Wednesday, December 25, 2024

Top 5 This Week

Related Posts

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിര്യാതനായി

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറിയും ഇടതുപക്ഷത്തിന്റെ സമുന്നത നേതാവുമായി സീതാറാം യെച്ചൂരി നിര്യാതനായി. 72 വയസായിരുന്നു. ശ്വാസകോശത്തിൽ അണുബാധയെ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം.

.1974ലാണ് എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തുവരുന്നത്. ജെഎൻയുവിൽ വിദ്യാർഥിയായിരിക്കെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായി. ജയിൽമോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. മൂന്നു തവണ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ദിരാഗാന്ധിക്കെതിരെ നേരിട്ട് പ്രതികരിച്ചതിലൂടെ ആ ശബ്ദം രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടു. സമകാലിക ഇന്ത്യയിൽ ഫാസിഷസത്തിനും വർഗീയതക്കുമെതിരെ പോരാട്ടത്തിന്റെ മുൻനിരയിൽ യച്ചൂരി
ശക്തനായ പോരാളിയായിരുന്നു.

1978ൽ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറിയായി. ഇതേവർഷം തന്നെ അഖിലേന്ത്യാ പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. 1985ലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.

2015ൽ സിപിഎം വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ടിൽനിന്ന് ദേശീയ ജനറൽ സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. 2018ൽ ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിൽ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022ൽ കണ്ണൂർ പാർട്ടി കോൺഗ്രസിൽ മൂന്നാംതവണയും പാർട്ടി നായകനായി.

2005ൽ പശ്ചിമ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി വാരികയുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
1952 ആഗസ്റ്റ് 12ന് ആന്ധ്ര സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിലാണു ജനനം. അച്ഛൻ ആന്ധ്രപ്രദേശ് റോഡ് ട്രാസ്‌പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ബിരുദവും ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി

മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിശ്തി ആണ് ഭാര്യ. യുകെയിൽ സെൻറ് ആൻഡ്ര്യൂസ് സർവകലാശാല അധ്യാപിക അഖില യെച്ചൂരി, മാധ്യമപ്രവർത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവർ മക്കളുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles