നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്നാട് ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി
ചെന്നൈ: നിയമസഭാ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍. എന്‍. രവിയുടെ നടപടി ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു.
് സുപ്രീം കോടതി. ജസ്റ്റിസ് ജെ. ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
തമിഴ്നാട്ടിലെ സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ നിലപാടിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായകമായ വിധി. 12 ബില്ലുകള്‍, 2020 ജനുവരി മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഗവര്‍ണറുടെ സമ്മതത്തിനായി സംസ്ഥാന നിയമസഭ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഗവര്‍ണര്‍ അവ പാസാക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇതില്‍ ഗവര്‍ണര്‍ രണ്ട് ബില്ലുകള്‍ രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുകയും ശേഷിക്കുന്ന 10 ബില്ലുകള്‍ പാസാക്കുന്നത് തടയുകയും ചെയ്തു.
ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനത്തില്‍ 10 ബില്ലുകള്‍ വീണ്ടും പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിനായി വീണ്ടും അയയ്ക്കുകയും ചെയ്തു. ഗവര്‍ണര്‍ ഈ 10 ബില്ലുകളും രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി റഫര്‍ ചെയ്തു. തുടര്‍ന്ന് രാഷ്ട്രപതി ഒരു ബില്ലിന് അംഗീകാരം നല്‍കി. ഏഴ് ബില്ലുകള്‍ നിരസിക്കുകയും ചെയ്തു.
രാഷ്ട്രപതിയുടെ അധികാരമില്ല ഗവര്‍ണര്‍ക്കുള്ളതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്ട്രപതിക്കുള്ള വീറ്റോ അധികാരം ഗവര്‍ണര്‍ക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി ചൂണ്ടികാണിച്ചു.
പ്രസ്തുത പത്ത് ബില്ലുകളിന്മേല്‍ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന ഏതൊരു നടപടികളും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണുള്ളത്. അംഗീകാരം നല്‍കാം, തടഞ്ഞുവെയ്ക്കാം, അല്ലെങ്കില്‍ രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്ന് ചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ല. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനുമാവില്ല. ഭരണഘടനാ അനുസൃതമായി മാത്രമേ തീരുമാനമെടുക്കാനാകുകയുള്ളു എന്നും സുപ്രീം കോടതി പറഞ്ഞു.
ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ വീറ്റോ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 200 പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോടതി വിധിച്ചു.
‘ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന ഭരണഘടനാ അധികാരികള്‍ ഭരണഘടനയുടെ മൂല്യങ്ങളാലായിരിക്കണം നയിക്കപ്പെടേണ്ടത്. ഇന്ത്യയിലെ ജനങ്ങള്‍ വളരെയധികം വിലമതിക്കുന്ന ഈ മൂല്യങ്ങള്‍ നമ്മുടെ പൂര്‍വ്വികരുടെ വര്‍ഷങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമാണ്. തീരുമാനങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍, അധികാരികള്‍ ക്ഷണികമായ രാഷ്ട്രീയ പ്രേരണകള്‍ക്ക് വഴങ്ങരുത്. മറിച്ച് ഭരണഘടനക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം. അവര്‍ ഉള്ളിലേക്ക് നോക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ നീതിന്യായ വ്യവസ്ഥക്കും ഭരണഘടനക്കും അനുസൃതമായാണോ ഉള്ളതെന്ന് നിരീക്ഷിക്കണം. അവര്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെ ആദര്‍ശങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നുണ്ടോ എന്നും ചിന്തിക്കുകയും വേണം,’ കോടതി പറഞ്ഞു.
ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി വിധിച്ചു.
ഒരു ഭരണഘടന എത്ര നല്ലതാണെങ്കിലും, അത് നടപ്പിലാക്കുന്നവര്‍ നല്ലവരല്ലെങ്കില്‍, അത് മോശമാണെന്ന് തെളിയുമെന്ന ബി.ആര്‍. അംബേദ്ക്കറുടെ വാക്കുകളും ജസ്റ്റിസ് പര്‍ദിവാല ഉദ്ധരിച്ചു. പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണമാരുടെ നിയമ വിരുദ്ധമായ ഇടപെടലുകളും അധികാര ദുര്‍വിനിയോഗവും തടയുന്നതാണ് സുപ്രിംകോടതി വിധി. കേരളത്തിന്റെയും സമാനമായ കേസുകള്‍ സുപ്രിം കോടതിയില്‍ നിലവിലുണ്ട്.