കൊച്ചി : തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കാണിച്ച്്് എ.ഐ.വൈ. എഫ് നേതാവ് എ.എസ്. ബിനോയ് നൽകിയ ഹരജിയിൽ മൂന്നാഴ്ചക്കകം മറുപടി നൽകാൻ സുരേഷ് ഗോപിക്ക് കോടതിയുടെ നിർദ്ദേശം നല്കി.
ശ്രീരാമന്റെ പേരിൽ മതവികാരം ചൂഷണം ചെയ്യുംവിധം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കാണിച്ചാണ് ഹർജി. ബിജെപി, എൻഡിഎ നേതാക്കൾ വോട്ടർമാരെ സ്വാധീനിക്കുന്നതിന് പെരുമാറ്റച്ചട്ടം ലംഘിച്ചു.
മാർച്ച് 30ന് ഇരിങ്ങാലക്കുട റാണ പൂതംകുളം മൈതാനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ ശ്രീരാമന്റെ പേരുപറഞ്ഞ് വോട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചുവെന്നും ബിനോയ് നൽകിയ ഹരജിയിൽ പറയുന്നു.
സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ബിനോയ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.