Home LOCAL NEWS ERNAKULAM അങ്കമാലി – ശബരി റെയിൽ പദ്ധതി ഉടൻ നടപ്പാക്കണം : ഡീൻ കുര്യാക്കോസ് എംപി...

അങ്കമാലി – ശബരി റെയിൽ പദ്ധതി ഉടൻ നടപ്പാക്കണം : ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ

0
134
deenkuriakose

മൂവാറ്റുപുഴ: അങ്കമാലി – ശബരി റെയിൽ പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ രാഷ്ട്രീയ പ്രേരിതമായി പദ്ധതി അട്ടിമറിക്കാനുള്ള നടപടിയിലേക്കെന്നും എം.പി ആരോപിച്ചു.

ജനങ്ങൾ 26 വർഷമായി കാത്തിരിക്കുന്ന പദ്ധതിയാണിത്. ചെങ്ങന്നൂർ – പമ്പ റെയിൽ പദ്ധതി ഇതിന് പകരമായി ആരും നിർദേശിച്ചിട്ടില്ല. അത് പൂർത്തിയാക്കുന്നതിന് വിരോധമില്ല. എന്നാൽ അങ്കമാലി ശബരി പദ്ധതി പൂർത്തീകരിച്ചതിന് ശേഷമേ ഈ പദ്ധതിയിലേക്ക് കടക്കാവൂ. അങ്കമാലി ശബരി പദ്ധതി എരുമേലിയിൽ അവസാനിക്കുന്നുവെന്നും എന്നാൽ ചെങ്ങന്നൂർ പമ്പ പദ്ധതി ശബരിമലയുടെ തൊട്ടടുത്തു വരെ പോകുന്നുവെന്നുള്ള മന്ത്രിയുടെ മറുപടി ഒരിക്കലും സ്വീകാര്യമല്ല. നേരത്തെ അങ്കമാലി ശബരി പദ്ധതി പമ്പ വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വനംവകുപ്പിന്റെ എതിർപ്പുമൂലമാണ് എരുമേലി വരെയായി പുനർ നിശ്ചയിച്ചത്.
ഇപ്പോഴും വനംവകുപ്പിന്റെ അനുമതി ലഭിച്ചാൽ പദ്ധതി പമ്പ വരെ ദീർഘിപ്പിക്കുന്നതിന് തടസങ്ങളില്ല. കേരളത്തിലെ മൂന്നാമത്തെ റെയിൽവേ ലൈനായാണ് അങ്കമാലി – ശബരി പദ്ധതിയെ കാണുന്നത്. പുനലൂർ വഴി തമിഴ്നാട്ടിലേക്ക് പോകുന്നതിനുള്ള സൗകര്യമുണ്ട്. അതോടൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ഈ പദ്ധതി ബന്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും പിണറായി വിജയൻ സർക്കാരിന്റെ കാലത്തുമായി മൂന്ന് തവണ കേരള സർക്കാർ പദ്ധതിയുടെ 50 ശതമാനം ഏറ്റെടുക്കാമെന്ന് സന്നദ്ധത അറിയിച്ചിട്ടും കേന്ദ്ര സർക്കാർ അനുകൂലമായി പ്രതികരിക്കാത്തത് രാഷ്ട്രീയപ്രേരിതമാണ്. കേരളത്തിലെ 26 എംപിമാരും ഒറ്റക്കെട്ടായി പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നടപ്പാക്കാതിരിക്കുന്നതിൽ അമർഷവും ഖേദവും എം.പി. പ്രകടിപ്പിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here