ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടം തുടരും,
സംഘപരിവാറിന്റെ ഗുണ്ടാ ആക്രമണത്തിന് എന്നെ നിശബ്ദനാക്കാനാകില്ല… 2017 ൽ ഡൽഹി എ.കെ.ജി സെന്ററിൽ കടന്നുകയറി ഹിന്ദുസേന പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ സീതാറാം യെച്ചൂരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

2019 ൽ കാശ്മിർ വിഭജിച്ചു. പ്രത്യേക ഭരണഘടനാവകാശങ്ങൾ എടുത്തുകളഞ്ഞു. പട്ടാളത്തിന്റെ ഉരുക്കുമുഷ്ടിയിലാണ് ബിജെപി സർക്കാർ അവരുടെ അജണ്ട നടപ്പിലാക്കിയത്. പ്രതിപക്ഷ പാർട്ടി നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തു. മുൻ മുഖ്യമന്ത്രിമാർ അടക്കം ജയിലിലും, വീട്ടുതടങ്കലിലുമായി. രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു വിവരവുമില്ല. ഇക്കൂട്ടത്തിൽ മുൻ എംഎൽഎയും, സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ യൂസഫ് തരിഗാമിയും ഉണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കൾക്ക് കാശ്മീരിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. എന്നാൽ ഈ സമയം സീതാറാം യെച്ചൂരി വെറുതെയിരുന്നില്ല. അദ്ദേഹം സുപ്രിം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നല്കി. ഹർജിയിൽ തരിഗാമിയെ സന്ദർശിക്കുന്നതിന് സുപ്രിം കോടതി ഉത്തരവിട്ടു. പട്ടാള സംരക്ഷണത്തിൽ തരിഗാമിയെ യെച്ചൂരി സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. ആരോഗ്യപ്രശ്‌നം നേരിട്ടിരുന്ന തരിഗാമിയെ സുപ്രിം കോടതി ഉത്തരവിൽ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതും തുടർന്ന് സ്വതന്ത്രമാക്കിയതും യെച്ചൂരിയുടെ തക്കസമയത്തുള്ള ഇടപെടലിന്റെ വിജയമായിരുന്നു.

2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അലയടിച്ച പ്രക്ഷോഭവും, ഡൽഹി കലാപവും. രാജ്യത്ത് വർഗീയതക്കും, ഫാഷിസത്തിനുമെതിരെ പോരാട്ടത്തിൽ മുൻനിരയിലുളള യച്ചൂരിയെ ജയിലിൽ അടക്കാനുളള സംഘ്പരിവാർ പദ്ധതിയായിരുന്നു ഡൽഹി കലാപത്തിൽ ഗൂഡാലോചനകുറ്റം ചുമത്തിയത്.
പൗരത്വ സമരത്തിന്റെ പോരാളികളായ പിഞ്ച്‌റ തോഡ് നേതാക്കളായ ദേവാംഗന കലിത, നടാഷ നർവൽ, ഗുൽഫിഷ ഫാത്തിമ എന്നിവരെ പ്രതികളാക്കി ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് യെച്ചൂരിയെയും ഉൾപ്പെടുത്തിയത്. പക്ഷേ, ഒരു തരം ഭീഷണിക്കും കീഴടങ്ങാതെ വളർന്ന ഉജ്ജ്വല പോരാളിയായതുകൊണ്ടാണ് സർവ്വേശ്വര സോമയാജുല യെച്ചൂരി ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട സഖാവ് യെച്ചൂരി ആയി ഉയർന്നത്.

ജെഎൻയു ചാൻസലർ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയപ്പോൾ
1974ൽ ബിരിദാനന്തര പഠനത്തിന് ജെഎൻയുവിൽ ചേരുന്നു. 1975 ൽ അടിയന്തരാവസ്ഥ നടപ്പിലായി.സർവാധിപതിയായ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി ജെഎൻയുവിൽ പ്രസംഗിക്കുന്നതിനെത്തിയപ്പോൾ വിദ്യാർഥി പ്രതിഷേധത്തിന്റെ മുൻനിരയിൽ സീതാറാം യെച്ചൂരി ഉണ്ടായിരുന്നു. പിന്നീട് അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധത്തിൽ അറസ്റ്റിലായി. 1977 ൽ ഇന്ദിരാഗാന്ധി തോറ്റു. അന്ന് ഇന്ദിരാഗാന്ധി ജെഎൻയു ചാൻസലറായിരുന്നു. ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് യെച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക്് മാർച്ച് നടത്തി.. വിദ്യാർഥികളുടെ ആവശ്യം അറിയുന്നതിന് ഇന്ദിരാഗാന്ധി പുറത്തേക്ക് ഇറങ്ങിവന്നു. ഈ സമയം ചാൻസലർ സ്ഥാനം ഒഴിവാകണമന്ന് ആവശ്യപ്പെട്ട തയ്യാറാക്കിയ കുറിപ്പ് യച്ചൂരി വായിച്ചു. യച്ചൂരിയുടെ വായന സശ്രദ്ദം കേൾക്കുന്ന ഇന്ദിരാഗാന്ധിയും അവർ പിറ്റേന്ന് രാജിവച്ച സംഭവം യച്ചൂരിയുടെ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിരുന്നു.
അന്നും ഇന്നും ജെഎൻയു ഇടതുപക്ഷത്തിന്റെ ശ്ക്തി കേന്ദ്രമാണ്. ജനാധിപത്യത്തിനും മനുഷ്യാവകാശ പോരാട്ടങ്ങളുടെ കേന്ദ്രമാണ്. ഭരണകൂടങ്ങളുടെ ഏകാധിപത്യത്തിനെതിരെയുളള ശബ്ദം ഇവിടെനിന്നാണ് ആദ്യം ഉയരുക. ജെഎൻഎയുവിനെ ഈ രീതിയിലേക്ക് മാറ്റിയതിൽ മുഖ്യപങ്ക് വഹിച്ചത് സീതാറാം യെച്ചൂരിയാണെന്ന് സ്മരിക്കേണ്ടതാണ്. മൂന്നുതവണ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു.

സമകാലിക ദേശീയ രാഷ്ട്രീയ ചരിത്രത്തിലും യെച്ചൂരി ഒരുപാട് മാതൃകകൾ സമ്മാനിച്ചാണ് കടന്നുപോയത്. വിശാഖപട്ടണത്ത് 2015ൽ നടന്ന 21-ാം പാർടി കോൺഗ്രസിലാണ് യെച്ചൂരി ജനറൽ സെക്രട്ടറിയായത്. തുടർന്ന് രണ്ട് തവണയും സെക്രട്ടറി പദവിയിൽ യെച്ചൂരിതന്നെയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 2014 ലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽവന്നത്. ഇക്കാലത്ത്് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രധാന നേതാവ് എന്ന നിലയിൽ മതേതര പാർട്ടികളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിൽ, പരമാവധി കക്ഷികളെ ഒന്നിപ്പിച്ചുനിർത്തുന്നതിൽ ഒരു പാലമായി നിലകൊണ്ട നേതാവാണ് യച്ചൂരി. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഇതര നേതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി, ഇന്ത്യ സഖ്യം സഫലമാക്കുന്നതിൽ സീതാറാം യെച്ചൂരിക്ക് അകത്തളങ്ങളിൽ കാര്യമായ സ്വാധീനം ഉണ്ടായിരുന്നു. 2024 ലെ പാർലമെന്റ തിരഞ്ഞെടുപ്പിൽ ഇന്ത്യയെ ഏറെ പ്രതീക്ഷകൾ നല്കിയ വിജയത്തിന്റെ പടിവാതിൽക്കൽ എത്തിച്ചാണ് യച്ചൂരി ഓർമയാകുന്നത്.
ബിജെപിക്കും, കോൺഗ്രസിനുമെതിരെ ഒരു മൂന്നാം ബദൽ എ്ന്നതായിരുന്നു ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ലക്ഷ്യം. പക്ഷേ, ലക്ഷ്യം വിജയിച്ചില്ല. വി.പി.സിങ്, ദേവഗൗഡ, ഗുജ്‌റാൾ സർക്കാരുകൾ പരീക്ഷണം പരാജയപ്പെട്ടു. ബിജെപി ശ്കതിപ്പെടുകയും ബിജെപി ഇതര ബദൽ കോൺഗ്രസ് ഇല്ലാതെ മുന്നോട്ടുപോകില്ലെന്ന പ്രായോഗിക രാഷ്ട്രീയമാണ് ഉരുത്തിരിഞ്ഞത്. ഇതിൽ ഹർകിഷൻസിങ് സുർജിതിനോടൊപ്പം ഒരു കണ്ണിയായി സീതാറാം യച്ചൂരി പിന്നിലുണ്ടായിരുന്നു.
2004-ൽ ബി.ജെ.പി.യെ ഒന്നാം യു.പി.എ. സർക്കാരിന്റെ ശില്പിയായി സുർജിത് മാറിയപ്പോൾ യെച്ചൂരി യു.പി.എ ഇടതുപക്ഷ ഏകോപന സമിതി അംഗമായിരുന്നു. ‘മാർക്‌സിസം ഒരു സർഗ്ഗാത്മക ശാസ്ത്രമാണ്. അതൊരു ഫോർമുലയോ പിടിവാശിയോ അല്ല,’ എന്നാണ് ഒരു അഭിമുഖത്തിൽ യച്ചൂരി പറഞ്ഞത്.

യച്ചൂരി പാർട്ടി സെക്രട്ടറിയായതോടെ 2016 ൽ ബംഗാളിൽ കോൺഗ്രസ്- ഇടതുപക്ഷം സഖ്യംതന്നെ നിലവിൽവന്നു. ഒടുവിൽ കേരളം ഒഴിച്ചുള്ള എല്ലാ സംസഥാനങ്ങളിലും സിപിഎം കോൺഗ്രസ് മുന്നണിയിൽ മത്സരിക്കുന്ന സാഹര്യം സൃഷ്ടിക്കപ്പെട്ടു. ഈ പ്രായോഗിക രാഷ്ട്ീയമാണ സിപിഎമ്മിനെ സമ്പൂർണ തകർച്ചയിൽനിന്നു രക്ഷപ്പെടുത്തിയത്. മറ്റൊരു രീതിയിൽ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പിലെ ജയ- പരാജയങ്ങൾക്ക് അപ്പുറത്ത് സംഘ്പരിവാർ വിരുദ്ധ ആശയപ്പോരാട്ടത്തിൽ അതിശക്തമായ സ്വാധീനമായിരുന്നു സൈദ്ധാന്തികനും ഇടതുപക്ഷ, പുരോഗമന, മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ നായകനുമായ യച്ചൂരി ചെലുത്തിയത്. പ്രാസംഗികൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്,ബംഗാളി, ഉറുദു,
ഭാഷകളിൽ പ്രാവിണ്യം നേടിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹം ഇന്ത്യയിലെ കോടികണക്കായ ജനങ്ങളുമായി സംവദിച്ചു. മാധ്യമങ്ങളിൽ നിരന്തരം എഴുതി.
വാട്ട് ഈസ് ദിസ് ഹിന്ദുരാഷ്ട്ര, സ്യൂഡോ ഹിന്ദുയിസം എക്സ്പോസ്ഡ്, കാസ്റ്റ് ആൻഡ് ക്ലാസ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ് ടുഡെ, സോഷ്യലിസം ഇൻ ട്വന്റിഫസ്റ്റ് സെഞ്ച്വറി, സോഷ്യലിസം ഇൻ എ ചെയ്ഞ്ചിങ് വേൾഡ്, സെക്യുലറി സം വേഴ്സസ് കമ്യൂണലിസം, ന്യൂ സർജ് ഓഫ് കമ്യൂണലിസം, പുസതകങ്ങൾ രചിച്ചു.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയംഗം, സെക്രട്ടറിയറ്റംഗം,
പൊളിററ് ബ്യൂറോ അംഗം, ഒടുവിൽ മൂന്നുതവണ പാർട്ടി സെക്രട്ടറി – സിപിഎമ്മിന്റെ
അര നൂറ്റാണ്ടുകാലത്തെ നേതാവിനെയാണ് നഷ്ടപ്പെട്ടത്. പി സുന്ദരയ്യ, ഇ.എം.എസ്, ബി.ടി.ആർ, ഹർകിഷൻ സിങ് സുർജിത്, ബസവ പുന്നയ്യ, ജ്യോതിബസു,– മൺമറഞ്ഞ ഈ നേതാക്കളുടെ പട്ടികയിലേക്ക് സീതാറാം യെച്ചൂരിയും ചേരുന്നു. ആഗോള തലത്തിൽ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഇന്ത്യൻ നേതാവും സീതാറാം യെച്ചൂരിയായിരുന്നു. യച്ചൂരിയുടെ വിയോഗം ഇടതുപക്ഷത്തിനുമാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ മതേതര വിശ്വാസികൾക്കും കടുത്ത ആഘാതവും നഷ്ടവുമാണ്.