റിയാദ്: അക്കൗണ്ടിങ്, എൻജിനീയറിങ് മേഖലകളടക്കമുള്ള 269 തൊഴിൽ വിഭാഗങ്ങളിൽ സൗദിവത്ക്കരണം നടപ്പാക്കാൻ സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. ഇതിന് വാണിജ്യ, മുനിസിപ്പൽ, പാർപ്പിട, ആരോഗ്യ മന്ത്രാലയങ്ങളുമായി സഹകരിച്ച് വിവിധ ഘട്ടങ്ങളിൽ നടപടികൾ സ്വീകരിക്കും.
അക്കൗണ്ടിങ് മേഖലയിൽ സൗദിവൽക്കരണം
വാണിജ്യ മന്ത്രാലയവുമായി ചേർന്ന് അക്കൗണ്ടിങ് മേഖലയിലെ സൗദിവൽക്കരണം അഞ്ചു ഘട്ടങ്ങളായി നടപ്പാക്കും. ആദ്യ ഘട്ടം ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വരും.
- അക്കൗണ്ടിങ് മേഖലയിലെ 40% സൗദിവൽക്കരണം ആദ്യ ഘട്ടത്തിൽ നടപ്പാക്കും.
- അഞ്ചാം ഘട്ടത്തിൽ ഇത് 70 ശതമാനം ആയിരിക്കും.
- അഞ്ചും അതിൽ കൂടുതലും ജീവനക്കാർ ഉള്ള സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
എൻജിനീയറിങ് സാങ്കേതിക മേഖല
മുനിസിപ്പൽ, പാർപ്പിട മന്ത്രാലയങ്ങൾ ചേർന്ന് എൻജിനീയറിങ് സാങ്കേതിക തൊഴിലുകളിൽ സൗദിവൽക്കരണം ജൂലൈ 23 മുതൽ 30% ആയി ഉയർത്തും.
- അഞ്ചും അതിൽ കൂടുതലും ജീവനക്കാർ ഉള്ള എൻജിനീയറിങ് സാങ്കേതിക സ്ഥാപനങ്ങൾക്കും ഈ മാനദണ്ഡം ബാധകമാണ്.
ഫാർമസി മേഖല
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഫാർമസി മേഖലയിൽ സൗദിവൽക്കരണം ജൂലൈ 23 മുതൽ വർധിപ്പിക്കും.
- കമ്മ്യൂണിറ്റി ഫാർമസികൾ: 35% സൗദിവൽക്കരണം.
- മെഡിക്കൽ കോംപ്ലക്‌സുകൾ: 65% സൗദിവൽക്കരണം.
- മറ്റു ഫാർമസികൾ: 55% സൗദിവൽക്കരണം.
- അഞ്ചും അതിൽ കൂടുതലും ഫാർമസിസ്റ്റുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നിർദേശങ്ങൾ ബാധകമാണ്.
ഡെന്റൽ മെഡിസിൻ മേഖല
ഡെന്റൽ മെഡിസിൻ മേഖലയിലെ സൗദിവൽക്കരണം രണ്ട് ഘട്ടങ്ങളായി നടപ്പാക്കും.
- ജൂലൈ 23 മുതൽ: 45% സൗദിവൽക്കരണം.
- പന്ത്രണ്ടു മാസങ്ങൾക്ക് ശേഷം: 55% സൗദിവൽക്കരണം.
ഈ പുതിയ തീരുമാനങ്ങൾ സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും എന്നതാണ് സർക്കാർ പ്രതീക്ഷ.