ജനുവരി 31, ഫെബ്രുവരി 01, 02, 03 തീയതികളിൽ
മുവാറ്റുപുഴ: സിറോമലബാർ സഭയിലെ കോതമംഗലം രൂപതയുടെ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള പെരിങ്ങഴ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യാനോസിന്റെയും ചരിത്ര പ്രസിദ്ധമായ തിരുനാൾ ജനുവരി 31, ഫെബ്രുവരി 01, 02, 03 തീയതികളിൽ ആഘോഷിക്കും.
ജനുവരി 31ന് വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പൊതുവണക്കത്തിനായി ദേവാലയാങ്കണത്തിലേക്ക് ഇറക്കിവയ്ക്കും.
ഫെബ്രുവരി 03ന് രാവിലെ ഇടവകയിൽ നിന്നും മരണമടഞ്ഞവരെ അനുസ്മരിച്ചുകൊണ്ടുള്ള വി. കുർബാനയ്ക്ക് ശേഷമുള്ള സിമിത്തേരി സന്ദർശനത്തോടെ തിരുനാൾ ചടങ്ങുകൾ സമാപിക്കും. തിരുനാളിന് ഒരുക്കമായുള്ള നൊവേന ജനുവരി 23(വ്യാഴാഴ്ച്ച) മുതൽ ആരംഭിച്ചു.
തിരുനാൾ ദിവസങ്ങളിൽ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
AD 1864ലാണ് പെരിങ്ങഴ പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സ്ഥാപിതമായത്.
വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയാണ് പെരിങ്ങഴ. 2020ൽ തിരുസഭ വിശുദ്ധ യൗസേപ്പിതാവിൻറെ വർഷമായി ആചരിച്ചതിനോടനുബന്ധിച്ച് രൂപതയുടെ തീർത്ഥടനകേന്ദ്രമായി പെരിങ്ങഴ ഉയർത്തപ്പെട്ടു. പെരിങ്ങഴയിലെ ഈ തീർത്ഥാടന ദൈവാലയത്തോട് ചേർന്നാണ് യൗസേപ്പിതാവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പിതാപാത അതിന്റെ പൂർണതയിൽ സ്ഥാപിതമായിരിക്കുന്നത്.
മുവാറ്റുപുഴയിൽ നിന്നും 4 കിലോമീറ്റർ ദൂരെ, തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് പെരിങ്ങഴ പള്ളി സ്ഥിതി ചെയ്യുന്നത്.
പെരിങ്ങഴ ഇടവക ഒറ്റനോട്ടത്തിൽ
പാരിഷ്: പെരിങ്ങഴ
ഫൊറോന: ആരക്കുഴ
രൂപത: കോതമംഗലം
മധ്യസ്ഥൻ: സെന്റ്. ജോസഫ്
ഇടവക സ്ഥാപനം: AD 1864
ബ. മാർസെല്ലിനോസ് മൂപ്പനച്ചനും ബ. കാന്തിദൂസച്ചനും ചേർന്ന് മടത്തുംചാലിൽ എളച്ചി വക പുരയിടത്തിൽ പെരിങ്ങഴ പള്ളിക്ക് തറക്കല്ലിട്ടു.
വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള സിറോ മലബാർ സഭയിലെ ആദ്യത്തെ അഞ്ച് പ്രധാന ഇടവകകളിലൊന്നാണ് പെരിങ്ങഴ.
വിശുദ്ധന്റെ നാമത്തിൽ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയും പെരിങ്ങഴയാണ്.
മാർത്തോമാ നസ്രാണികൾക്ക് വേണ്ടി വികാരിയത്തുകൾ സ്ഥാപിതമാകുന്നതിന് മുമ്പ് തന്നെ രൂപീകൃതമായ ഇടവകയാണ് പെരിങ്ങഴ
2006 മെയ് 01ന് മാർ ജോർജ് പുന്നക്കോട്ടിൽ പുതിക്കിപണിത ദൈവാലയത്തിന്റെ കൂദാശ കർമ്മം നിർവഹിച്ചു. പുതിയ വൈദികമന്ദിരവും അന്നേദിവസം തന്നെ ആശിർവദിക്കപ്പെട്ടു.
മാർ യൗസേപ്പിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും അടിസ്ഥാനമാക്കിയുള്ള പിതാപാത അതിന്റെ പൂർണതയിൽ ആദ്യമായി സ്ഥാപിതമായിരിക്കുന്നത് പെരിങ്ങഴയിലാണ്.
പുരാതന ഇടവക എന്ന നിലയിൽ നിരവധി സമീപ ഇടവകകളുടെ മാതൃഇടവക കൂടിയാണ് പെരിങ്ങഴ
2021ൽ, പെരിങ്ങഴ ഇടവകയെ കോതമംഗലം രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു
കളരിപ്പയറ്റിലും മറ്റ് ആയോധനകലകളിലും പ്രഗത്ഭരായിരുന്ന ചരിത്രത്തിലെ പ്രസിദ്ധ ക്രൈസ്തവ കുടുംബമായ ‘വള്ളിക്കട പണിക്കർ’ കുടുംബം പെരിങ്ങഴയോട് ചേർന്നുള്ള വള്ളിക്കട പ്രദേശത്താണ് വസിച്ചിരുന്നത്.
വൈക്കം സത്യാഗ്രഹിയായും തിരുവിതാംകൂർ നിയമസഭാംഗമായും ശോഭിച്ച പ്രസിദ്ധ കത്തോലിക്കാ പുരോഹിതൻ ഫാ. സിറിയക് (കുര്യാക്കോസ്) വെട്ടിക്കാപ്പള്ളി 1927-1931 കാലഘട്ടത്തിൽ പെരിങ്ങഴ പള്ളിയിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്.
സിറോ-മലബാർ സഭയിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും പൗരസ്ത്യ കാനൻ നിയമ വിദഗ്ധനുമായിരുന്ന റവ. ഡോ. ജോർജ് നെടുങ്ങാട്ട് എസ്‌ജെ ജനിച്ചത് പെരിങ്ങഴയിലാണ്. അദ്ദേഹം മാമ്മോദീസ മുങ്ങിയത് പെരിങ്ങഴ പളളിയിലും നാലാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് പെരിങ്ങഴ സ്‌കൂളിലും ആയിരുന്നു.
പള്ളിയങ്കണത്തിലുള്ള വി. യൗസേപ്പിതാവിന്റെ അതിപുരാതനമായ തിരുസ്വരൂപം അനേകായിരങ്ങൾക്ക് അനുഗ്രഹവും ആശ്വാസവുമായി വിശ്വസിക്കുന്നു..