ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡൽഹിയിലെ വോട്ടന്മാരോട് വീഡിയോ സന്ദേശത്തിലാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.
ഡൽഹിയിലെ ഏഴു സീറ്റുകളിലും ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും സോണിയ വോട്ടർമാരോട് അഭ്യർഥിച്ചു. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 25നാണ് ഡൽഹി ജനവിധി തേടുന്നത്.
ഇൻഡ്യ സഖ്യത്തിനു നൽകുന്ന ഓരോ വോട്ടും രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും തൊഴിൽ സൃഷ്ടിക്കും പണപ്പെരുപ്പം കുറക്കുമെന്നും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുമെന്നും പാർട്ടി മുൻ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി പറഞ്ഞു.
”വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. ജനാധിപത്യത്തെയും രാജ്യത്തിന്റെ ഭരണഘടനയെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പ്. ഈ പോരാട്ടത്തിൽ നിങ്ങൾ നിങ്ങളുടെ പങ്കു വഹിക്കണം. ഇൻഡ്യ സഖ്യത്തിനുളള നിങ്ങളുടെ ഓരോ വോട്ടും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും, പണപ്പെരുപ്പം കുറക്കും. സ്ത്രീ ശാക്തീകരണം ഉറപ്പാക്കും. കൂടുതൽ സാമൂഹിക സമത്വമുള്ള രാജ്യത്തെ സൃഷ്ടിക്കുകയും ചെയ്യും” സോണിയ ഗാന്ധി പറഞ്ഞു,
ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കു്ന്ന ഏഴ് സീറ്റിലും ഇന്ത്യ മുന്നണി വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. ഇവിടെ മൂ്ന്ന് സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.