലാതിരുന്ന കാലം. നനഞ്ഞ വസ്ത്രങ്ങൾ ചൂടുള്ള ഭക്ഷണപാത്രങ്ങൾ കൊണ്ട് ഉണക്കിയെടുത്ത കഥ ‘കഴിഞ്ഞകാലം കൊഴിഞ്ഞ വ്യക്തികൾ ‘എന്ന ഓർമ്മക്കുറിപ്പുകളിൽ നിറക്കൂട്ടുകളോ അതിശയോക്തിയോ ഇല്ലാതെ ബാലൻ വരച്ചു വെച്ചിട്ടുണ്ട്. അക്കാലത്ത് ബ്രിട്ടീഷ് ഭരണമായിരുന്നു മലബാറിൽ. ഇന്ത്യക്കാരെ അടിമകളാക്കി കൊള്ളയടിച്ചു കൊണ്ടിരുന്ന ബ്രിട്ടീഷ്‌സാമ്രാജ്യത്തിനെതിരെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ജാതിമതഭേദമെന്യെ ജനങ്ങൾ ഐക്യപ്പെട്ട കാലം. ആ നാളുകളിലെ ബലവത്തായ ചങ്ങലയുടെ ഉറച്ച കണ്ണിയായിരുന്നു തായാട്ട് ബാലൻ.

കുന്നുമ്മൽ യുപി. സ്‌കൂൾ, കതിരൂർ ബോർഡ് ഹൈസ്‌കൂൾ, ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു ബാലന്റെ വിദ്യാഭ്യാസം. ഗാന്ധിജിയിൽ ആകൃഷ്ടനായി വിദ്യാർഥിയായിരിക്കെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തു. ബ്രിട്ടീഷ് പോലീസിന്റെ മർദ്ദനത്തിനിരയായി. ഖദർ ധരിച്ചതിന് സ്‌കൂളിൽ നിന്ന് സസ്‌പെൻഷനും കിട്ടി. നാല്പതുകളിൽ വിദ്യാർഥി കോൺഗ്രസിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. സ്വന്തം കർമ്മരംഗത്തെ അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു:’വിദ്യാർഥി കോൺഗ്രസ്സിലൂടെ, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ, പിഎസ്പിയിലൂടെ ഗാന്ധിയൻ ദിശയിലേക്കായിരുന്നു എന്റെ യാത്ര. ‘

കെ. കേളപ്പൻ, ഡോ. റാം മനോഹർലോഹ്യ, ജയപ്രകാശ് നാരായൺ, തുടങ്ങിയ മഹാരഥന്മാർക്കൊപ്പം നടന്ന നേതാവാണ് തായാട്ട് ബാലൻ. വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനത്തിലും സജീവ പങ്കാളിത്തമുണ്ട്. മഹാത്മജിയുടെ ആരാധകനും മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിൽ ഒരാളുമായ ബാലൻ ഇടപെട്ട ജനകീയ പ്രശ്‌നങ്ങൾ എണ്ണമറ്റതാണ്.എടക്കാട്ടെ വസതിയിലിരുന്ന് കറുപ്പും വെളുപ്പും നിറഞ്ഞ, സർഗാത്മകത വഴിഞ്ഞൊഴുകിയ ആ കാലം ഓർത്തെടുക്കുകയാണ് ബാലേട്ടൻ. ആ ഓർമ്മകളിൽ അനുഭവങ്ങളുടെ ചൂടും ചൂരുമുണ്ട്. സാഹസികതയുടെയും സമചിത്തതയുടെയും സങ്കലനവുമുണ്ട്.

മഹാത്മജിയെ നേരിൽ കണ്ട, ഇപ്പോൾ ജീവിച്ചിരിക്കുന്ന അപൂർവം ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം.പതിറ്റാണ്ടുകൾ പിന്നിട്ട സങ്കീർണമായ ആ കാലം നമുക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്. ഇപ്പോഴത്തെ ധാർഷ്ട്യമോ അസഹിഷ്ണുതയും അസംബന്ധങ്ങളും പോർവിളികളും നിറഞ്ഞ ചാനൽ ചർച്ചകളോ ആയിരുന്നില്ല അന്നത്തെ രാഷ്ട്രീയം. അരവയറും കീറിയ വസ്ത്രങ്ങളുമായി ലോകം നന്നാക്കാനിറങ്ങിയ നീതിമാന്മാർക്ക് ധാർമ്മികതയും പ്രതിബദ്ധതയും വഴികാണിച്ച കാലമാണത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947- ആഗസ്ത് 15-ന് ഗാന്ധിജിയുടെ പടവും പറി ആനപ്പുറത്തായിരുന്നു 19-കാരനായ ബാലന്റെ യാത്ര. കതിരൂരിൽ നിന്ന് തലശ്ശേരി കടപ്പുറം വരെയുള്ള ആ യാത്രയുടെ സാരഥി ബാലനായിരിക്കണമെന്നത് നാട്ടുകാരുടെ നിർബന്ധമായിരുന്നു. ബ്രിട്ടനെ കെട്ടുകെട്ടിച്ചു സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയ ആ അർധരാത്രി ത്രിവർണപതാക ഹൃദയത്തിലേറ്റി, കതിരൂരിലെ ആനയാഘോഷം പോലെ പല പ്രതീകങ്ങളാൽ രാജ്യമെമ്പാടും ജനങ്ങൾ ആഘോഷിച്ചു.രാജ്യത്തിന് അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു.

സ്വാതന്ത്ര്യാനന്തരവും ബാലൻ ഗാന്ധിയൻ ദർശനം മുറുകെ പിടിച്ചു. ഗാന്ധിയൻ സോഷ്യലിസത്തിന്റെ പ്രയോക്താവായി. ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിൽക്കാലത്ത് പല വിഭാഗങ്ങൾ ലയിച്ചുണ്ടായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ( പിഎസ്പി ) യുടെയും പാനൂർ മണ്ഡലം സെക്രട്ടറിയായി. മയ്യഴി വിമോചനസമരത്തിലും പങ്കാളിത്തമുണ്ട്. അമ്പതുകളിലും അറുപതുകളിലും സമരപരമ്പരകളിലൂടെയായിരുന്നു ആ ജീവിതം കടന്നുപോയത്. ആ സമര കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് ബാലേട്ടൻ പറയുന്നു:
‘ഇക്കാലത്തെ പോലെ ബസ്സുകൾ അന്ന് വേറെയില്ല. ഉണ്ടെങ്കിൽ തന്നെ ടിക്കറ്റെടുക്കാൻ പണമുണ്ടാവില്ല. കാൽനട തന്നെയാണ് ശരണം. പത്തും പതിനഞ്ചും കിലോമീറ്റർ നടക്കുക എന്നതായിരുന്നു അന്നത്തെ പാർട്ടി പ്രവർത്തനത്തിന് അംഗീകരിക്കപ്പെട്ട ആദ്യ നേതൃഗുണം. സൈക്കിൾ പരിശീലനവും നിർബന്ധമായിരുന്നു. ‘

രണ്ടേരണ്ടുദിവസം അധ്യാപകനായിട്ടുണ്ട് അദ്ദേഹം. പൊതുപ്രവർത്തനത്തിൽ ആണ്ടുമുഴുകാനുള്ള കേളപ്പന്റെ നിർദ്ദേശപ്രകാരം അധ്യാപക ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടുള്ള നാലുവർഷം കേളപ്പന്റെ വിട്ടുപിരിയാത്ത കൂട്ടാളിയായി, ഉത്തമ ശിഷ്യനായി.പിന്നെ അധ്യാപികയായ കെവി സരോജിനിയെ വിവാഹം ചെയ്തു. കേന്ദ്രസർക്കാറിന്റെ കീഴിലെ ഖാദി ഗ്രാമവ്യവസായ ബോർഡിൽ ജീവനക്കാരനായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ ആശയസമരം നടത്തിയതിന് ശിക്ഷയായി നെൽഗോണ്ടയിലേക്ക് സ്ഥലം മാറ്റി. അതൊന്നും ബാലനെ തളർത്തിയില്ല. അടിയന്തരാവസ്ഥക്ക് ശേഷം ചിക്കമഗളൂരിൽ നിന്ന് ലോക്‌സഭയിലേക്ക് ഇന്ദിരാഗാന്ധി മൽസരിച്ചപ്പോൾ എതിർ പ്രചാരണം നടത്തി. 1986-ലാണ് ഖാദി ബോർഡിൽ നിന്ന് വിരമിച്ചത്. അതിനു ശേഷവും സമരങ്ങളുടെ തോഴനായി പൊതുരംഗത്ത് നിറഞ്ഞുനിന്നു.

സ്വാതന്ത്ര്യാനന്തരം ചൂഷകരുടെ രൂപവും ചൂഷണത്തിന്റെ സ്വഭാവവും മാറി. തീമഴപോലെ പെയ്യുന്ന പാതകങ്ങൾക്കെതിരെ ശബ്ദിക്കുന്നവർക്കൊപ്പം നിൽക്കാൻ ബാലൻ ആരുടെയും അനുവാദത്തിന് കാത്തുനിന്നില്ല. മനുഷ്യാന്തസ്സ് ഹനിക്കപ്പെടുന്നിടത്തെല്ലാം അദ്ദേഹം ഓടിയെത്തി ഇരകൾക്ക് സാന്ത്വനം പകർന്നു. പല പരിസ്ഥിതി-ആദിവാസി സമരങ്ങളിലും സജീവ പങ്കാളിത്തമുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത് കോൺഗ്രസ്സാണോ ഔദ്യോഗിക ഇടതുപക്ഷമാണോ തീവ്ര ഇടതുപക്ഷമാണോ എന്നൊന്നും അദ്ദേഹം നോക്കാറില്ല മനുഷ്യാവകാശലംഘനങ്ങൾ, കാബറെ, ചൂതാട്ടം, കൊലപാതകരാഷ്ട്രീയം എന്നിവക്കെതിരായ ശബ്ദങ്ങളിൽ അണിനിരക്കാൻ മുൻകാല സമരാനുഭവങ്ങൾ അദ്ദേഹത്തിന് വലിയ ഊർജ്ജം പകർന്നിരിക്കണം. മാറാട് പ്രദേശത്ത് വർഗീയ സംഘർഷത്തിന്റെ അശാന്തി പരന്നപ്പോൾ സ്‌നേഹദൂതും സമാധാന സന്ദേശവുമായി അഹോരാത്രം ഓടിനടന്ന ബാലേട്ടന്റെയും കൂട്ടരുടെയും യത്‌നങ്ങൾക്ക് അന്ന് പത്രപ്രവർത്തകനായിരുന്ന ഞാൻ ദൃക്‌സാക്ഷിയാണ്. മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് വീതികൂട്ടി അനന്തമായി നീണ്ടുപോയപ്പോൾ ചരിത്രകാരൻ എംജിഎസിനൊപ്പം പ്രതിഷേധിക്കാനും ബാലനുമുണ്ടായിരുന്നു.
ബാലേട്ടന്റെ കർമ്മമണ്ഡലത്തെക്കുറിച്ച് ഒരിക്കൽ ഈ ലേഖകൻ എഴുതുകയുണ്ടായി. ദി ഹിന്ദുവിൽ ആർ. മാധവൻ നായരും അദ്ദേഹത്തെ കുറിച്ചെഴുതിയതായി ഓർക്കുന്നു.

എൺപതുകളുടെ രണ്ടാം പകുതിയിലാണ് ബാലേട്ടനും കുടുംബവും എടക്കാട്ട് താമസം തുടങ്ങുന്നത്. ഈ ഗ്രാമത്തിലെ പല പൊതുപരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ബാലേട്ടന്റെ വീടിന്റെ മുന്നിലൂടെയാണ് ഞാൻ പലപ്പോഴും കാൽനടയായി പോവുക. അപ്പോഴൊക്കെ കുശലം പറയും. രാഷ്ട്രീയവും സംഭാഷണവിഷയമാകും. എന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ ബാലേട്ടൻ പ്രസംഗിച്ചിട്ടുണ്ട്. പ്രോൽസാഹനം എന്ന വാക്കിന് ഉദാഹരണമാണ് ബാലേട്ടൻ. കാൽ നൂറ്റാണ്ടുമുമ്പ്, അടിയോരുടെ പെരുമനായ എ. വർഗീസിന്റെ ജീവചരിത്രമെഴുതാൻ ഞാൻ ആഗ്രഹിച്ചു. അതിനായി കുറെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ബാലേട്ടനുമായി ഞാൻ എന്റെ ആഗ്രഹം പങ്കുവെച്ചു. അദ്ദേഹം അക്കാര്യത്തിൽ വളരെ താല്പര്യം പ്രകടിപ്പിച്ചു. വയനാട്ടിലേക്ക് പോകുന്നതിന് എന്റെ കൂടെ വരാൻ അദ്ദേഹം ഒരുക്കമായിരുന്നു.പക്ഷെ യാത്ര നടന്നില്ല. പല തടസ്സങ്ങൾ. ബാലേട്ടൻ, വർഗീസ് ജീവചരിത്രം എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നുത് മാത്രം മിച്ചം. സായുധസമരത്തിൽ വിശ്വസിച്ച വർഗീസിന്റെ ജീവചരിത്രമെഴുതാൻ അഹിംസയിൽ വിശ്വസിക്കുന്ന ഒരു ഗാന്ധിയൻ നിരന്തരം ആവശ്യപ്പെട്ടു എന്നറിയുമ്പോൾ നിങ്ങൾക്ക് അമ്പരപ്പ് തോന്നുന്നില്ല? എന്നാൽ ബാലേട്ടന്റെ രീതികൾ അറിയുന്നവർക്ക് അതിൽ അദ്ഭുതം തോന്നില്ല. വർഗീസ് സ്വീകരിച്ച രാഷ്ട്രീയവഴിയോട് വിയോജിക്കുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ അർപ്പണബോധത്തെ ബാലേട്ടൻ അങ്ങേയറ്റം ബഹുമാനിച്ചു.

തായാട്ട് ബാലേട്ടന് 96-വയസ്സായി.ഒരു നൂറ്റാണ്ടിന്റെ കഥ പറയാൻ മുൻകാലത്ത് സദാസന്നദ്ധമായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് ഈയിടെയായി മങ്ങലേൽക്കുന്നുണ്ടോ? മഹാത്മജിയാണ് ബാലേട്ടന്റെ ചാലകശക്തി. അവഗണിക്കപ്പെട്ട ഗാന്ധിജിക്ക് പുതുയൗവനം നൽകാൻ ബാലേട്ടന്റെ ദക്ഷിണാഫ്രിക്കയിലെ സന്ദർശനം കൊണ്ട് സാധ്യമായി എന്നത് എടുത്തുപറയേണ്ടതുതന്നെയാണ്. മഹാത്മജിയുടെ ആദ്യകാല സമരരംഗം ദക്ഷിണാഫ്രിക്ക യായിരുന്നുവല്ലോ! പക്ഷെ ബാലേട്ടൻ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോൾ ഗാന്ധിയുടെ കർമ്മം സൂചിപ്പിക്കുന്ന കാര്യമായ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. അതിനെതിരെ അദ്ദേഹം ശബ്ദിച്ചു. പത്രങ്ങൾ അതേറ്റുപിടിച്ചു. അങ്ങനെ അവിടത്തെ അധികാരികൾ ഉണർന്നു. ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ ഗാന്ധി ഉയിർത്തെഴുന്നേറ്റു.

ബാലൻ-സരോജിനി ദമ്പതികൾക്ക് മൂന്ന് മക്കൾ ജനിച്ചു-മുരളി, സലീമ, പ്രതാപൻ തായാട്ട്.ബാലേട്ടന്റെ കർമ്മപഥങ്ങൾ പ്രതാപൻ തായാട്ടിന്റെ ‘അച്ഛനനുഭവം’ എന്ന പുസ്തകത്തിൽ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.

അധികാരമോ പ്രതിഫലമോ ആഗ്രഹിക്കാതെ സംഭവബഹുലമായ ഒരു കാലഘട്ടത്തിൽ പതറാതെ നെഞ്ചുവിരിച്ചു നടന്ന ബാലൻ ഇപ്പോൾ വിശ്രമത്തിലാണ്. ലോകത്തിന്റെ ഗതിവിഗതികൾ നോക്കി ഇപ്പോഴും പുഞ്ചിരിക്കുന്ന അദ്ദേഹത്തോട് ഞാൻ ചോദിച്ചു.

ബാലേട്ടാ… ങ്ങ്‌ളെ ആരോഗ്യത്തിന്റെ രഹസ്യമെന്ത്? ‘
‘മഹാത്മജി.. മഹാത്മജി മാത്രം.’
എന്നായിരുന്നു ബാലേട്ടന്റെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles