റിയാദ്: മൂവാറ്റുപുഴ കാലാമ്പൂർ സ്വദേശി സൗദിയിലെ റിയാദിലെ ഷുമൈസിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാലാമ്പൂർ പറമ്പഞ്ചേരിയിൽ എലഞ്ഞായിൽ അലിയാർ മകൻ ഷമീർ ( 47 ) നെയാണ് തിങ്കളാഴ്ച കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് ഷമീറിനെ കാണാതായതെന്നാണ് വിവരം. വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. സംഭവത്തിന്റെ പിന്നിൽ മോഷണംതന്നെയാണോ, അതല്ല, മറ്റെന്തെങ്കിലും കാരണമാണോയെന്ന് വ്യക്തമല്ല. പോലീസ്
കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച തന്റെ സ്ഥാപനത്തിൽ ജോലികഴിഞ്ഞ് മടങ്ങിയ ഷമീർ അലിയാരിനെ കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. ഒരു മാസംമുമ്പ് ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിന് നാട്ടിൽ എത്തിയിരുന്നു.
മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ ഷുമൈസി ആശുപത്രിയിൽ നഴ്‌സാണ്. മൂന്ന് മക്കളുണ്ട്. കെ.എം.സി.സി എറണാകുളം എക്്‌സിക്യൂട്ടീവ് അംഗമാണ്.