Sunday, January 26, 2025

Top 5 This Week

Related Posts

സൗദി അറേബ്യ നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ പുതിയ ദേശീയ നയം അവതരിപ്പിച്ചു

റിയാദ്: നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ നയം അവതരിപ്പിച്ച് സൗദി അറേബ്യ. രാജ്യത്ത് എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.

മാനവ വിഭവശേഷി–സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ ദേശീയ നയം പ്രഖ്യാപിച്ചത്. പുതിയ ചരിത്ര പ്രഖ്യാപനത്തോടെ നിർബന്ധിത തൊഴിൽ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര ദേശീയ നയം അവതരിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യം, ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്‍റെ (ഐഎൽഒ) നിർബന്ധിത തൊഴിൽ കൺവൻഷന്‍റെ 2014 ലെ പ്രോട്ടോക്കോൾ അംഗീകരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ആദ്യ രാജ്യം എന്നീ നേട്ടങ്ങളാണ് സൗദിയ്ക്ക് സ്വന്തമായത്.

സൗദിയുടെ സുപ്രധാന നാഴികകല്ലുകളിലൊന്നായി പുതിയ നയം മാറുമെന്ന് വർക്ക് എൺവയൺമെന്റിലെ കൺട്രോൾ ആൻഡ് ഡവലപ്മെന്റ് ഡപ്യൂട്ടി മന്ത്രി സത്താം അൽഹർബി പറഞ്ഞു. രാജ്യത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എല്ലാവർക്കും സുരക്ഷിത സാഹചര്യം സൃഷ്ടിക്കുകയെന്ന കൂട്ടായ ഉത്തരവാദിത്തമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ളതാണ് സമഗ്ര നയം. ഐഎൽഒ, രാജ്യാന്തര സംഘടനകൾ എന്നിവയെല്ലാമായി സഹകരിച്ചാണ് സൗദിയുടെ പ്രവർത്തനം. 2034 ഫിഫ ലോകകപ്പിന്‍റെ ആതിഥേയരാകാൻ തയാറെടുക്കുന്ന സൗദി രാജ്യത്തിന്‍റെ തൊഴിൽ മേഖലയിൽ ഉൾപ്പെടെ സമഗ്ര മാറ്റങ്ങൾക്കുള്ള പരിശ്രമത്തിലാണെന്നതിന്‍റെ സൂചനയാണ് പുതിയ ദേശീയ നയം.

പുതിയ നയത്തിന്‍റെ സമീപനം, ലക്ഷ്യങ്ങൾ ദേശീയ, ആഗോള തലത്തിൽ നിർബന്ധിത തൊഴിലിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് സൗദിയുടെ മുന്നേറ്റം. പലതരം സമീപനങ്ങൾ, പ്രതിരോധത്തിൽ ശ്രദ്ധകേന്ദ്രീകരിക്കൽ, ഇരകളുടെ സംരക്ഷണം, ദേശീയ–മേഖലാ–രാജ്യാന്തര തലത്തിലുള്ള ശക്തമായ സഹകരണം എന്നിവയാണ് പുതിയ നയത്തിലുള്ളത്.

നിർബന്ധിത തൊഴിലിന്‍റെ ഇരകളാകുന്നവർക്ക് കാര്യക്ഷമമായ പിന്തുണ ഉറപ്പാക്കി കൊണ്ട് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നയം ലക്ഷ്യമിടുന്നു. ഇരകളെ കേന്ദ്രീകരിച്ചുള്ള സംരഭങ്ങൾ, ഇരകളുടെ പുനരധിവാസത്തിനും വീണ്ടും ഇരകളാകുന്നത് പ്രതിരോധിക്കാനുമുള്ള നിയമ–സാമൂഹിക–സാമ്പത്തിക സഹായവും ഉറപ്പാക്കുന്നുണ്ട്. നിർബന്ധിത തൊഴിലിന്‍റെ ഇരകളാകുന്നവരെ സംരക്ഷിക്കാനും ശാക്തീകരിക്കാനും അനുയോജ്യമായ നീതി, പരിചരണ സംവിധാനത്തിന്‍റെ ലഭ്യതയും നടപടികളിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles