Thursday, December 26, 2024

Top 5 This Week

Related Posts

വെറുപ്പിന്റെ അങ്ങാടിയിൽ കോൺഗ്രസ് നേതാക്കൾ കച്ചവടക്കാരാകുന്നു ; മൂവാറ്റുപുഴ അഷറഫ് മൗലവി

വംശീയതയും വർഗീയതയും വരുമാനമായി കണ്ട് കേരളത്തിലെ സൗഹാർദാന്തരീക്ഷം തകർക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെയും അതിന്റെ മുതലാളി ഷാജൻ സ്‌കറിയെയും പിന്തുണയ്ക്കുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകാരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഒക്കെ കാപട്യം തിരിച്ചറിയണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. മതനിരപേക്ഷതയും മതേതരത്വവും നിരന്തരമായി പറയുമ്പോഴും ‘മറുനാടൻ മലയാളി’യാൽ ഇരകളാക്കപ്പെടുന്ന സാമൂഹിക വിഭാഗം ഈ ദുഷ്ടലാക്ക് തിരിച്ചറിയുന്നുണ്ട് എന്ന ധാരണ ഇവർക്ക് ഉണ്ടാകേണ്ടതുണ്ട്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് വിഷയത്തിലെ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെയും മകളുടെയും വംശീയ നിലപാട് ഈ സന്ദർഭത്തിൽ ചേർത്തു വായിക്കേണ്ടതാണ്.

ഒരു മതനിരപേക്ഷ പൊതുസമൂഹമാണ് കേരളീയർ എന്ന് അഭിമാനം കൊള്ളുമ്പോഴും അന്യമത വിരോധത്തിൽ അധിഷ്ഠിതമായ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ കേരളത്തിൽ ഉണ്ട് എന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ് നേതാക്കന്മാരുടെ ഇത്തരം പിന്തുണകൾ.ആർ.എസ്.എസിന്റെ താല്പര്യ പ്രകാരം രൂപം കൊണ്ട കൃസംഘി പ്രത്യയശാസ്ത്രത്തിനു പ്രചാരണം കൊടുക്കുന്നതിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഓൺലൈൻ ചാനലാണ് ഷാജൻ സ്‌കറിയയുടേത്. കഥകൾ മെനഞ്ഞു മത-മതേതര വിശ്വാസികൾക്കിടയിൽ സംശയം സൃഷ്ടിച്ച് സംഘർഷം രൂപപ്പെടുത്തി രാഷ്ട്രീയമായി സംഘ പരിവാറിനെ വളർത്തുക എന്ന ഒളിയജണ്ടയാണ് ഇയാൾ വെച്ചു പുലർത്തുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരമൊരു സമീപനത്തെ പിന്തുണയ്ക്കുന്നത് മതനിരപേക്ഷ ബോധമുള്ള പൊതുപ്രവർത്തനത്തിനോ കേരളത്തിന്റെ പൊതുമണ്ഡലത്തിനോ നല്ലതല്ല.ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് പ്രത്യേകമായ ചില അജണ്ടകളുമായാണ് കൃസംഘികളുടെ ആശയ പ്രചാരണ തലവനായ സാജൻ സ്‌കറിയയുടെ പ്രയാണം. പരസ്പരം സഹകരിച്ചും വിശ്വാസം നിലനിർത്തിയും ഒരുമയോടെ മുന്നോട്ടുപോകുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിൽ സംശയം വളർത്തി പരസ്പരം അകറ്റി നിർത്തി രാഷ്ട്രീയമായി മുതലെടുക്കാമെന്ന ഇടതുപക്ഷത്തിന്റെയും സംഘപരിവാറിന്റെയും നിലപാടുകൾക്ക് ഒരുപിടി മുന്നിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനമെന്നാണ് ഇതിലൂടെ ബോധ്യം വരുന്നത്. ഒരു മത വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവും വ്യാവസായികവും രാഷ്ട്രീയപരവുമായ ഏതു വളർച്ചയെയും വക്രീകരിച്ച് പൊതുസമൂഹത്തെ തെറ്റിധരിപ്പിച്ച് അപരവൽകരണത്തിന് ആക്കം കൂട്ടാൻ മാത്രം പ്രവർത്തിക്കുന്ന മറുനാടന്റെ ഒരു പ്രവണതയേയും നാളിതുവരെ കെപിസിസി പ്രസിഡന്റ് വിമർശിച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്.
സാമ്പ്രദായിക രാഷ്ട്രീയ നേതൃത്വത്തിന്റെ ആശയ ശോഷണവും വർഗീയ മനസ്സുമാണ് രാജ്യത്ത് സംഘപരിവാറിനെ അധികാരത്തിലേക്കും പിന്നീട് ഏകാധിപത്യത്തിലേക്കും എത്തിച്ചത്. പരമതവിരോധത്തിലൂടെയും വംശീയ ബോധത്തിലൂടെയും സങ്കുചിത താല്പര്യത്തിലൂടെയും വളർത്തപ്പെട്ട ഒരു സമൂഹമാണ് പിന്നീട് ആർഎസ്എസിന്റെ വോട്ടുബാങ്ക് ആയി മാറിയത്.
കേരളത്തിലെ മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നം സൃഷ്ടിക്കുന്നതിന് വേണ്ടി കള്ള പ്രചാരണങ്ങൾ നടത്തുകയും വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടും ഇതെല്ലാം വസ്തുതാ വിരുദ്ധമാണ് എന്നറിയുന്ന രാഷ്ട്രീയ നേതൃത്വം പൊതുസമൂഹത്തോട് തുറന്നു പറയാതിരുന്ന ദുരനുഭവങ്ങളാണ് നാളിതുവരെയുള്ളത്. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനും അധികാരത്തിനും പരിഹാരമായി ഇത്തരം നിലപാടുകൾ സ്വീകരിച്ചാൽ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് കേരളം പോകുമെന്നും അഷറഫ് മൗലവി പ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles